തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറിന് കൂടുതല്‍ തലവേദനയായി സമുദായ സംഘടനകളുടെ നിലപാടും. പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത രംഗത്തുവന്നു. എല്‍ഡിഎഫിനെ ഘടകകക്ഷിയായ സിപിഐ എതിര്‍പ്പുമായി രംഗത്തുവരുമ്പോഴാണ് ഇപ്പോള്‍ വിഷയത്തില്‍ ഉടക്കുമായി സമസ്തയും എത്തിയത്. തിടുക്കത്തില്‍ പദ്ധതി നടപ്പാക്കാനുള്ള നീക്കം ആപല്‍ക്കരമാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

പദ്ധതി മതേതരത്വത്തിന് ഭീഷണിയാണ്. വിദ്യാഭ്യാസം കാവിവല്‍ക്കരിക്കപ്പെടുമെന്നും തമിഴ്നാട് മോഡല്‍ ബദല്‍ വിദ്യഭ്യാസ നയം രൂപീകരിക്കണമെന്നും ലേഖനത്തില്‍ പറയുന്നു. 'അത്ര ശ്രീയല്ല പിഎം ശ്രീ' എന്ന തലക്കെട്ടോടെയാണ് ലേഖനം. സിപിഐയുടെ എതിര്‍പ്പ് പോലും വകവെയ്ക്കാതെ പദ്ധതി തിടുക്കത്തില്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് ലേഖനത്തില്‍ പറയുന്നു. പദ്ധതിയെ സിപിഐയുടെ പോഷകസംഘടനകള്‍ എതിര്‍ത്തപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് ഡിവൈഎഫ്ഐ സ്വീകരിച്ചത്. മുന്‍പും പദ്ധതി നടപ്പിലാക്കാന്‍ നീക്കം നടന്നിരുന്നു.

അന്ന് സിപിഐ മന്ത്രിമാര്‍ ഇടപെട്ട് വിഷയം ചര്‍ച്ചയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു എന്നും ലേഖനത്തില്‍ പറയുന്നു. കേന്ദ്ര വ്യവസ്ഥയ്ക്ക് വഴങ്ങി കൃഷി, ആരോഗ്യ വകുപ്പുകള്‍ ഫണ്ട് വാങ്ങിയതുപോലെ ഇതിനെയും കണ്ടാല്‍ മതിയെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ വാദം. കൃഷി വകുപ്പോ ആരോഗ്യവകുപ്പോ വാങ്ങുന്ന ഫണ്ട് പോലെയല്ല വിദ്യാഭ്യാസ മേഖലയില്‍ മോദി സര്‍ക്കാര്‍ നല്‍കുന്ന 'ഔദാര്യം' എന്നും ലേഖനത്തില്‍ പറയുന്നു.

രാജ്യത്ത് നിലനില്‍ക്കുന്ന വിദ്യാഭ്യാസ നയങ്ങള്‍ അടിമുടി ഉടച്ചുവാര്‍ത്താണ് മോദി സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞതിനാലാണ് തമിഴ്നാട്, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ പദ്ധതിയെ പടിക്ക് പുറത്ത് നിര്‍ത്തുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രചാരണത്തിനും നടത്തിപ്പിനുമായാണ് കേന്ദ്രസര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിക്ക് ശിലയിട്ടത്.

ഭരണഘടനാ മൂല്യങ്ങളെ തൃണവല്‍ക്കരിച്ചും രാജ്യത്തെ മതനിരപേക്ഷതയും അക്കാദമിക കാഴ്ചപ്പാടുകളും തകിടംമറിച്ചുമാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിക്കെതിരെ നിലപാടെടുത്തെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പദ്ധതി നടപ്പാക്കുകയായിരുന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാല്‍ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഫണ്ടും നയവും തമ്മില്‍ ബന്ധമുള്ളതാണ്. ഇക്കാര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ഫണ്ട് വാങ്ങിയാല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളിയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. അതേസമയം, പിഎം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് ബിനോയ് വിശ്വം നിര്‍ദേശം നല്‍കിയതായാണ് വിവരം. മന്ത്രിമാരുമാരുമായി സംസ്ഥാന സെക്രട്ടറി വീട്ടില്‍ കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച വന്നാല്‍ ശക്തമായി എതിര്‍ക്കാനാണ് ധാരണ.

മുന്നണിയില്‍ ചര്‍ച്ച നടത്താതെ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തതില്‍ സിപിഐയ്ക്ക് അമര്‍ഷമുണ്ട്. ഫണ്ടാണ് പ്രധാനമെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുന്നത്. വിഷയത്തില്‍ എല്‍ഡിഎഫ് യോഗംനടത്തുന്നതിലും അനിശ്ചിതത്വമുണ്ട്.