മലപ്പുറം: സമസ്തയിലെ ഒരു വിഭാഗവും മുസ്ലിംലീഗും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാന്‍ നടത്തിയ അനുരഞ്ജന നീക്കവും പാളി. ഇന്ന് നടത്താനിരുന്ന സമവായ ചര്‍ച്ചയില്‍നിന്ന് ലീഗ് വിരുദ്ധ വിഭാഗം പിന്മാറി. ഇതോടെ വിഷയം എളുപ്പം പരിഹരിക്കപ്പെടില്ലെന്നാണ് സൂചന. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മലപ്പുറത്തായിരുന്നു ഇരുവിഭാഗങ്ങളേയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നത്. ഹമീദ് ഫൈസി അമ്പലക്കടവ് നേതൃത്വം നല്‍കുന്ന വിഭാഗമാണ് ചര്‍ച്ചയില്‍നിന്ന് പിന്‍വാങ്ങിയത്. 11ന് നടക്കുന്ന സമസ്ത മുശാവറയ്ക്ക് ശേഷം മതി രാഷ്ട്രീയ നേതൃത്വവുമായുള്ള ചര്‍ച്ച എന്നാണ് ഇവരുടെ വാദം.

ഇന്നത്തെ ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങളില്‍നിന്നും പത്തുപേരെ വീതം പങ്കെടുപ്പിക്കാമെന്നായിരുന്നു നിര്‍ദേശം. ലീഗ് അനുകൂല വിഭാഗത്തില്‍നിന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, യു. മുഹമ്മദ് ശാഫി ഹാജി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനിരുന്നത്. മറുവിഭാഗത്തില്‍നിന്ന് ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി തുടങ്ങിയവരും പങ്കെടുക്കുമെന്നായിരുന്നു വിവരം. സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പങ്കെടുത്തേക്കില്ലെന്നും അറിയിച്ചിരുന്നു.

സമസ്തയില്‍ കുറച്ചുവര്‍ഷമായി തുടരുന്ന അസ്വാരസ്യങ്ങള്‍ കൂടുതല്‍ മറനീക്കിയത് സാദിഖലി തങ്ങളുടെ ഖാസി സ്ഥാനത്തെ ഉമര്‍ ഫൈസി മുക്കം ചോദ്യംചെയ്തതോടെയാണ്. ഉമര്‍ ഫൈസിക്കെതിരേ നടപടിയാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തുവന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തില്‍ വന്ന എല്‍.ഡി.എഫ്. പരസ്യം ഭിന്നത രൂക്ഷമാക്കി. പത്രത്തില്‍ നയത്തിനു വിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നു കാണിച്ച് 18 ഡയറക്ടര്‍മാര്‍ ജിഫ്രി തങ്ങള്‍ക്ക് കത്തും കൈമാറി.

പാണക്കാട് കുടുംബത്തെയും ലീഗിനെയും സംഘടനയിലെ ചിലര്‍ തുടര്‍ച്ചയായി ആക്രമിക്കുന്നത് പ്രതിരോധിക്കാന്‍ ലീഗ് അനുകൂലവിഭാഗം സമസ്ത ആദര്‍ശ സംരക്ഷണസമിതിയുണ്ടാക്കി. ഇവര്‍ വ്യാഴാഴ്ച മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. അടുത്ത മുശാവറ യോഗം ചേരുന്നതിനു മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ ഉറപ്പ്. ഇതിന്റെ ഭാഗമായിരുന്നു ഇന്നത്തെ സമവായ ചര്‍ച്ച.

ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കുമെന്നും അറിയിച്ചിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസി മുക്കം നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തെ സമസ്ത ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെ പ്രസ്താവന മയപ്പെടുത്തി ഉമര്‍ഫൈസി രംഗത്തുവരികയും ചെയത്ു. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിഹത്യചെയ്ത് സമസ്തയുടെ വേദി ദുരുപയോഗംചെയ്ത ഉമര്‍ ഫൈസി മുക്കത്തിനെതിരേ നടപടിവേണമെന്നാണ് മുസ്ലിംലീഗ് ശക്തമായി നിലപാട് സ്വീകരിച്ചിരുന്നു.