പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കെ വോട്ടെടുപ്പിന്റെ തലേദിവസം സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയില്‍ എല്‍.ഡി.എഫ് പരസ്യം നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ. മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് പരസ്യം നല്‍കിയത്.

സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണെന്നതാണ് പ്രത്യേകത. സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പരസ്യമില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, വിഷയത്തില്‍ സന്ദീപ് വാര്യര്‍ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ്. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.

ജില്ലാ കളക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കാലത്ത് ഈ രീതിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍, എല്‍.ഡി.എഫ് നല്‍കിയ പരസ്യത്തിന് അനുമതി ഇല്ലെന്നാണ് വിവരം. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാല്‍, സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തിലുണ്ടായിരുന്നത്.

കശ്മീര്‍ വിഷയത്തില്‍ സന്ദീപിന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റും ആര്‍.എസ്.എസ് വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സി.എ.എ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിവധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള സന്ദീപ് വാര്യരുടെ പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

'ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം' എന്നിങ്ങനെ സന്ദീപിനെതിരായ തലക്കെട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വര്‍ഗീയതയുടെ കാളകൂട വിഷത്തെ സ്വീകരിച്ചുവെന്നാണ് കോണ്‍ഗ്രസിനെതിരേ പരസ്യത്തില്‍ വിമര്‍ശിക്കുന്നത്. വിഷയത്തില്‍ ഔദ്യോഗികമായി ആരും പ്രതികരിച്ചിട്ടില്ല. ജില്ലാ കളക്ടറുടേയും സിപിഎമ്മിന്റേയും ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവരാനുണ്ട്.

വാര്‍ത്താ ശൈലിയിലുള്ള അഡ്വറ്റോറിയല്‍ പരസ്യമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ എല്‍.ഡി.എഫ് പുറത്തിറക്കിയത്. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ പരസ്യ നീക്കം ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യംവെച്ചുള്ളതാണ് എന്നാണ് സൂചന.

മുസ്ലീം വോട്ടുകളുടെ ഏകീകരണം സരിന് ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎമ്മും ഇടതുപക്ഷവും നടത്തുന്നതെന്നും വ്യക്തമായി. ഇത്തരത്തിലൊരു വര്‍ഗ്ഗീയ അജണ്ടയിലൂടെ വോട്ട് പിടിക്കേണ്ട അനിവാര്യത സിപിഎമ്മിനുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. സാധാരണ ഇടതു പരസ്യങ്ങളെല്ലാം ദേശാഭിമാനിയിലും വരുന്നതാണ്. പക്ഷേ പാലക്കാട്ട് അതും വേണ്ടെന്ന് വച്ചു. ഏതു തരത്തിലും വോട്ട് നേടാനുള്ള സിപിഎം തന്ത്രമായി ഇതിനെ വിലയിരുത്തുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാ പരസ്യമായി ഇത് മാറുകയാണ്.

സരിനെ സിപിഎമ്മിലേക്ക് അടുപ്പിച്ച സിപിഎം സന്ദീപ് വാര്യരേയും ഇടതുപക്ഷത്തേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. മന്ത്രി എംബി രാജേഷും എകെ ബാലനും പോലും സന്ദീപിനെ പൊക്കി സംസാരിക്കുകയും ചെയ്തു. നല്ല പയ്യന്‍ എന്ന് ബാലേട്ടന്‍ വിളിച്ച സന്ദീപ് പക്ഷേ പോയത് കോണ്‍ഗ്രസിലേക്കായിരുന്നു. ഇതോടെ വിഷ നാവായി സന്ദീപ് മാറുകയും ചെയ്തു. ഇതെല്ലാം പൊതു സമൂഹത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

അതിനിടെ എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. രണ്ട് പത്രങ്ങളിലേത് മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ല. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ വിവാദം ഉണ്ടാക്കുകയാണ്. സന്ദീപിനോട് ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ ഒക്കെ ഡിലീറ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് പറയണമായിരുന്നു. സന്ദീപ് ഇപ്പോഴും ആര്‍ എസ് എസുകാരനാണ്. എല്ലാ പത്രങ്ങളിലും ഒരേ ഉള്ളടക്കം ആകണം എന്നില്ല, സന്ദീപ് പറഞ്ഞത് തുറന്ന് കാട്ടുക മാത്രമാണ് ചെയ്തതെന്നും എംബി രാജേഷ് പറഞ്ഞു.