ആലുവ: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷംവീട് കോളനിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന സന്ധ്യയുടെ (39) ഇടതുകാല്‍ മുറിച്ചുമാറ്റി. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ് സന്ധ്യ. കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നതിനാല്‍, ഇത് കിഡ്നിയെ ബാധിക്കാതിരിക്കാനാണ് ഇടതു കാലിന്റെ മുട്ടിന് താഴേക്ക് മുറിച്ചു മാറ്റിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ശസ്ത്രക്രിയ.

കഴിഞ്ഞ ദിവസം ഓര്‍ത്തോ, പ്ലാസ്റ്റിക് സര്‍ജറി, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ സന്ധ്യയുടെ കാലിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും 72 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. രക്തയോട്ടം പൂര്‍വസ്ഥിതിയിലായില്ലെങ്കില്‍ കാല്‍മുറിച്ചു മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

മണ്ണിടിച്ചിലിന് പിന്നാലെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ കുടുങ്ങി കിടന്ന സന്ധ്യയെ അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണ് പുറത്തെടുത്തത്. സന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ട് എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു. ഒമ്പതു മണിക്കൂറോളം ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല. വലതുകാലിലെ പേശികളും ചതഞ്ഞിരുന്നു.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷംവീട് കോളനിയില്‍ ശനിയാഴ്ച രാത്രിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് തകര്‍ന്ന വീടിനുള്ളിലാണ് നെടുമ്പിള്ളികുടി ബിജുവും ഭാര്യ സന്ധ്യയും കുടുങ്ങിയത്. ഇരുവരേയും അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. സന്ധ്യയെ രക്ഷിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞ് ബിജുവിനെയും പുറത്തെടുക്കാനായെങ്കിലും ജീവന്‍ അവശേഷിച്ചിരുന്നില്ല. രണ്ട് മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്.

100 അടിയിലേറെ ഉയരമുള്ള മണ്‍തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള എട്ട് വീടുകളിലേക്കും പതിക്കുകയായിരുന്നു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്തു നിന്ന് 26 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ബിജുവും ഭാര്യയും ക്യാമ്പിലേക്ക് പോയെങ്കിലും പാകം ചെയ്ത് വെച്ച ഭക്ഷണവും പ്രധാനപ്പെട്ട രേഖകളും എടുക്കുന്നതിന് വേണ്ടി വൈകീട്ട് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

കര്‍ഷകനായ ബിജു, തടിപ്പണിയും വ്യാപാരവും ചെയ്തിരുന്നു. മകന്‍ ആദര്‍ശ് ഒരു വര്‍ഷം മുമ്പാണ് മരിച്ചത്. മകള്‍ ആര്യ കോട്ടയത്ത് നഴ്‌സിങ് വിദ്യാര്‍ഥിയാണ്. സന്ധ്യ അടിമാലിയിലെ ക്ഷീര സഹകരണ സംഘം ജീവനക്കാരിയാണ്.