- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവര്‍ക്കെതിരെ കേസ് കൊടുത്തിട്ടില്ല, ഞാന്‍ സുഖം പ്രാപിച്ചുവരുന്നു; നാളെ ആശുപത്രി വിടും; ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തെക്കുറിച്ച് നടന് സംഗീത്
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ പ്രതികരണവുമായി നടന് സംഗീത് പ്രതാപ്. താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഷയങ്ങളിലാണ് സംഗീത് പ്രതികരണം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റ താന്‍ സുഖം പ്രാപിച്ച് വരികയാണെന്നും ഡ്രൈവര്‍ക്കെതിരെ കേസ് കൊടുത്തുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സംഗീത് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടന്റെ പ്രതികരണം.
'പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ഞങ്ങള്‍ക്കൊരു അപകടമുണ്ടായി. ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറായി ഞാന്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. നാളെ ആശുപത്രി വിടും. എനിക്ക് ചെറിയ പരുക്കുണ്ട്, പക്ഷേ ഇപ്പോള്‍ ഞാന്‍ സുഖം പ്രാപിച്ചു വരുന്നു. സര്വശക്തന് നന്ദി. നിങ്ങളുടെ ഫോണ്‍ കോളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്കാന് കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. സ്നേഹത്തിനും കരുതലിനും നന്ദി. ഞാന്‍ ഇപ്പോള്‍ സുരക്ഷിതനാണ്. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. ഡ്രൈവര്‍ക്കെതിരെ ഞാന്‍ കേസ് റജിസ്റ്റര്‍ ചെയ്തു എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്റെ ഭാഗത്ത് നിന്ന് അത്തരത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇത്തരം വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.
എനിക്കേറ്റവും പ്രിയപ്പെട്ട ഷൂട്ടിങ് സെറ്റിലേക്ക് ഉടന്‍ തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രൊമാന്‍സിന്റെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിക്കും. അധികം വൈകാതെ ചിത്രം സ്ക്രീനുകളില്‍ എത്തും', സംഗീത് പ്രതാപ് കുറിച്ചു.
ശനിയാഴ്ച രാത്രി 1.45-ന് 'ബ്രോമാന്‍സ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. നടന്മാരായ അര്ജുന് അശോകനും സംഗീതും ഉള്‍പ്പടെയുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചേസിങ് സീന്‍ ഷൂട്ട് ചെയ്യാനായി അമിതവേഗത്തില്‍ ഓടിച്ച കാര്‍ ചിത്രീകരണത്തില്‍ ഉള്‍പ്പെട്ട മറ്റൊരു കാറിലും ഭക്ഷണ ഡെലിവറിക്ക് ഉപയോഗിക്കുന്ന ബൈക്കിലും ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ കഴുത്തിനാണ് സംഗീതിന് പരിക്കേറ്റത്.
വാഹനം ഓടിച്ചത് ചിത്രത്തിന്റെ സ്റ്റണ്ട് ടീം അംഗമായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയില്‍ തെളിഞ്ഞതായും പോലീസ് അറിയിച്ചു. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ രേഖകളും പരിശോധിച്ചു. സംഭവത്തില്‍ പരിക്കേറ്റ നടന് സംഗീത് പ്രതാപ്, അര്ജുന് അശോകന്, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരന് എന്നിവരുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകന്റെ മൊഴിയും രേഖപ്പെടുത്തി.
അതിനിടെ സിനിമാ ഷൂട്ടിങ്ങിന് അനുമതിതേടി സിനിമാ പ്രവര്‍ത്തകര്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും കമ്മിഷണര്‍ക്കും അപേക്ഷ നല്‍കിയിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ അനുമതി നല്‍കിയിരുന്നില്ല. അനുമതി ലഭിക്കും മുന്‍പ് പൊതുനിരത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അപകടകരമായരീതിയില്‍ വാഹനമോടിച്ച് ഷൂട്ടിങ് നടത്തിയതിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.