മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗിന്റെ മഞ്ഞജഴ്‌സിയില്‍ അരങ്ങേറുമോ? സ്വന്തം ടീമില്‍ ഇംപാക്ട് പ്ലെയറായി ഒതുങ്ങേണ്ടി വന്നതോടെ രാജസ്ഥാന്‍ റോയല്‍സില്‍ ഇനി കളിക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് മലയാളി താരം. ടീം വിടാനുള്ള താല്‍പര്യം സഞ്ജു ഐപിഎല്‍ ഫ്രാഞ്ചൈസിയെ അറിയിച്ചതായി സഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. ഒന്നുകില്‍ തന്നെ വില്‍ക്കുകയോ, അല്ലെങ്കില്‍ റിലീസ് ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനോട് ആവശ്യപ്പെട്ടതായാണു വിവരം. രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്യുകയാണെങ്കില്‍ സഞ്ജു 2026ലെ മിനി ലേലത്തില്‍ പങ്കെടുത്തേക്കും. ട്രേഡിലൂടെ മലയാളി താരത്തെ സ്വന്തമാക്കാനും ശ്രമം നടക്കുന്നുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ വാങ്ങുന്നതിനായി നേരത്തേ തന്നെ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ സഞ്ജുവിനെ വില്‍ക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയുടെ നിലപാട്. രാജസ്ഥാന്‍ ക്യാപ്റ്റന്‍ തന്നെ ടീം വിടാനുള്ള തീരുമാനം അറിയിച്ചതോടെ ഫ്രാഞ്ചൈസിക്കു മുന്നില്‍ മറ്റു വഴികളില്ലാതായി. ചെന്നൈയ്ക്കു പുറമേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ട്.

മിനി ലേലത്തില്‍ സഞ്ജു പങ്കെടുത്താല്‍ താരത്തെ സ്വന്തമാക്കാന്‍ വാശിയേറിയ പോരാട്ടം തന്നെ നടക്കുമെന്ന് ഉറപ്പാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്തയും സഞ്ജുവിനായി കോടികള്‍ വാരിയെറിയുമെന്നാണു പ്രവചനങ്ങള്‍. 18 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിനു മുന്‍പ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

സഞ്ജുവും ഫ്രാഞ്ചൈസിയും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ട്. 2026-ലെ ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ വിട്ടയക്കണമെന്നാണ് സഞ്ജു ആവശ്യപ്പെട്ടിട്ടുള്ളത്. റോയല്‍സില്‍ തുടരാന്‍ സഞ്ജു ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജുവിന്റെ കുടുംബാംഗത്തെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് സഞ്ജുവും ടീം മാനേജ്മെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സീസണില്‍ പരിക്കേറ്റ സഞ്ജു ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. പലതിലും ഇംപാക്ട് പ്ലെയറായാണ് താരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം പരമ്പര കളിച്ച ശേഷം റോയല്‍സില്‍ മടങ്ങിയെത്തിയ സഞ്ജുവും ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടീമില്‍ സ്വന്തം ബാറ്റിങ് സ്ഥാനം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതാണ് സഞ്ജുവിനെ ചൊടിപ്പിച്ചതെന്നാണ് അറിയുന്നത്. ടി20-യില്‍ സാധാരണ ഓപ്പണറായാണ് സഞ്ജു കളിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടെ അടുത്ത കാലത്തായി സഞ്ജുവിനെയാണ് ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ യശസ്വി ജയ്സ്വാളിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയെയാണ് രാജസ്ഥാന്‍ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചത്. ഇത് വിജയകരമാകുകയും ചെയ്തു. ഇതോടെ സഞ്ജുവിന് ഇഷ്ട ബാറ്റിങ് സ്ഥാനം നഷ്ടപ്പെട്ടു. ഇതും ഭിന്നത രൂക്ഷമാക്കിയെന്നാണ് വിവരം.

പരുക്കേറ്റതോടെ സഞ്ജുവിന് ഐപിഎല്‍ സീസണിലെ കുറച്ചു മത്സരങ്ങള്‍ നഷ്ടമായിരുന്നു. കഴിഞ്ഞ ഐപിഎലില്‍ ഒന്‍പതു മത്സരങ്ങള്‍ കളിച്ച സഞ്ജു 285 റണ്‍സാണ് ആകെ നേടിയത്. പ്ലേ ഓഫിലെത്താന്‍ സാധിക്കാതെ രാജസ്ഥാന്‍ പുറത്താകുകയും ചെയ്തു. ജൂലൈയില്‍ രാജസ്ഥാന്റെ 'ഇന്റര്‍നാഷനല്‍ പ്ലേയര്‍ ഡവലപ്‌മെന്റ്' വിഭാഗം തലവന്‍ സിദ്ധാര്‍ഥ ലാഹിരി സഞ്ജു സാംസണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേ സമയം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ വിട്ടുകൊടുക്കണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ രണ്ട് താരങ്ങളെ ട്രേഡിലൂടെ കൈമാറണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ഉപാധിവെച്ചതായി റിപ്പോര്‍ട്ട്. ചെന്നൈയുടെ ഏതൊക്കെ താരങ്ങളെയാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പ് 18 കോടിക്ക് സഞ്ജുവിനെ അടുത്ത മൂന്ന് സീസണിലേക്ക് നിലനിര്‍ത്തിയ രാജസ്ഥാന് അടുത്ത രണ്ട് സീസണുകളില്‍ കൂടി മലയാളി താരത്തെ ടീമില്‍ കളിപ്പിക്കാം.

എന്നാല്‍ ടീം വിടാന്‍ സഞ്ജു താല്‍പര്യം അറിയിച്ചതോടെ രാജസ്ഥാന് മുന്നില്‍ രണ്ട് വഴികളാണുള്ളത്. താല്‍പര്യമുള്ള ടീമുകളുമായി പരസ്പര ധാരണപ്രകാരമുള്ള കളിക്കാരെ വെച്ചുമാറലോ, സഞ്ജുവിനെ ലേലത്തില്‍ വിടുകയോ ചെയ്യുക എന്നതാണത്. ഇതില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സഞ്ജുവിനെ ട്രേഡ് ചെയ്യുന്നതിന് താല്‍പര്യം അറിയിച്ചെങ്കിലും സഞ്ജുവിന് പകരമായി ചെന്നൈയുടെ രണ്ട് താരങ്ങളെയാണ് രാജസ്ഥാന്‍ ആവശ്യപ്പെടുന്നത്. സഞ്ജുവിനെ കൈമാറാനോ ലേലത്തില്‍ വിടാനോ രാജസ്ഥാന്‍ തയാറായില്ലെങ്കില്‍ തുടര്‍ന്നുള്ള രണ്ട് സീസണുകളിലും സഞ്ജുവിന് രാജസ്ഥാനില്‍ തന്നെ കളിക്കേണ്ടിവരും. കരാര്‍ തീരും മുമ്പ് ഒരു കളിക്കാരന്‍ ടീം വിടാന്‍ ആഗ്രഹിച്ചാലും ടീമിന്റെ നിലപാടിന് അനുസരിച്ചാകും തീരുമാനം.

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ അവസാനിച്ചതിന് പിന്നാലെ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിംഗുമായി അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റിനിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജസ്ഥാനില്‍ നിന്ന് ഇതിന് മുമ്പും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരസ്പര ധാരണപ്രകാരം കളിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. റോബിന്‍ ഉത്തപ്പ 2021ല്‍ ഇത്തരത്തിലാണ് രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയത്. പക്ഷെ അത് പൂര്‍ണമായി പണം കൈമാറ്റത്തിലൂടെയായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ രാജസ്ഥാന്‍ എന്ത് തീരുമാനം എടുക്കുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പരിക്കുമൂലം സഞ്ജുവിന് നിരവധി മത്സരങ്ങള്‍ നഷ്ടമായപ്പോള്‍ പകരമെത്തിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷി യശസ്വി ജയ്‌സ്വാളിനൊപ്പം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കുകയും ധ്രുവ് ജുറെലിനെ അടുത്ത വിക്കറ്റ് കീപ്പറായി ടീം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് സഞ്ജു കൂടുമാറ്റത്തിന് തയാറെടുക്കുന്നത്.