ചെന്നൈ: സഞ്ജു.. സഞ്ജു.. സഞ്ജു.... ആദ്യമായി ഐപിഎല്ലില്‍ എല്ലാ ശ്രദ്ധയും മലയാളിയിലേക്ക്. സഞ്ജു ചേട്ടന്‍ പൊളിച്ചാല്‍ കോളടിക്കുന്നത് ചെന്നൈയ്ക്ക്. രാജസ്ഥാനെ ഫൈനലില്‍ എത്തിച്ച സഞ്ജു ചെന്നൈയ്ക്ക് കിരീടം നല്‍കുമോ? മഹേന്ദ്ര സിംഗ് ധോണിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാകാന്‍ മലയാളി സഞ്ജു സാംസണ്‍. ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം സഞ്ജു സാംസണിന്റെ ടി20 കരിയര്‍ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായതിന് പിന്നാലെ തുടങ്ങുന്ന ഐപിഎല്ലിലും സഞ്ജു മുഖ്യാകര്‍ഷണം ആകുമെന്നാണ് താരത്തിന്റെ ആരാധക പിന്തുണ നല്‍കുന്ന സൂചന. ഇത്തവണ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി സഞ്ജു ഓപ്പണറുടെ റോളിലെത്തുന്നത്. ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് തന്നെയാണ് സഞ്ജു തന്റെ ഓപ്പണിംഗ് പങ്കാളിയാകുമെന്ന വിവരം വ്യക്തമാക്കിയത്.

ചെന്നൈ ആരാധകരില്‍ നിന്നും സഞ്ജുവിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്വന്റി20 ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ രക്ഷകനായി മാറിയ സഞ്ജുവിന്റെ പുതിയ ബാറ്റിംഗ് ശൈലി ഐപിഎല്ലിലും പരീക്ഷിക്കാനാണ് ചെന്നൈയുടെ തീരുമാനം. ലോകകപ്പ് പ്രകടനത്തിന് പിന്നാലെ ഏകദിന ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുന്ന ചര്‍ച്ചകളും സജീവമാണ്. അതിനാല്‍ താരത്തിനും ഈ ഐപിഎല്‍ സീസണ്‍ നിര്‍ണായകമാണ്. 5 തവണ കിരീടത്തില്‍ മുത്തമിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കഴിഞ്ഞ രണ്ടു സീസണുകളിലെ പ്രകടനം വളരെ ദയനീയമായിരുന്നു. ധോണി ഇനിയും അധിക നാള്‍ കളിക്കാന്‍ സാധ്യതയില്ല. അതിനാല്‍ സഞ്ജിവിന്റെ അനുഭവസമ്പത്തും, കളി മികവും ടീമില്‍ ഗുണകരമാകുമെന്ന വിലയിരുത്തലിനോടൊപ്പം താരണത്തിന്റെ ആരാധക പിന്തുണയുമാണ് തങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായ ജഡേജയെ വിട്ടുനല്‍കി മലയാളി താരത്തെ ചെന്നൈ കൂടാരത്തിലെത്തിച്ചത്. ഇത് ധോണിയില്‍ നിന്നും നായക സ്ഥാനത്തെത്തിയ ഗെയ്ക്വാദിനും വലിയ ആശ്വാസമാണ്.

ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഒരു താരത്തെ ട്രേഡിലൂടെ സ്വന്തമാക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഒരു ടീം ഒരു താരത്തിനായി മാസങ്ങളോളം ചര്‍ച്ചകള്‍ നടത്തിയെന്നത് ആ കളിക്കാരന്റെ മൂല്യം എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ്. ഏകദിനത്തില്‍ വിജയിക്കാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും സഞ്ജുവിനുണ്ടെന്ന് മുന്‍ താരങ്ങളടക്കം അവകാശപ്പെടുന്നു. എന്നാല്‍ ടീമില്‍ എവിടെയാണ് സഞ്ജുവിന് ഇടം എന്നത് വലിയ ചോദ്യമാണ്. ഓപ്പണറായ സഞ്ജുവിന് മുന്നില്‍ രോഹിത് ശര്‍മ്മയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും നിലയുറപ്പിച്ചിട്ടുണ്ട്. യശസ്വി ജയ്സ്വാളിനെപ്പോലൊരു താരം പുറത്തിരിക്കുമ്പോള്‍ സഞ്ജുവിനെ പരിഗണിക്കുന്നതിലും ഒരു പക്ഷത്തിന് എതിര്‍പ്പുണ്ട്. ഐപിഎല്‍ പ്രകടനങ്ങള്‍ ടീം സെലക്ഷനില്‍ നിര്‍ണ്ണായകമാകും. ഐപിഎല്ലിലെ ഏറ്റവും മികച്ച 'നമ്പര്‍ 3' ബാറ്ററാണ് സഞ്ജു എന്ന കാര്യത്തില്‍ സംശയമില്ല.

2020 മുതല്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത സഞ്ജു 60 ഇന്നിംഗ്സുകളില്‍ നിന്നായി 1952 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സൂര്യകുമാര്‍ യാദവിനേക്കാള്‍ (1407 റണ്‍സ്) ബഹുദൂരം മുന്നിലാണ് സഞ്ജു. എന്നാല്‍ ഐപിഎല്ലിലെ ഈ മിന്നും പ്രകടനം പലപ്പോഴും ഇന്ത്യന്‍ ജേഴ്സിയില്‍ സഞ്ജുവിന് ഗുണകരമായില്ല. ഇന്ത്യയ്ക്കായി കളിച്ച 62 ടി20 മത്സരങ്ങളില്‍ വെറും അഞ്ച് തവണ മാത്രമാണ് താരത്തിന് മൂന്നാം നമ്പറില്‍ അവസരം ലഭിച്ചത്. എന്നാല്‍ 2024-ലെ ലോകകപ്പില്‍ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികളുമായി സഞ്ജു നടത്തിയ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ വഴിത്തിരിവായി. പവര്‍പ്ലേ ഓവറുകള്‍ അടിച്ചുതകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ജു ഇപ്പോള്‍ ബാറ്റ് വീശുന്നത്. ലോകകപ്പ് നോക്കൗട്ടുകളില്‍ വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് പവര്‍പ്ലേയില്‍ മാത്രം സഞ്ജു 144 റണ്‍സ് നേടിയിരുന്നു.

197.26 എന്ന കണ്ണഞ്ചിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 12 സിക്‌സറുകള്‍ പറത്തിയ സഞ്ജു പവര്‍പ്ലേയിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി. മുന്‍പ് രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴും പവര്‍പ്ലേയില്‍ പുറത്താകാതെ നിന്ന് ടീമിന് വലിയ സ്‌കോറുകള്‍ സമ്മാനിക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നു. 2022 മുതല്‍ പവര്‍പ്ലേ ഓവറുകളില്‍ 84 ശരാശരിയോടെ 504 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്. സായ് സുദര്‍ശന്‍ കഴിഞ്ഞാല്‍ പവര്‍പ്ലേയില്‍ ഏറ്റവും മികച്ച ശരാശരിയുള്ള താരവും സഞ്ജു തന്നെ. ലോകകപ്പ് സെമിയിലും ഫൈനലിലും താരം നേടിയ 89 റണ്‍സ് വീതമുള്ള ഇന്നിംഗ്സുകള്‍ ഇന്ത്യയെ 250 കടത്തിയത് ഈ മികവിന്റെ കരുത്തിലാണ്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ നേരിടുന്ന കാര്യത്തില്‍ സഞ്ജുവിനോളം മികവുള്ള മറ്റൊരു ഇന്ത്യന്‍ താരം ഇപ്പോഴില്ല. ഐപിഎല്ലില്‍ സ്പിന്നിനെതിരെ 100 സിക്‌സറുകള്‍ കടന്ന രണ്ട് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം.

7 മുതല്‍ 16 വരെയുള്ള ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ 150-ന് മുകളിലാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഓരോ 9.5 പന്തിലും അദ്ദേഹം സ്പിന്നിനെതിരെ സിക്‌സര്‍ നേടുന്നുണ്ട്. ടീം സ്‌കോര്‍ 200 കടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ ബാറ്ററും സഞ്ജു തന്നെ (141 സിക്‌സുകള്‍). രോഹിത് ശര്‍മ്മ (108), സൂര്യകുമാര്‍ യാദവ് (107), വിരാട് കോഹ്ലി (103) എന്നിവരേക്കാള്‍ കുറഞ്ഞ ഇന്നിംഗ്സുകളില്‍ നിന്നാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. ലോകകപ്പിലെ ഫോമും ചെന്നൈ ടീമിലെ വ്യക്തമായ റോളും സഞ്ജുവിന്റെ കരിയറില്‍ പുതിയൊരു സുവര്‍ണ്ണ അധ്യായം കുറിക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ലോകകപ്പിലെ ഫോമും ചെന്നൈ ടീമിലെ വ്യക്തമായ റോളും സഞ്ജുവിന്റെ കരിയറില്‍ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.