തിരുവനന്തപുരം: പോത്തന്‍കോട് കൊലപാതക കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച പ്രധാന തെളിവ് കണ്ടെത്തിയ പോലീസ് നായ സാറ ചത്തു. വെഞ്ഞാറമൂട് കെ9 സ്‌ക്വാഡിലെ നായയാണ് സാറ. പോലീസ് സേനയില്‍ കയറിയതിന് ശേഷം സാറ ആദ്യം തെളിയിച്ച കേസായിരുന്നു ഇത്.

പോത്തന്‍കോട് അയിരുപ്പാറ രാധാകൃഷ്ണന്‍ കൊലക്കേസിലെ പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് സാറയായിരുന്നു. പ്രധാന തെളിവായ രക്തം പുരണ്ട വസ്ത്രവും പ്രതി ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെടുക്കാന്‍ രണ്ടരക്കിലോമീറ്ററാണ് സാറ മണം പിടിച്ച് സഞ്ചരിച്ചത്. 2021 ജനുവരിയിലാണ് കൊലപാതകം നടന്നത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അയിരുപ്പാറ ഹരിശ്രീ ടൂട്ടോറിയലിന് സമീപം താമസിക്കുന്ന അറപ്പുര വീട്ടില്‍ രാധാകൃഷ്ണനെ വെട്ടുകത്തിയും കൈമഴുവും ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

പ്രതികള്‍ നിരീക്ഷണത്തിലായിരുന്നുവെങ്കിലും തെളിവ് കണ്ടെടുക്കുന്നതില്‍ സാറ മികവ് കാട്ടിയതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ അനിലിന്റെ വീട്ടില്‍ നിന്നാണ് തെളിവുകള്‍ കണ്ടെടുത്തത്. പോത്തന്‍കോട് അയിരൂപ്പാറ രാധാകൃഷ്ണന്റെ സുഹൃത്തുക്കളായിരുന്നു കേസിലെ പ്രതികള്‍.

ഇവര്‍ക്കെതിരെ മരിക്കുന്നതിന് മുമ്പ് രാധാകൃഷ്ണന്‍ മൊഴി കൊടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ സാറയുടെ സംസ്‌കാരം നടത്തും.