തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്ന് നടിയും കമ്മിറ്റി അംഗവുമായ ടി. ശാരദ. റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്നും അവര്‍ ടെലിവിഷന്‍ ചാനലിനോട് പ്രതികരിച്ചു. ഹേമ കമ്മിറ്റി വിട്ട് നിങ്ങള്‍ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നും ശാരദ പറഞ്ഞു.

അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ താന്‍ എഴുതിയ കാര്യങ്ങളെ കുറിച്ച് ഓര്‍മയില്ലെന്നും അവര്‍ പറഞ്ഞു.
ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നു. തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം പുറത്തുപറഞ്ഞിരുന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്കു ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ വ്യക്തമാക്കി.

അതേസമയം, റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ ആണെന്നും ശാരദ പറഞ്ഞു. എല്ലാവരും ഇപ്പോള്‍ ചിന്തിക്കേണ്ടതു വയനാടിനെ കുറിച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ റിപ്പോര്‍ട്ടിനു പ്രധാന്യമുണ്ടല്ലോ എന്ന ചോദ്യത്തിന്, ഹേമ മാഡം വളവരെ നല്ലയാളെന്നും അവരോട് ചോദിച്ചാല്‍ വിവരം തരുമെന്നുമായിരുന്നു ശാരദയുടെ മറുപടി.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍, ശാരദ എഴുതിയ കുറിപ്പ് ചര്‍ച്ചാവിഷമായിരുന്നു. അനൗദ്യോഗിക വിലക്കിന്റെ ഭീഷണി സിനിമയില്‍ പണ്ടുകാലത്തും ഉണ്ടായിരുന്നതായി ശാരദ കുറിച്ചു. എന്നാല്‍, അക്കാലത്ത് അത്തരം വിലക്കുകള്‍ നടപ്പാക്കിയിരുന്നില്ല. സിനിമയില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത വിലക്കിന് എതിരെ നടപടി സ്വീകരിക്കുക ബുദ്ധിമുട്ടാണെന്നും ശാരദ റിപ്പോര്‍ട്ടില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി.

കാസ്റ്റിങ് കൗച്ച് പണ്ടും ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അക്കാര്യത്തെ കുറിച്ച് തുറന്നുസംസാരിക്കാന്‍ തയ്യാറാണ് എന്നതാണ് വ്യത്യാസം. മുമ്പ് നായകനും നായികയും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധം ഉണ്ടായിരുന്നു. സ്ത്രീകളുടെ ലഭ്യത അന്നും സിനിമാരംഗത്തെ ധാരണയായിരുന്നു. എന്നാല്‍, ആ വിവരം പുറത്തുവന്നാല്‍ അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് നാണക്കേടായിരുന്നു. ഇന്നത്തെ കാലത്ത് അങ്ങനെയല്ല. കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളില്‍ ഒരാളായിരുന്നു ശാരദ. റിപ്പോര്‍ട്ടിലെ 183 മുതല്‍ 189 വരെ പേജുകളിലാണ് ശാരദ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

പുതിയ കാലത്ത് സിനിമയിലെ സ്ത്രീകളുടെ വസ്ത്രധാരണം ശരിയല്ലെന്നും നടി ശാരദ അഭിപ്രായപ്പെട്ടു. മറച്ചുവയ്ക്കുക എന്നതിനെക്കാള്‍ ശരീരഭാഗങ്ങള്‍ എടുത്തുകാട്ടുന്ന വിധത്തിലാണ് ഇപ്പോള്‍ വസ്ത്രധാരണ രീതി. പഴയകാലത്ത് സെറ്റുകളില്‍ ദ്വയാര്‍ഥ പ്രയോഗം വരുന്ന തമാശകളൊന്നും ഉണ്ടായിരുന്നില്ല. നടിമാരുടെയോ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയോ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതു പോലുള്ള ലൈംഗിക അതിക്രമങ്ങളും നടക്കുമായിരുന്നില്ല. ഇന്ന് ഇത്തരം പീഡനങ്ങള്‍ ഇല്ലെന്ന് പറയാനാകില്ല. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ വാതിലില്‍ മുട്ടു കേള്‍ക്കുന്നത് സാധാരണയായിട്ടുണ്ട്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പ്രതിഫലമെന്ന തത്ത്വത്തോട് യോജിക്കാനാവില്ല. പ്രേക്ഷകര്‍ ഹീറോ ആരെന്നാണ് ആദ്യം ചോദിക്കുക. അതുകൊണ്ടു തന്നെ തുല്യവേതനം അംഗീകരിക്കാനാവില്ല. കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ സധൈര്യം മുന്നോട്ടു വരുന്നുണ്ട്. എന്നാല്‍, അത്തരക്കാര്‍ സിനിമയില്‍നിന്ന് ഒഴിവാക്കപ്പെടുകയാണ്.

നിലവിലെ അവസ്ഥ മാറ്റുക എളുപ്പമല്ല. താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി ക്ഷേമനിധി ഫണ്ട് ഒരുക്കണമെന്ന് ശരദ ആവശ്യപ്പെടുന്നു. ജോലിയില്ലാത്ത വൃദ്ധരും ദരിദ്രരുമായ കലാകാരന്മാര്‍ക്കായി ആകണം ഫണ്ട് സ്വരൂപിക്കേണ്ടത്. ക്ഷേമനിധിക്ക് ആദായനികുതി ഒഴിവാക്കണമെന്നും ശാരദ ആവശ്യപ്പെടുന്നുണ്ട്