വിരാജ്‌പേട്ട: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ജി എസ് ശരണ്യയെ വനമേഖലയില്‍ നിന്ന് പുറത്തെത്തിച്ചു. കര്‍ണാടക വനംവകുപ്പ് സംഘമാണ് ശരണ്യയെ കണ്ടെത്തിയത്. നാല് നാള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് ശരണ്യയെ തിരിച്ചെത്തിച്ചത്. താന്‍ ആരോഗ്യവതിയാണെന്ന് ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഫോണ്‍ ഓഫായി പോയി. ഒരു കുപ്പി വെള്ളം മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നതെന്നും ശരണ്യ പറഞ്ഞു.

ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് ഡ്രോണിന് ദൃശ്യമാകുന്ന സ്ഥലത്താണ് നിന്നിരുന്നതെന്നും ശരണ്യ പറഞ്ഞു. ഇതിലും വലിയ ട്രെക്കിങ് നടത്തിയിട്ടുണ്ട്. എല്ലാം ഓക്കെയാണെന്നും താന്‍ സന്തോഷവതിയാണെന്നും ശരണ്യ പറഞ്ഞു. നാട്ടിലുള്ള അമ്മയോട് ശരണ്യ ഫോണില്‍ സംസാരിച്ചു. ഇന്ന് ആറായി തിരിഞ്ഞാണ് രക്ഷാസംഘം ശരണ്യയ്ക്കായി തിരച്ചില്‍ നടത്തിയത്. വനമേഖലയില്‍ നിന്ന് പുറത്തെത്തിച്ച ശരണ്യയെ തൊട്ടടുത്തുള്ള കാക്കബെ ഗ്രാമത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കും. ശരണ്യയുടെ ആരോഗ്യനില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ആരോഗ്യനില തൃപ്തികരമെങ്കില്‍ വീട്ടിലേക്ക് പോകും.

കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയായ ശരണ്യയെ ഏപ്രില്‍ 2നാണ് കാണാതായത്. നാല് ദിവസമായി ശരണ്യയ്ക്കായുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍ഡമോള്‍ കൊടുമുടി കയറാനെത്തിയതായിരുന്നു ശരണ്യ. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്ന

കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച വടക്കയില്‍ ഗോപിയുടെയും ഷൈലജയുടെയും മകളാണ്. ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന്‍ ശ്യാം അടക്കമുള്ളവര്‍ തിരച്ചിലിനു സന്നദ്ധമായി കുടകില്‍ എത്തിയിട്ടുണ്ട്. രണ്ടു മാസത്തിലേറെയായി നാദാപുരത്തെ വീട്ടില്‍ പോയിട്ടില്ലാത്ത ശരണ്യ കുടകില്‍ ട്രെക്കിങ്ങിന് പോകുന്ന വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല.

ഓണ്‍ലൈനായി ബുക്ക് ചെയ്തു ഏപ്രില്‍ ഒന്നിന് ട്രെക്കിങ്ങിന് എത്തിയ ശരണ്യ ട്രെക്കിങ്ങിന് പുറപ്പെടാന്‍ ഒരുങ്ങിയെങ്കിലും കാട്ടാന ശല്യമുള്ളതിനാല്‍ ഒറ്റയ്ക്കു കടത്തിവിടാനാകില്ലെന്നു വനംവകുപ്പ് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെക്കിങ് തുടങ്ങുന്നയിടത്തിന് 500 മീറ്റര്‍ അകലെ യാവകപ്പാടിയിലെ ഹോംസ്റ്റേയില്‍ മുറിയെടുത്തു. തുടര്‍ന്ന്, ട്രെക്കിങ്ങിന് എത്തിയ 10 അംഗ സംഘത്തോടൊപ്പം വ്യാഴാഴ്ച രാവിലെ വനത്തിലേക്കു പോയി. ട്രെക്കിങ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെ ശരണ്യയ്ക്കു മുന്‍പരിചയമില്ല.

സംഘത്തില്‍ നിന്ന് മാറി അല്‍പം പിന്നാലെയാണ് ശരണ്യ സഞ്ചരിച്ചതെന്നാണ് ഇവര്‍ പൊലീസിനു നല്‍കിയ വിവരം. വഴി തെറ്റി എന്നറിയിച്ചു ശരണ്യയുടെ സന്ദേശം ഉച്ചയ്ക്കു രണ്ടു മണിയോടെ ലഭിച്ചതായാണ് ഹോം സ്റ്റേ അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ഉടന്‍ കര്‍ണാടക വനം വകുപ്പും പൊലീസുമെല്ലാം തിരച്ചില്‍ തുടങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. ശരണ്യയ്‌ക്കൊപ്പം പോയ മറ്റ് ട്രെക്കിങ് സംഘാംഗങ്ങള്‍ വൈകിട്ടോടെ മടങ്ങിയെത്തി.

ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു കുന്നിന്‍ മുകളില്‍ നില്‍ക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവര്‍ പറഞ്ഞിരുന്നുവെന്നും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. പത്തുപേരടങ്ങിയ ട്രക്കിങ് സംഘത്തില്‍ ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അവര്‍ താഴേക്ക് ഇറങ്ങിവരുമ്പോള്‍ ശരണ്യയെ കണ്ടിരുന്നതായി പറഞ്ഞു. അവര്‍ താഴേക്ക് പോവുകയാണെന്ന് ശരണ്യയോട് പറഞ്ഞപ്പോള്‍ താന്‍ വന്നോളാമെന്നാണ് പറഞ്ഞതെന്നുമാണ് അവര്‍ പറഞ്ഞതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു. പിന്നീടാണ് റിസോര്‍ട്ടിലെ ആളെത്തി ശരണ്യ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞത്.

ഫോണില്‍ വിളിച്ചപ്പോള്‍ ഒരു തവണ കിട്ടിയിരുന്നു. അപ്പോഴാണ് വഴി തെറ്റിയെന്ന് ശരണ്യ പറഞ്ഞത്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ഉടന്‍ തന്നെ മേലധികാരികളെ വിവരം അറിയിച്ചു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും നാട്ടുകാരെയും ട്രൈബല്‍ വിഭാഗത്തിലുള്ളവരെയുമടക്കം വിളിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ മാതാപിതാക്കളുടെയും നാടിന്റെയും കാത്തിരിപ്പിന് അറുതിയായി ശരണ്യയെ കണ്ടെത്തിയെന്ന സന്തോഷ വാര്‍ത്ത വൈകീട്ട് ആറ് മണിയോടെ ലഭിക്കുകയായിരുന്നു. ശരണ്യയെ കണ്ടെത്തിയെന്ന് വനംവകുപ്പിന്റെ വിവരം എത്തിയതോടെ സുഹൃത്തുക്കളും കുടുംബങ്ങളും ആശ്വാസത്തിലാണ്. യുവതിയെ കാണാതായ വിവരം അറിഞ്ഞ് കേരളാ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ്അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.