തിരുവനന്തപുരം: ശിവപ്രിയയുടെ മരണത്തില്‍ ബന്ധുക്കളുടെ ആരോപണം തള്ളി എസ്എടി ആശുപത്രി അധികൃതര്‍. പ്രസവസമയത്തോ ആശുപത്രിയില്‍ നിന്നു പോകുമ്പോഴോ ശിവപ്രിയയ്ക്ക് അണുബാധയുണ്ടായിട്ടില്ലെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു പറഞ്ഞു. ആശുപത്രിയില്‍ നിന്ന് പോകുമ്പോള്‍ പനിയും ഇല്ലായിരുന്നുവെന്ന് ഡോ.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഡിസ്ചാര്‍ജ് ആകുന്ന സമയം പനി ഉള്ള കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ല. കൃത്യമായി അണുവിമുക്തമാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ഡോ.ബിന്ദു പറഞ്ഞു.

അതേസമയം, ശിവപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നാളെ നടത്തും. മരണകാരണം കണ്ടെത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെ ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു. വളരെ മനോവിഷമമുണ്ടാക്കിയ കാര്യമാണ് ശിവപ്രിയയുടെ മരണമെന്ന് ഡോ.ബിന്ദു പറഞ്ഞു. വീട്ടില്‍ പോയതിനു ശേഷമാണ് പനി ബാധിച്ച് അഡ്മിറ്റാകുന്നത്. വന്നപ്പോള്‍ തന്നെ ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്നും ഡോ.ബിന്ദു പറഞ്ഞു.

പ്രസവം കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റി അടുത്ത രണ്ടുദിവസവും റൗണ്ട്‌സിന് ഡോക്ടര്‍മാര്‍ ശിവപ്രിയയെ കണ്ടിരുന്നു. അപ്പോള്‍ എല്ലാം നോര്‍മലായിരുന്നുവെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജ പറഞ്ഞു. പനിയുമുണ്ടായിരുന്നില്ല. അതിനാലാണ് മൂന്നാമത്തെ ദിവസം ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടില്‍ പോയതിനു ശേഷം പിറ്റേ ദിവസമാണ് പനിയും വയറിളക്കവുമായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

അതേസമയം പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മരിച്ച ശിവപ്രിയയുടെ സഹോദരന്‍ ശിവപ്രസാദിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്. എസ്എടി ആശുപത്രിയിലെ അധികൃതരുടെയടക്കം മൊഴി രേഖപ്പെടുത്തും.

എസ്എടി ആശുപത്രിയില്‍ പ്രസവത്തിനു പിന്നാലെയുള്ള ചികിത്സാ പിഴവിനെ തുടര്‍ന്ന് അണുബാധയേറ്റാണ് ശിവപ്രിയ (26) മരിച്ചതെന്ന് ആരോപിച്ചായിരുന്നു ആശുപത്രിയില്‍ ബന്ധുക്കളുടെ പ്രതിഷേധം. കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവര്‍ പനിയെ തുടര്‍ന്ന് 26ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ നടത്തിയ ബ്ലഡ് കള്‍ചറില്‍ അണുബാധ കണ്ടെത്തി. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയെങ്കിലും ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. എസ്എടി ആശുപത്രിയില്‍ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവ് സംഭവിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.