- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്യൂട്ടിയുടെ ഭാഗമായി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു; പുറത്തുനിന്നുള്ള ഡ്യൂട്ടി ചെയ്യാമെന്നും അകത്തുകയറുന്നത് വിശ്വാസത്തിന് എതിരെന്നും വാദം; സൈന്യത്തിന്റെ അച്ചടക്കം വിട്ടുവീഴ്ചയില്ലാത്തത്; ക്രിസ്ത്യന്‍ ആര്‍മി ഓഫീസറെ പുറത്താക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി; മറ്റുസൈനികരെ കൂടി അപമാനിക്കുന്ന പ്രവൃത്തിയെന്ന് നിരീക്ഷണം
ക്രിസ്ത്യന്‍ ആര്‍മി ഓഫീസറെ പുറത്താക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡ്യൂട്ടിയുടെ ഭാഗമായി ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ച സൈനിക ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി ശരിവെച്ചു. ഒരു മതേതര സ്ഥാപനം എന്ന നിലയില്‍ സൈന്യത്തിന്റെ അച്ചടക്ക രീതികള്‍ ആര്‍ക്കും ലംഘിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
തന്റെ മതവിശ്വാസത്തിന്റെ ഭാഗമായി ഔദ്യോഗിക ചുമതല നിര്‍വഹിക്കാന്‍ മടിക്കുന്ന ഉദ്യോഗസ്ഥന്‍ സൈന്യത്തിന് യോജിച്ചവനല്ലെന്നും കോടതി നിരീക്ഷിച്ചു. സൈന്യത്തില്‍ നിന്ന് പെന്‍ഷനും ഗ്രാറ്റുവിറ്റിയും ഇല്ലാതെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സാമുവല്‍ കമലേശന്‍ എന്ന മുന്‍ സൈനികന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
സംഭവം ഇങ്ങനെ:
ക്രിസ്ത്യന്‍ മതവിശ്വാസിയായ സാമുവല്‍ കമലേശന്‍ 2017-ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. സിഖ് സ്‌ക്വാഡ്രണിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ നിയമിച്ചിരുന്നത്. തന്റെ മതവിശ്വാസം മുന്‍നിര്‍ത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സൈനികന്‍ വിസമ്മതിക്കുകയായിരുന്നു. പുറത്തുനിന്നുള്ള ഡ്യൂട്ടി ചെയ്യാമെന്നും എന്നാല്‍ ശ്രീകോവിലിന് അകത്ത് പ്രവേശിക്കാനാവില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്.
ഇതിനെതിരെ സൈന്യം അച്ചടക്ക നടപടി സ്വീകരിക്കുകയും ഗ്രാറ്റുവിറ്റിയോ പെന്‍ഷനോ അനുവദിക്കാതെ പിരിച്ചുവിടുകയും ചെയ്തു. ഡല്‍ഹി ഹൈക്കോടതി നേരത്തെ ഈ നടപടി ശരിവെച്ചിരുന്നു.
സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍:
'ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഏറ്റവും വലിയ അച്ചടക്കമില്ലായ്മയാണ് ഇത്. രാജ്യത്തെ ഏറ്റവും അച്ചടക്കം ആവശ്യമുള്ള സേനയുടെ ഭാഗമായിരുന്നു നിങ്ങള്‍,' ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഇദ്ദേഹം തന്റെ പ്രവൃത്തിയിലൂടെ എന്തു സന്ദേശമാണ് നല്‍കുന്നതെന്നും, 'മറ്റുള്ള പട്ടാളക്കാരെ കൂടിയാണ് അപമാനിക്കുന്നത്' എന്നും കോടതി പറഞ്ഞു.
'ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം അനുഷ്ഠിക്കാന്‍ അവകാശമുണ്ട്. മതപരമായ ആചാരങ്ങള്‍ നടത്താന്‍ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാല്‍ അത് വേണ്ട എന്നു പറയാം. എന്നാല്‍ നിങ്ങള്‍ക്ക് എങ്ങനെ അകത്ത് പ്രവേശിക്കാന്‍ വിസമ്മതിക്കാന്‍ കഴിയും?' - കോടതി ചോദിച്ചു.
ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിലെ വിസമ്മതം സേനാ വിഭാഗത്തിന്റെ അഖണ്ഡതയ്ക്കും മതേതര സ്വഭാവത്തിനും എതിരാണെന്ന് കോടതി അടിവരയിട്ടു പറഞ്ഞു.ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഉദ്യോഗസ്ഥന്റെ വാദവും കോടതിയുടെ മറുപടിയും
2017-ല്‍ ലെഫ്റ്റനന്റായി കമ്മീഷന്‍ ചെയ്യപ്പെട്ട് സിഖ് സ്‌ക്വാഡ്രനില്‍ നിയമിക്കപ്പെട്ട സാമുവല്‍ കമലേശന്‍, മതപരമായ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടുവെന്ന് വാദിച്ചാണ് ശിക്ഷാ നടപടിയെ ചോദ്യം ചെയ്തത്.
ഓഫീസറുടെ വാദം: തന്റെ വിശ്വാസത്തിന് വിരുദ്ധമായതിനാല്‍ ശ്രീകോവിലില്‍ പ്രവേശിക്കുന്നതില്‍ നിന്നും പൂജാ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടുനിന്നതിന്റെ പേരിലാണ് തന്നെ പിരിച്ചുവിട്ടതെന്ന് ഓഫീസര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ വാദിച്ചു. 'ഒരു ദൈവത്തെ ആരാധിക്കാന്‍ എന്നെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഭരണഘടന അത്രയും സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്,' എന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ നിരീക്ഷണം
'ഇത്തരത്തിലുള്ള കലഹക്കാരനായ ഒരാള്‍ അച്ചടക്കമുള്ള ഒരു സേനയ്ക്ക് സ്വീകാര്യനാണോ? ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും അച്ചടക്കമുള്ള സേനയിലെ അംഗമാണ്. എന്നിട്ടും ഇതാണോ ചെയ്യുന്നത്?' - ബെഞ്ച് ചോദ്യം ചെയ്തു. ഇത് ഒരു ആര്‍മി ഓഫീസറുടെ ഭാഗത്തുനിന്നുള്ള ഏറ്റവും ഗുരുതരമായ അച്ചടക്കമില്ലായ്മയാണ് എന്നും കോടതി വിലയിരുത്തി.
'ഇയാള്‍ സ്വന്തം സൈനികരെ അപമാനിക്കുകയല്ലേ? സ്വന്തം സൈനികര്‍ക്കൊപ്പം പോകാന്‍ പറ്റാത്തത്ര വലുതാണോ ഇയാളുടെ ഈഗോ? മതവിശ്വാസം ആചരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ 'ഇല്ല' എന്ന് പറയുന്നത് മറ്റൊരുകാര്യമാണ്. പക്ഷേ, അമ്പലത്തില്‍ പ്രവേശിക്കാന്‍ എങ്ങനെ വിസമ്മതിക്കാന്‍ കഴിയും?' - ബെഞ്ച് ചോദിച്ചു.
കൂടാതെ, അമ്പലത്തില്‍ പ്രവേശിക്കുന്നത് വിശ്വാസലംഘനമല്ല എന്ന് ഒരു പാസ്റ്റര്‍ ഉപദേശിച്ചിട്ടും ഉദ്യോഗസ്ഥന്‍ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. 'നേതാക്കള്‍ മാതൃക കാണിച്ചു നയിക്കണം. നിങ്ങള്‍ നിങ്ങളുടെ സൈനികരെ അപമാനിക്കുകയാണ്. ഇന്ത്യന്‍ ആര്‍മി അതിന്റെ മതേതര സമീപനത്തിന് പേരുകേട്ടതാണ്. അച്ചടക്കം പാലിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍... നിങ്ങള്‍ സ്വന്തം സൈനികരുടെ വികാരങ്ങളെ ബഹുമാനിക്കുന്നതില്‍ പരാജയപ്പെട്ടു,' കോടതി കൂട്ടിച്ചേര്‍ത്തു.ശിക്ഷ കുറയ്ക്കണമെന്ന ഉദ്യോഗസ്ഥന്റെ അപേക്ഷയും സുപ്രീം കോടതി തള്ളി.




