ലണ്ടന്‍: വിമാനയാത്രക്കിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം മുപ്പതിനായിരം അടി ഉയരത്തില്‍ പറക്കുന്ന ഒരു വിമാനത്തിലെ യാത്രക്കാരന്‍ ക്യാബിന്‍ വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ചത് യാത്രക്കാരെ വന്‍ പരിഭ്രാന്തിയാക്കിയിരുന്നു. മരിക്കാന്‍ പോകുകയാണ് എന്ന് കരുതി യാത്രക്കാര്‍ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കഴിഞ്ഞ മാസം 29 നാണ് സംഭവം നടന്നത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പറക്കുകയായിരുന്ന ടി.യു.ഐ കമ്പനിയുടെ ഒരു വിമാനത്തിലാണ് യാത്രക്കാരന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.

വിമാനത്തിലെ യാത്രക്കാരിയായിരുന്ന ഊരെ ഫാബുന്‍മി പറയുന്നത് തന്റെ മുന്നില്‍ ഇരുന്നിരുന്നയാള്‍ പെട്ടെന്ന് എഴുന്നേറ്റ് വിമാനത്തിന്റെ മുന്‍വശത്തേക്ക് ഓടുകയായിരുന്നു എന്നാണ്. തുടര്‍ന്ന് ഈ വ്യക്തി ക്യാബിന്‍ വാതിലുകള്‍ തുറക്കാന്‍ ഭ്രാന്തമായി ശ്രമിക്കുകയായിരുന്നു. ഇത് കണ്ട യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുകയായിരുന്നു. ചില യാത്രക്കാര്‍ ഓടിയടുത്തെത്തി ഇയാളെ തടയാന്‍ ശ്രമിച്ചിരുന്നു. ഉടന്‍ തന്നെ അവര്‍ വിമാന ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ കുഴപ്പങ്ങള്‍ സംഭവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്. ചില യാത്രക്കാര്‍ ആകാംക്ഷയോടെ വിമാനത്തില്‍ നില്‍ക്കുന്നതായും കാണാം.

അതിനിടെ വിമാന ജീവനക്കാര്‍ അവരെ ആശ്വസിപ്പിക്കുന്നതും സീറ്റുകളില്‍ പോയിരിക്കാന്‍ പറയുന്നതും കാണാം. എല്ലാ യാത്രക്കാര്‍ക്കും അവര്‍ നല്ലൊരു അവധിക്കാലവും ആശംസിക്കുന്നുണ്ടായിരുന്നു. യാത്ര അവസാനിക്കുന്ന എട്ട് മണിക്കൂറോളം ജീവനക്കാര്‍ കുഴപ്പമുണ്ടാക്കിയ യാത്രക്കാരന്റെ സമീപത്ത് തന്നെ ഇരിക്കുകയായിരുന്നു. വിമാനം ലണ്ടനില്‍ എത്തിയതിന് തൊട്ടു പിന്നാലെ പോലീസ് വിമാനത്തിനുളളില്‍ കയറി പ്രശ്നക്കാരനായ യാത്രക്കാരനെ പിടികൂടുകയായിരുന്നു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ വിമാനജീവനക്കാര്‍ ക്ഷമാപണം നടത്തി.

വിമാനത്തിലെ ഒരു യാത്രക്കാരി പിന്നീട് വെളിപ്പെടുത്തിയത് കുഴപ്പമുണ്ടാക്കിയ യാത്രക്കാരന്‍ വാതിലിന് നേര്‍ക്ക് കുതിച്ചപ്പോള്‍ താന്‍ പേടിച്ചു വിറച്ചു പോയി എന്നാണ്. സിനിമകളിലും മറ്റും കാണുന്നത് പോലെ ഇയാള്‍ വിമാനം ഹൈജാക്ക് ചെയ്യുകയാണ് എന്നും താന്‍ ഭയപ്പെട്ടു എന്നാണ് അവര്‍ വെളിപ്പെടുത്തിയത്. യാത്രയുടെ തുടക്കത്തില്‍ അയാളുടെ സീറ്റ് കണ്ടെത്താന്‍ സഹായിച്ചതും താനായിരുന്നു എന്നാണ് ഈ സ്ത്രീ പറയുന്നത്. വിമാനം യാത്രയുടെ പകുതി ദൂരം പിന്നിട്ടപ്പോഴാണ് അയാള്‍ അസ്വസ്ഥനാകാന്‍ തുടങ്ങിയത്. അത് വരെ അയാള്‍ക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. ഇയാളില്‍ പെട്ടെന്ന് ഇത്തരത്തില്‍ ഒരു പെരുമാറ്റം ഉണ്ടായത് എന്ത് കൊണ്ടാണെന്ന കാര്യം പരിശോധിക്കണം എന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. അതേ സമയം വിമാനക്കമ്പനി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.