- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണ് പൂര്‍ണ്ണമായി നീക്കിയിട്ടും ട്രക്ക് കണ്ടെത്താനായില്ല; തിരച്ചില്‍ വന്‍ മണ്‍കൂന പതിച്ച ഗംഗാവലി പുഴയിലേക്ക്; ഷിരൂരില്‍ രക്ഷാദൗത്യം തുടരുന്നു
ബെംഗ്ളൂരു : കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്ജുന് വേണ്ടിയുളള തെരച്ചില്‍ നദിയിലേക്ക് മാറ്റുമെന്ന് കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ. റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി വ്യക്തമാക്കി. വന്‍ മണ്‍കൂന പതിച്ച ഗംഗാവലി പുഴയിലേക്ക് ഇനി തിരച്ചില്‍ നീളും.
'ജിപിഎസ് സിഗ്നല്‍ കിട്ടിയ ഭാഗത്ത് 98 ശതമാനം മണ്ണും നീക്കിയെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടായിരുന്നവര്‍ നല്‍കുന്നത്. അതിനാല്‍ കരയില്‍ ട്രക്ക് ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയില്‍ വലിയ തോതില്‍ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ല. റോഡിലെ മണ്ണിനടിയിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ റോഡില്‍ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തില്‍ ഇനി തെരച്ചില്‍ പുഴയിലേക്ക് മാറ്റിയേക്കും.
നദിയിലുള്ള മണ്കൂനകളില് പരിശോധന നടത്തും. റോഡില്‍ വീണ മണ്ണ് പൂര്‍ണമായും നീക്കംചെയ്തു. റോഡിന് മുകളിലായി ലോറിയോ മനുഷ്യനെയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 'ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും രക്ഷാദൗത്യം തുടരുകയാണ്. ആരെങ്കിലും പുഴയിലേക്ക് വീണിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് കരസേനയോടും നേവിയോടും ചോദിച്ചിട്ടുണ്ട്' കര്‍ണാടക റവന്യൂ മന്ത്രി പറഞ്ഞു.
ജി.പി.എസ് ട്രാക്ക് ചെയ്ത് കൈമാറിയ സ്ഥലത്ത് ലോറിയില്ലെന്നാണ് ഇപ്പോള്‍ മന്ത്രി പറയുന്നത്. അതിനിടെ, അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ സ്ഥലം സന്ദര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മടങ്ങി. കോഴിക്കോട് എം.പി എം.കെ രാഘവനും സ്ഥലത്തുണ്ട്. എന്‍.ഡി.ആര്.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് (30) അപകടത്തില്‍പ്പെട്ടത്. അപകടശേഷം പ്രവര്‍ത്തനരഹിതമായിരുന്ന അര്‍ജുന്റെ ഫോണ്‍ മൂന്നു ദിവസത്തിനു ശേഷം വെള്ളിയാഴ്ച എട്ടു മണിയോടെ റിങ് ചെയ്തതും ലോറിയുടെ എന്ജിന് ഓണായെന്ന വിവരവും പ്രതീക്ഷ നല്കി.
'രണ്ട് കര്‍ണാടക സ്വദേശികളെയും മണ്ണിടിച്ചിലില്‍ കാണാതെ ആയിട്ടുണ്ട്. രാത്രി തെരച്ചില്‍ നടത്തരുതെന്ന് ജിയോളജിക്കല്‍ സര്‍വേ നിര്‍ബന്ധമായും പറഞ്ഞിട്ടുണ്ട്. കനത്ത മഴയുണ്ട്. അതിനാല്‍ രാത്രി ഓപ്പറേഷന് ഉണ്ടാവില്ല'. വെള്ളത്തില്‍ തെരച്ചില്‍ നടത്തുക അതീവ സങ്കീര്‍ണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും അധികൃതര്‍ അറിയിച്ചു .
അര്‍ജുന്റെ തെരച്ചിലിനായി കരസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. ബെലഗാവിയില്‍ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കല്‍. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. ഷിരൂരില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ടെന്നതാണ് തിരിച്ചടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ദുരന്ത സ്ഥലത്തെത്തിയിരുന്നു.