ഷിരൂര്‍: അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായി ഇന്ന് നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് തിരച്ചിലില്‍ നിര്‍ണായക പുരോഗതി ഉണ്ടായിട്ടുണ്ട്. അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന കയര്‍ ലഭിച്ചു. കൂടുതെ ലോഹഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ഈശ്വര്‍മ മാല്‍പെയും സംഘവും നടത്തിയ തിരച്ചില്‍ കൂടാതെ ഇനി വിപുലമായ തിരച്ചിലിലേക്ക് കടക്കാനാണ് നീക്കം. ഇതിനായി ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിക്കും.

കാര്‍വാര്‍ എം.എ.എ സതീഷ് കൃഷ്ണ സെയില്‍, മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷറഫ്, ഉത്തരകന്നഡ ജില്ലാ കളക്ടര്‍, എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഗോവയില്‍നിന്ന് ഡ്രഡ്ജര്‍ ജലമാര്‍ഗം തിങ്കളാഴ്ചയോടെ മണ്ണിടിച്ചില്‍മേഖലയിലേക്ക് എത്തിക്കും. ഇതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്. ഈ തുക കര്‍ണാടക സര്‍ക്കാര്‍ വഹിക്കും. ഡ്രഡ്ജര്‍ എത്തിക്കുന്നതോടെ ഗംഗാവലി പുഴയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കംചെയ്ത് തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍.

ഗോവയിലെ മണ്ഡോവി നദിയിലൂടെ കൊണ്ടുവരുന്ന ഡ്രഡ്ജര്‍ ഗംഗാവലി പുഴയിലേക്ക് എത്തിക്കണമെങ്കില്‍ രണ്ട് പാലങ്ങള്‍ കടക്കണം. അതിനാല്‍ പാലങ്ങള്‍ക്കടിയിലൂടെ ഡ്രഡ്ജര്‍ സുഗമമായി കടന്നുപോകാനുള്ള സജ്ജീകരണവും ഒരുക്കേണ്ടതുണ്ട്. അതേസമയം, വ്യാഴാഴ്ച സ്വാതന്ത്യദിനം ആയതിനാല്‍ തിരച്ചില്‍ ഉണ്ടാകില്ല. തിങ്കളാഴ്ച ഡ്രഡ്ജര്‍ എത്തുന്നതുവരെ നാവികസേനയുടേയും മുങ്ങല്‍വിദഗ്ധന്‍ ഈശ്വര്‍ മാല്‍പയുടേയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരും.

നേരത്തെ, തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പുഴയുടെ അടിയൊഴുക്ക് കൂടിയതിനാല്‍ എത്തിക്കാനായില്ല. അതേസമയം, വിവിധ ഫണ്ടുകളില്‍ നിന്നായി പണം കണ്ടെത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. ഇന്ന് പത്തിലേറെ തവണ ഈശ്വര്‍ മാല്‍പേ പുഴയിലിറങ്ങി തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. അടിത്തട്ടിലെ മണ്ണ് തെരച്ചിലില്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തെരച്ചിലില്‍ ഇതുവരെ ശുഭ സൂചനങ്ങള്‍ ഒന്നുമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമെന്ന് ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എമാര്‍ പറഞ്ഞു.