- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്ജുന് വേണ്ടി തിരച്ചില്‍ തുടരുന്നു; ലോറിയുടെ സ്ഥാനം കണ്ടെത്താന്‍ ഐ.എസ്.ആര്.ഒ ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കും; സൈന്യം ഉടന്‍ ദൗത്യം ഏറ്റെടുക്കും
ഷിരൂര്‍: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടാത്താനായി രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക് കടന്നു. അതേസമയം തിരച്ചില്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കാര്യമായ പുരോഗതി ഇല്ലെന്നതാണ് വസ്തുത. ഇനി സൈന്യം എത്തിയാല്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തുനിന്ന് മണ്ണ് മാറ്റുന്ന പ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ഐ.എസ്.ആര്.ഒ ലഭ്യമാക്കും. ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ലോറിയുണ്ടായിരുന്ന സ്ഥാനം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിക്കാമെന്നാണ് പ്രതീക്ഷ. കെ.സി. വേണുഗോപാല്‍ എം.പി, ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥുമായി നടത്തിയ ചര്‍ച്ചയിലാണ് ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കാമെന്ന് അറിയിച്ചത്.
അതിനിടെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയും എത്തിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയത്. കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ച് രാവും പകലും ഇല്ലാതെ രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനും കര്‍ണാടക സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.
അതേസമയം, ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് എത്തുന്നത് വൈകുമെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടുകൂടി മാത്രമേ കരസേന ഇവിടേക്ക് എത്തൂ. നേരത്തേ രാവിലെ പത്തുമണിയോടെ സൈന്യം എത്തുമെന്നായിരുന്നു സൂചന. ഗംഗാവാലി പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്താന്‍ നേവിയുടെ പ്രത്യേക സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. പുതിയ ബോട്ടുകളടക്കം ലോറിയില്‍ എത്തിച്ചു.
മണ്ണിടിച്ചിലുണ്ടായി ആറാംദിവസം രക്ഷാദൗത്യം ഊര്‍ജിതമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസങ്ങളേക്കാള്‍ കൂടുതല്‍ ടിപ്പര്‍ ലോറികളും പ്രദേശത്തുണ്ട്. അധികം വാഹനങ്ങള്‍ എത്തിയതോടെ മണ്ണുമാറ്റുന്ന പ്രവൃത്തികള്‍ വേ?ഗത്തിലായി. എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
വന്‍തോതില്‍ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്നലുകള്‍ ലഭിച്ചിരുന്നില്ല. റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലഭിച്ച സിഗ്നലുകളുടെ ഭാഗത്താണ് ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തുക. ഏകദേശം ഹൈവേയുടെ മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മണ്‍കൂനയിലാണ് യന്ത്രഭാഗത്തിന്റേതെന്ന് കരുതാവുന്ന സിഗ്നല്‍ ലഭിച്ചത്. ഇത് ലോറിയുടേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കുന്നിടിഞ്ഞ് ആറു മീറ്ററോളം ഉയരത്തില്‍ ഹൈവേയില്‍ മണ്‍കൂന രൂപപ്പെട്ടിരുന്നു. നീക്കുന്തോറും മണ്ണിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.
കഴിഞ്ഞ 16നാണ് അങ്കോലയില്‍ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവര്‍മാര്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിര്‍ത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 12 പേരാണ് മരിച്ചത്. അപകടം നടന്ന് വാഹനങ്ങള്‍ മണ്ണിനടിയിലായിട്ടും കാര്യമായ രക്ഷാപ്രവര്‍ത്തനം നടന്നിരുന്നില്ല. അര്‍ജുന്റെ തിരോധാനം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായത്.