ഷിരൂര്‍: ഷിരൂര്‍ ദുരന്തത്തില്‍ മരിച്ച അര്‍ജുന് വേണ്ടിയുള്ള തിരിച്ചില്‍ ഒമ്പതാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. ഇന്ന് ബൂം എക്‌സവേറ്റര്‍ സ്ഥലത്ത് എത്തിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. 60 അടി ആഴത്തില് വരെ ഈ എക്‌സകവേറ്റര്‍ ഉപയോഗിച്ചു പരിശോധിക്കാം എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തകരും പ്രതീക്ഷയിലാണ്.

അതിനിടെ അര്‍ജുന്റെ ലോറി ഷിരൂര്‍ കുന്നിനു സമീപം ദേശീയപാതയില്‍നിന്നു പുഴയിലേക്കു വീഴുന്നതു കണ്ടെന്നും പുഴയുടെ അരികില്‍ തന്നെ ലോറി ഉണ്ടാവാമെന്നും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തലും പുറത്തുവരുന്നു. നാഗേഷ് ഗൗഡ എന്നയാളാണ് ഈ വെളിപ്പെടുത്തല്‍ ചാനലുകള്‍ക്ക് മുമ്പില്‍ നടത്തിത്. മനോരമയോടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതോടെ അര്‍ജുന്റെ ലോറി പുഴയ്ക്കരികില്‍ മണ്ണിനടിയില്‍ ഉണ്ടാകാം എന്നാ നിഗമനം.

കുന്നില്‍നിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേക്ക് നീങ്ങി വരുന്നതു കണ്ടുവെന്നാണ് നാഗേഷ് ഗൗഡ വെളിപ്പെടുത്തുന്നത്. ഇങ്ങനെ വന്ന ടണ്‍ കണക്കിനു മണ്ണ് പുഴയുടെ തീരത്തുണ്ടായിരുന്ന ചായക്കടയാണ് ആദ്യം പുഴയിലേക്കു തള്ളിയത്. പിന്നാലെയാണു തടി കയറ്റിയ ഒരു ലോറി പുഴയിലേക്കു വീഴുന്നത് കണ്ടുവെന്നും നാഗേഷ് വെളിപ്പെടുത്തുന്നു.

"ഇതേസമയം കുന്നിന്റെ മുകളിലുണ്ടായിരുന്ന ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റും പൊട്ടി താഴേക്കു വരുന്നുണ്ടായിരുന്നു. ഈ ലൈന്‍ പുഴയിലേക്കു വീണ ഉടനെ വെള്ളം പെട്ടെന്ന് സുനാമി പോലെ ഉയര്‍ന്നു കരയിലേക്ക് ഇരച്ചുകയറി വീടുകള്‍ തകര്‍ത്തു. പിന്നീട് കുറെ മത്സ്യങ്ങളും ചത്ത നിലയില്‍ കണ്ടെത്തി. കരയിലെ തെങ്ങുകളും നശിച്ചു. തീരത്തുണ്ടായിരുന്ന നാലു കുട്ടികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പരുക്കേറ്റ് ആശുപത്രിയിലായി" നാഗേഷ് പറഞ്ഞതായി മാനോരമ റിപ്പോര്‍ട്ടു ചെയ്തു.

ലോറിയുടെ പിറകു വശവും ലോറിയിലെ വിറകും മാത്രമാണു കണ്ടതെന്നും മുന്‍ഭാഗം കുന്നിന്റെ ഭാഗത്തേക്കായിരുന്നതിനാല്‍ ലോറിയുടെ നിറം ഏതാണെന്നു മനസിലായില്ലെന്നും ദക്‌സാക്ഷി പറയുന്നു. അതേസമയം ഇന്ന് ഗംഗാവാലി പുഴയില്‍ 'ഐബോഡ്' സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് തിരിച്ചില്‍ നടത്താന്‍ പദ്ധതിയിട്ടത്. എന്നാല്‍ ഐബോഡ്( ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിക്റ്റക്ഷന്‍) ബാറ്ററി ഡല്‍ഹിയില്‍നിന്ന് എത്താന്‍ വൈകുന്നതാണ് കാരണം.

ഡ്രോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഈ അത്യാധുനികമായ ഈ സ്‌കാനര്‍ സംവിധാനം ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയില്‍ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്‌നലുകള്‍ കണ്ടെത്തുന്ന ഉപകരണമാണ്. കഴിഞ്ഞവര്‍ഷത്തെ സിക്കിം പ്രളയത്തില്‍ തെരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വന്‍സി സ്‌കാനര്‍ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്. 17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും ഇത് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു.

മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകുന്നുണ്ട്. അതേസമയം, രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കര്‍ണാടക ഹൈകോടതിയില്‍ വ്യക്തമാക്കി. അര്‍ജുനെ കാണാതായെന്നു പരാതി കിട്ടിയ ഉടന്‍ തിരച്ചില്‍ തുടങ്ങി. 19ന് രാത്രി പരാതി കിട്ടി, 20ന് കരയില്‍ അര്‍ജുനായി തിരച്ചില്‍ തുടങ്ങിയെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. കേസ് ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.