- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നദിയില്‍ ട്രക്ക് കണ്ടെത്തി: വെളിപ്പെടുത്തലുമായി കര്‍ണാടക മന്ത്രി; കണ്ടെത്തിയത് അര്‍ജുന്റെ ലോറിയെന്ന് സൂചന; ബൂം എക്സവേറ്റര്‍ ഉപയോഗിച്ച് പുറത്തെടുക്കും
ഷിരൂര്‍: അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഒമ്പതാം ദിവസം നിര്‍ണായക പുരോഗതി. കര്‍ണാടകയിലെ ഷിരൂരിലെ ഗംഗാവലിയില്‍ നദിയില്‍ ഒരു ട്രേക്ക് കിടക്കുന്ന സ്ഥലം കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. എക്‌സിലെ പോസ്‌ററിലൂടെയാണ് മന്ത്രിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്കവേയാണ് നിര്‍ണായക കണ്ടെത്തല്‍. ബൂം മണ്ണുമാന്തി യന്ത്രം ഗംഗാവലി നദിയിലെ മണ്‍കൂനയിലാണ് തിരച്ചില്‍ നടത്തുന്നത്. പുഴക്കരയിലെ മണ്ണിന് ഉറപ്പില്ലാത്തതിനാല്‍ യന്ത്രം നദിയുടെ കൂടുതല്‍ അടുത്തേക്ക് കൊണ്ടുപോകാനായിട്ടില്ല. അതുകൊണ്ട് കൂടുതല്‍ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ കഴിയുന്നില്ല.
മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി നടത്തിയ തിരച്ചിലില്‍ ലോറിയുടെ ലൊക്കേഷന്‍ എന്ന് സംശയിക്കുന്ന ചിത്രം നേവി പുറത്തുവിട്ടിരുന്നു. സോണാര്‍ സിഗ്‌നല്‍ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ലോങ് ആം ബൂമര്‍ എക്സ്‌കവേറ്റര്‍ നദിയില്‍ ഡ്രഡ്ജ് ചെയ്യാന്‍ ഉപയോഗിക്കും. ലോഹത്തിന് സമാനമായ വസ്തു നേരത്തെ കണ്ടെത്തിയിരുന്നു. ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഉന്നത ഉദ്യോഗസ്ഥര്‍ അല്‍പ്പസമയത്തിനകം അപകടസ്ഥലത്ത് എത്തും.
വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാര്‍. ഇന്നലെ പുഴയില്‍നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുന്നിടിഞ്ഞു പുഴയിലേക്കു വീണ് കരയിലേക്കു വെള്ളം ഇരച്ചുകയറിയപ്പോള്‍ കാണാതായ സന്നി ഹനുമന്ത ഗൗഡയുടെ (65) മൃതദേഹമാണ് 4 കിലോമീറ്റര്‍ അകലെ മഞ്ചിഗുണി ഗ്രാമത്തില്‍നിന്നു ലഭിച്ചത്. സന്നി മണ്ണിനടിയിലായെന്നു കരുതിയിരിക്കെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.
16ന് രാവിലെ 8.30ന് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്കുകകൂടി വ്യാപിപ്പിച്ചത്. റഡാര്‍ പരിശോധനയില്‍ പുഴയില്‍നിന്ന് ചില സിഗ്‌നലുകള്‍ ലഭിച്ചിരുന്നു.