തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പൊതുരംഗത്ത് നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ, പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങിലൂടെ വീണ്ടും സജീവമായിരിക്കുകയാണ്. ബിജെപിയുടെയോ, യുവമോര്‍ച്ചയുടെയോ ഡിവൈഎഫ്‌ഐയുടെയോ പ്രതിഷേധം ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവില്‍, രാഹുല്‍ ഒരു വയോധികയെ സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ നടി സീമ ജി. നായര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി. 'ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ' എന്നാണ് സീമ വീഡിയോ പങ്കുവെച്ച് കുറിച്ചത്.

വീഡിയോയില്‍, ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന വയോധിക 'എന്റെ മോന്‍ വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍' എന്ന് പറയുന്നതായി കേള്‍ക്കാം. ഫോണിന്റെ മറുതലയ്ക്കലുള്ള ആളോട് രാഹുല്‍ തന്റെ അടുത്തിരിക്കുന്നു എന്ന് പറഞ്ഞശേഷം ഫോണ്‍ രാഹുലിന് കൈമാറി. തുടര്‍ന്ന് രാഹുല്‍ അവരുമായി സംസാരിച്ചു.

രാഹുല്‍, വയോധികയുമായി സംസാരിക്കുന്നതും, അവര്‍ അദ്ദേഹത്തെ വാത്സല്യത്തോടെ തലോടുന്നതും ദൃശ്യങ്ങളില്‍ കാണാം. രാഹുലിനെ കണ്ടതിലുള്ള സന്തോഷം വയോധിക വീഡിയോയില്‍ ഉടനീളം പ്രകടിപ്പിക്കുന്നുണ്ട്. ഒപ്പം, രാഹുലിനോട് വഴിപാടുകള്‍ നടത്താനും ക്ഷേത്രദര്‍ശനം നടത്താനും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ഒരാള്‍ രാഹുലിന് വേണ്ടി ക്ഷേത്രത്തില്‍ വഴിപാട് കഴിച്ചതായും എംഎല്‍എയോടൊപ്പം എത്തിയയാള്‍ പറയുന്നു.


'ഇതുപോലെ ഒരുപാട് അമ്മമാരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും രാഹുലിനുണ്ട്' എന്ന് സീമ വീഡിയോക്ക് അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. എന്നാല്‍, വീഡിയോക്കെതിരെ വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്തെത്തിയപ്പോള്‍ രൂക്ഷമായ ഭാഷയില്‍ സീമ മറുപടി നല്‍കിയിട്ടുണ്ട്.

നേരത്തെ, കെ.എസ്.ആര്‍.ടി.സി ബസ് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിനിടെയാണ് ഈ വീഡിയോ പുറത്തുവരുന്നത്. ഡിവൈഎഫ്‌ഐ, സിഐടിയു, ബിജെപി തുടങ്ങിയ സംഘടനകളും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പൊതു പരിപാടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു