കണ്ണൂര്‍: യാത്രയയപ്പു ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്നുമാണ് കളക്ടര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ തെറ്റ് എന്ന് നവീന്‍ ഉദ്ദേശിച്ചത് എന്താകാമെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നില്ല.

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന് കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയില്‍ പറയുന്നു. എന്നാല്‍, ഇത് കൈക്കൂലി വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള കുറ്റസമ്മതമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. കളക്ടറുടെ മൊഴി നവീന്‍ അഴിമതി നടത്തിയെന്നതിന് തെളിവായി കാണാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

മരിച്ച വ്യക്തി സത്യസന്ധതയില്ലാത്ത ആളാണെന്നോ കൈക്കൂലി വാങ്ങിയെന്നോ ദിവ്യയ്ക്ക് വിവരമുണ്ടായിരുന്നെങ്കില്‍ നിയമവഴി സ്വീകരിക്കേണ്ടിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാജ്യത്ത് അതിന്റേതായ സംവിധാനങ്ങളും അധികാരികളുമുണ്ട്. ആരും നിയമം കൈയിലെടുക്കാന്‍ പാടില്ല.

കൈക്കൂലി വാങ്ങിയെന്ന ആരോപണമുണ്ടായിരുന്നെങ്കില്‍, ദിവ്യയെപ്പോലെ അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തക ഉചിതമായ ഫോറത്തേയോ അധികാരികളേയോ ആയിരുന്നു സമീപിക്കേണ്ടിയിരുന്നത്. അങ്ങനെ ചെയ്യുന്നതിന് പകരം, അഴിമതിക്കെതിരായ പോരാട്ടമെന്ന വ്യാജേന അപമാനിക്കുയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് അധിക്ഷേപപരാമര്‍ശം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

ഗൗരവതരമായ കണ്ടെത്തലുകള്‍

മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി ഉത്തരവില്‍ പിപി ദിവ്യയ്‌ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണുള്ളത്. സാധാരണ പുറപ്പെടുവിക്കാറുള്ള മുന്‍കൂര്‍ ജാമ്യ ഉത്തരവുകളേക്കാള്‍ സമഗ്രമായ വിധിയില്‍ കേസിന്റെ നിയമപരമായ നിലനില്‍പ്പ് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ക്ഷണിച്ചിട്ടാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളയുകയായിരുന്നു.

പൊതുപ്രവര്‍ത്തകയായ താന്‍ അഴിമതിക്കെതിരെ കര്‍ശന നിലപാട് എടുക്കുന്നയാളാണ്. തീര്‍ത്തും സദുദ്ദേശപരമായിരുന്നു അന്നത്തെ പ്രസംഗം. സമൂഹത്തിനു മുന്നില്‍ ആ സന്ദേശം എത്തിക്കാനായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. ദിവ്യയുടെ ഈ വാദങ്ങള്‍ ഓരോന്നും കോടതി തള്ളിക്കളയുന്നുണ്ട്. ക്ഷണിക്കാത്ത സ്വകാര്യ ചടങ്ങില്‍ വീഡിയോഗ്രാഫറുമായി എത്തുന്നതിന്റെ ലക്ഷ്യമെന്തെന്ന് മനസിലാവുന്നില്ലെന്ന് നിരീക്ഷിച്ച തലശ്ശേരി സെഷന്‍സ് കോടതി ജഡ്ജ് കെടി നിസാര്‍ അഹമ്മദ് വീഡിയോ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കണ്ടെത്തി. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ ടിവി പ്രശാന്ത് എഡിഎമ്മിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന് ഒരു തെളിവും ഹാജരാക്കാന്‍ പ്രതിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഗംഗാധരന്‍ എന്ന മറ്റൊരു പരാതിക്കാരനെപ്പറ്റി ദിവ്യ പറയുന്നുണ്ട്. എന്നാല്‍, ആ പരാതിയില്‍ നവീന്‍ ബാബു അഴിമതി കാട്ടിയെന്ന ആരോപണമേ ഇല്ലെന്ന കുടുംബത്തിന്റെ വാദമാണ് കോടതി അംഗീകരിച്ചത്.

പ്രസംഗം ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചതല്ലെന്നും അതിനാല്‍ പ്രേരണാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു ദിവ്യയുടെ മറ്റൊരു വാദം. എന്നാല്‍ പ്രസംഗവും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ നവീന്റെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന വസ്തുത ചൂണ്ടിക്കാട്ടി ആ വാദവും കോടതി തള്ളിക്കളഞ്ഞു. കേസ് നിലവിലുണ്ടെന്ന് അംഗീകരിച്ചാലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന ദിവ്യയുടെ വാദം സുമിത പ്രദീപ് വേഴ്‌സസ് അരുണ്‍ കുമാര്‍ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് കോടതി തള്ളിയത്.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് മുന്‍കൂര്‍ ജാമ്യം നല്‍കുമ്പോള്‍ കണക്കിലെടുക്കേണ്ട പല ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്. ഇക്കാര്യം മാത്രം പരിഗണിച്ച് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും കോടതി ഉത്തരവില്‍ പങ്കുവെച്ചു.

തെളിവില്ലാത്ത ആരോപണം

യാത്രയയപ്പ് ചടങ്ങ് നടന്ന ദിവസം രാവിലെ മറ്റൊരു പരിപാടിയില്‍വെച്ച് എ.ഡി.എം. എന്‍.ഒ.സി. ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് ദിവ്യ തന്നോട് പറഞ്ഞതായി കളക്ടര്‍ മൊഴി നല്‍കി. ഇക്കാര്യത്തില്‍ പരാതിക്കാരുടെ രേഖാമൂലമുള്ള പരാതിയോ തെളിവോ ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ ദിവ്യ പരാതി പരിശോധിക്കണമെന്ന് പറഞ്ഞു. തെളിവോ വ്യക്തമായ ബോധ്യമോ ഇല്ലെങ്കില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയതായി വിധി പകര്‍പ്പില്‍ പറയുന്നു.

രാവിലെ പങ്കെടുത്ത പരിപാടിക്കിടെ ദിവ്യ കളക്ടറോട് പെട്രോള്‍ പമ്പിന്റെ വിഷയം സംസാരിച്ചിരുന്നു. പരാതി എഴുതി നല്‍കാന്‍ പി പി ദിവ്യയോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തെളിവില്ലെന്നായിരുന്നു പിപി ദിവ്യയുടെ മറുപടി. വേണ്ടത്ര തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് കളക്ടര്‍ ഉപദേശിച്ചു. ദിവ്യ പരിപാടിക്ക് എത്തില്ലെന്നായിരുന്നു കരുതിയതെന്നും കളക്ടറുടെ മൊഴിയിലുണ്ട്. വിധി പകര്‍പ്പിലാണ് കളക്ടറുടെ മൊഴി സംബന്ധിച്ച വിവരങ്ങളുള്ളത്.

എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തില്‍ പങ്കെടുത്തത് കലക്ടറുടെ ക്ഷണപ്രകാരമെന്ന ദിവ്യയുടെ വാദത്തിനെതിരാണ് കലക്ടറുടെ മൊഴി. ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണെന്നും അവര്‍ ക്ഷണിച്ചിട്ടാണ് താനും പങ്കെടുത്തതെന്നും കലക്ടറുടെ മൊഴിയിലുണ്ട്.

ക്ഷണിക്കേണ്ടത് താന്‍ അല്ലെങ്കിലും അന്നു രാവിലെ മറ്റൊരു പരിപാടിയില്‍ ദിവ്യയ്ക്കൊപ്പം പങ്കെടുത്തപ്പോള്‍ വൈകിട്ട് എഡിഎമ്മിന്റെ യാത്രയയപ്പുയോഗം നടക്കുന്ന കാര്യം പറഞ്ഞിരുന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നത് എഡിഎം വൈകിപ്പിച്ചെന്നും കൈക്കൂലി വാങ്ങിയെന്നും അപ്പോള്‍ ദിവ്യ പറഞ്ഞു. തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്നും പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നല്‍കണമെന്നുമാണു മറുപടി പറഞ്ഞത്.

യാത്രയയപ്പുയോഗം തുടങ്ങിയോ എന്നു ചോദിച്ച് വൈകിട്ട് 3.30ന് ദിവ്യ വീണ്ടും വിളിച്ചു. രാവിലത്തെ ആരോപണം ഉന്നയിക്കേണ്ട വേദിയല്ല യാത്രയയപ്പുയോഗമെന്ന് അപ്പോഴും ദിവ്യയോടു പറഞ്ഞിരുന്നുവെന്നും കലക്ടറുടെ മൊഴിയില്‍ പറയുന്നു.

യോഗത്തില്‍ തന്നെ സംസാരിക്കാന്‍ ക്ഷണിച്ചത് ഡപ്യൂട്ടി കലക്ടര്‍ കെ.വി.ശ്രുതിയാണെന്നാണു ദിവ്യയുടെ മറ്റൊരു വാദം. എന്നാല്‍, വേദിയിലേക്കു കടന്നുവന്ന ദിവ്യ, മൈക്രോഫോണ്‍ സ്വയം ഓണ്‍ ചെയ്ത് സംസാരിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നാണു ശ്രുതിയുടെ മൊഴി.

ദൃശ്യങ്ങള്‍ പകര്‍ത്തിയത് കുടുക്കാന്‍

യോഗത്തിലേക്കു ക്യാമറമാനെ അയയ്ക്കണമെന്നാവശ്യപ്പെട്ട് ഉച്ചയ്ക്ക് 2.10ന് ദിവ്യ വിളിച്ചിരുന്നതായി കണ്ണൂര്‍ വിഷന്‍ ചാനല്‍ ബ്യൂറോ ചീഫ് മനോജ് മയ്യിലിന്റെ മൊഴിയില്‍ പറയുന്നു. ദിവ്യ ആവശ്യപ്പെട്ടതു പ്രകാരം ക്യാമറ യൂണിറ്റ് അയച്ചു. പരിപാടി കഴിഞ്ഞശേഷം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു വീണ്ടും വിളിച്ചു. വാര്‍ത്ത നല്‍കും മുന്‍പേ ദൃശ്യങ്ങള്‍ ദിവ്യയ്ക്ക് അയച്ചുകൊടുത്തതെന്നും മനോജിന്റെ മൊഴിയിലുണ്ട്.

ഈ ദൃശ്യങ്ങള്‍ ദിവ്യതന്നെയാണു മറ്റു ചാനലുകള്‍ക്കും വിവിധ ഗ്രൂപ്പുകളിലും ഫോര്‍വേഡ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. റവന്യു ഉദ്യോഗസ്ഥരുടെ വിവിധ ഗ്രൂപ്പുകളിലൂടെ നിമിഷങ്ങള്‍ക്കകം ഇതു പ്രചരിച്ചതോടെ നവീന്‍ബാബു മാനസിക സംഘര്‍ഷത്തിലായെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

അതേ സമയം പി പി ദിവ്യ ഉയര്‍ത്തിയ എല്ലാ വാദങ്ങളെയും തള്ളിയായിരുന്നു പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയുടെ വിധിന്യായം പുറത്തുവരുന്നത്. വിധിയില്‍ ആത്മഹത്യ പ്രേരണക്കുറ്റം പി പി ദിവ്യക്കെതിരെ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് പി പി ദിവ്യ അര്‍ഹയല്ലെന്നും ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ ഇവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മുന്‍കൂര്‍ ജാമ്യം ലഭിക്കുന്ന കേസാണെന്ന് വ്യക്തമാക്കാന്‍ പി പി ദിവ്യയുടെ അഭിഭാഷകന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പി പി ദിവ്യ കളക്ടറേറ്റില്‍ വെച്ച് നടത്തിയ പെരുമാറ്റം അപക്വമായിരുന്നുവെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും വിധിയില്‍ പറയുന്നു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ ആവശ്യമായ കേസാണിത്. ദിവ്യ ചെയ്തതെല്ലാം കൃത്യമായ ആസൂത്രണത്തോടെയാണ്. ഒരാളെ വ്യക്തിഹത്യ നടത്തുകയായിരുന്നു പി പി ദിവ്യ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. സുതാര്യമായ നിലപാടുള്ളയാളായിരുന്നു നവീന്‍ ബാബു. ബഹുമാനിക്കുന്ന, ഔന്നത്യമുള്ള വ്യക്തിത്വമായിരുന്നു നവീന്‍ ബാബുവെന്നും കോടതി വിധിയിലുണ്ട്.