കണ്ണൂര്‍: സി.പി.എം ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി പരിശോധിക്കുന്നതിനായി ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റി യോഗവും അടിയന്തരമായി വിളിച്ചു ചേര്‍ക്കും. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി ഇഴകീറി പരിശോധിക്കുന്നതിനാണ് ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത്.

തെക്കന്‍ ജില്ലകള്‍ക്ക് സമാനമായി യു.ഡി. എഫ് തരംഗമുണ്ടായില്ലെങ്കിലും പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുളള വോട്ടു ചോര്‍ച്ച അതീവ ഗൗരവതരമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കീഴ്ഘടകങ്ങളില്‍ നിന്നും നല്‍കിയ കണക്കുകള്‍ അമ്പാടെ തെറ്റിപോയതാണ് സി.പി.എം നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. സാധാരണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതു സംഭവിക്കാറുണ്ടെങ്കിലും തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുകളില്‍ അപൂര്‍വ്വമാണ്.

കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സി.പി.എം. കണ്ണൂര്‍ കോര്‍പറേഷന്‍ പരമ്പരാഗതമായി യു.ഡി. എഫ് മേധാവിത്വം പുലര്‍ത്താറുണ്ടെങ്കിലും ഇക്കുറി നാല് സീറ്റു നേടികൊണ്ടുളള ബി.ജെ.പിയുടെ മുന്നേറ്റമാണ് തലവേദനയായിരിക്കുന്നത്. സി.പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസ് നില്‍ക്കുന്ന തളാപ്പ് ടെംപിള്‍ വാര്‍ഡില്‍ ബി.ജെ.പിയാണ് ജയിച്ചത്. ഇവിടെ കോണ്‍ഗ്രസ് രണ്ടാമതും സി.പി. എം മൂന്നാം സ്ഥാനത്താണ്. നൂറില്‍ താഴെ വോട്ടാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

രണ്ടുസീറ്റുകളാണ് സി.പി. എമ്മിന് കോര്‍പറേഷനില്‍ നഷ്ടമായത്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെ ഇറക്കിയിട്ടു പോലും പാര്‍ട്ടിക്ക് പച്ച തൊടാനായില്ല. കഴിഞ്ഞ തവണ പിടിച്ചെടുത്ത മലയോര മേഖലയിലെ എട്ടുപഞ്ചായത്തുകള്‍ ഇക്കുറി യു.ഡി. എഫ് തിരിച്ചുപിടിച്ചു. കേരളാ കോണ്‍ഗ്രസ് ( എം) മുന്നണി മാറിയപ്പോള്‍ ലഭിച്ച കണിച്ചാര്‍, ഉദയഗിരി, ആറളം, കേളകം, പയ്യാവൂര്‍, ചെറുപുഴ, അയ്യന്‍ങ്കുന്ന്, എന്നീ ഗ്രാമപഞ്ചായത്തുകളാണ് നഷ്ടമായത്. ഇതുകൂടാതെ നാറാത്ത്, കുന്നോത്ത് പറമ്പ് പഞ്ചായത്തുകളും കൈയ്യില്‍ നിന്നും പോയി. പാര്‍ട്ടി ജില്ലാസെക്രട്ടറി കെ.കെ രാഗേഷിന്റെ പഞ്ചായത്തായ മുണ്ടേരിയില്‍ പതിനൊന്ന് വീതം സീറ്റുകള്‍ നേടി യു.ഡി. എഫുമായി സമനില പാലിക്കേണ്ടി വന്നു. ഇവിടെ നറുക്കെടുപ്പിലൂടെയാണ് ഭരണം നിശ്ചയിക്കുക.

രാഗേഷിന്റെ സഹോദരഭാര്യയും മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അനിഷ ജില്ലാസെക്രട്ടറിയുടെ വാര്‍ഡില്‍ തോല്‍ക്കുകയും ചെയ്തു. മുപ്പതുവര്‍ഷമായി സി.പി.എം സമഗ്രാധിപത്യം പുലര്‍ത്തിയിരുന്ന കൂടാളി പഞ്ചായത്തിലെ കൊളപ്പ വാര്‍ഡ് യു.ഡി. എഫ് പിടിച്ചെടുത്തതിന് പുറമേ കാവുന്താഴെ വാര്‍ഡില്‍ സമനില പാലിക്കേണ്ടിയും വന്നു. ഇവിടെ നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി ജയിച്ചു കയറിയത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ മണ്ഡലത്തിലെ തളിപ്പറമ്പ് ബ്ളോക്കില്‍ ചരിത്രത്തിലാദ്യമായി യു.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ. മോഹനന്‍ ജയിച്ചു കയറിയത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കല്യാശേരിയില്‍ ബി.ജെ.പി എട്ടിടത്ത് രണ്ടാംസ്ഥാനത്ത് എത്തിയതും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജന്റെ പാപ്പിനിശേരി പഞ്ചായത്തില്‍ അക്കൗണ്ടു തുറന്നതും വലിയ തിരിച്ചടിയായി മാറി. ജില്ലയിലാകെ 123 വാര്‍ഡുകളാണ് യു.ഡി. എഫ് നേടിയത്. നഗരസഭകളിലും ബ്ളോക്കുകളിലും 36- വാര്‍ഡുകളാണ് എല്‍.ഡി. എഫിന് നഷ്ടമായത്.

കോണ്‍ഗ്രസില്‍ നിന്ന് കടമ്പൂര്‍ പഞ്ചായത്ത് തിരിച്ചു പിടിച്ചതും മുഴപ്പിലങ്ങാട് പഞ്ചായത്ത് നിലനിര്‍ത്തിയതും ഇതിനിടെയിലും ആശ്വസിക്കാന്‍ വകനല്‍കിയിട്ടുണ്ട്. പാര്‍ട്ടി അണികളുടെയും കുടുംബങ്ങളുടെയും വോട്ടുചോര്‍ച്ചയാണ് പാര്‍ട്ടിയെ കുഴക്കുന്നത്. സി.പി. എം കാലങ്ങളായി ഭരിച്ച ചെമ്പിലോട് പഞ്ചായത്തില്‍ ഒരു സീറ്റിന്റെ ബലത്തിലാണ് ഭരണം നേടിയത്. അഞ്ചരക്കണ്ടിയില്‍ യു.ഡി. എഫ് സീറ്റു നില ആറായി ഉയര്‍ത്തി. പാര്‍ട്ടിയുടെ പൊന്നാപുരം കോട്ടയായ പെരളശേരിയില്‍ നാലുസീറ്റുകള്‍ നേടി യു.ഡി.എഫ് കരുത്ത് കാണിച്ചു. പാര്‍ട്ടി ശക്തി കേന്ദ്രമായ കിലാലൂരില്‍ വെറും 23 വോട്ടുകള്‍ക്ക് മാത്രം ജയിച്ചത് ഇനിയും നേതൃത്വത്തിന് ഉള്‍ക്കൊളളാനായിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കവെ സംഘടനാപരമായി സംഭവിച്ച വീഴ്ച്ചകള്‍ പരിഹരിച്ചു തെറ്റുതിരുത്തി മുന്‍പോട്ടു പോകുമെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും ചില കേന്ദ്രങ്ങളില്‍ വോട്ടുചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നും രാഗേഷ് പറഞ്ഞു. ഇതിനൊപ്പം പയ്യന്നൂര്‍ കാര വാര്‍ഡില്‍ സി.പി. എം വിമത സ്ഥാനാര്‍ത്ഥിയും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ വൈശാഖ് പാര്‍ട്ടിയെ വെല്ലുവിളിച്ചു മത്സരിച്ചു ജയിച്ചതിനെ കുറിച്ചു അന്വേഷിക്കാന്‍ പയ്യന്നൂര്‍ ഏരിയാ നേതൃത്വവും അടിയന്തര യോഗം ചേരുന്നുണ്ട്.