- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജന്‍ മര്‍ദനത്തെ തുടര്‍ന്ന് കക്കയം ക്യാംപില്‍ മരിച്ചു എന്ന് സാഹചര്യ തെളിവുകളില്‍നിന്നു അനുമാനിക്കാം; എന്നാല്‍ മൃതദേഹം കണ്ടെടുത്തിട്ടില്ല; അതു നശിപ്പിച്ചതായും തെളിയിച്ചിട്ടില്ല; അതിനാല്‍ കൊലക്കുറ്റം സംശയാതീതമായി തെളിയിച്ചിട്ടില്ല; ഷാബാ ഷെരീഫ് കേസില്‍ സുജിത് ദാസും സംഘവും മറികടന്നത് കോയമ്പത്തൂര്‍ കോടതിയുടെ ആ പഴയ വിധി; മൃതദേഹം ഇല്ലെങ്കിലും കൊലപാതകം തെളിയിച്ച മലപ്പുറം എഡിഷന്; കേരളാ പോലീസിന് മറ്റൊരു ചരിത്ര ദിനം
മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ നിലമ്പൂരില്‍ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാകോടതി ഒന്നില്‍ ജഡ്ജ് വിധി പറയുമ്പോള്‍ അത് കേരളാ പോലീസിന്റെ അന്വേഷ ചരിത്രത്തിലെ മറ്റൊരു പൊന്‍തൂവല്‍. 2019 ഓഗസ്റ്റ് ഒന്നിന്, മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോര്‍ത്താന്‍ പാമ്പര്യ വൈദ്യനായ ഷാബാ ഷരീഫിനെ മൈസൂരുവിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുവന്ന് മുക്കട്ടയിലെ വീട്ടില്‍ താമസിപ്പിച്ചെന്നും 2020 ഒക്ടോബര്‍ 8ന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് കേസ്. പ്രവാസിയായ ഷൈബിന്‍ അഷ്റഫായിരുന്നു പ്രധാന പ്രതി. നാവികസേനാ സംഘത്തെ ഉള്‍പ്പെടെ തിരച്ചിലിന് ഇറക്കിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അത്തരമൊരു കേസിലാണ് സുപ്രാധാന വിധി. രാജന്‍ കേസില്‍ മാത്രമാണ് അന്വേഷകര്‍ക്ക് മൃതദേഹം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതി കേരളത്തിലെ പ്രമാദമായ കേസിലുണ്ടായിരുന്നത്. അന്ന് വിചാരണ നടന്നത് കേരളത്തിന് പുറത്താണ്. രാജന്‍ കേസില്‍ കൊലപാതകം തെളിയാതെ പോവുകയും ചെയ്തു. ചേകന്നൂര്‍ മൗലവി കേസിലും ഇതു സംഭവിച്ചു. പക്ഷേ ഷാബാ ഷെരീഫില്‍ കൊല തെളിയുന്നു. തട്ടിക്കൊണ്ടു പോകലും തടവില്‍ പാര്‍പ്പിച്ചതും തെളിഞ്ഞു. പക്ഷേ മനപ്പൂര്‍വ്വമുള്ള നരഹത്യയായും കേസ് വരുന്നു. മൃതദേഹം നശിപ്പിച്ചതും തെളിഞ്ഞു. ഈ കേസില്‍ എല്ലാം കണ്ടെത്തിയതും വിചാരണയില്‍ നിര്‍ണ്ണായക നിലപാടുകളെടുത്തതും കേരളാ പോലീസായിരുന്നു. മലപ്പുറത്ത് മുമ്പ് എസ് പിയായിരുന്ന സുജിത് ദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. കേസില്‍ ഏഴാം പ്രതിയായിരുന്ന നൗഷാദിനെ മാപ്പുസാക്ഷിയാക്കിയ പ്രോസിക്യൂഷന്‍ നടപടിയും കേസില്‍ നിര്‍ണ്ണായകമായി. ഈ കേസ് അന്വേഷണത്തിനിടെ പ്രതി ഷൈബിന്‍ അഷ്റഫിനെതിരേ അബുദാബി ഇരട്ടക്കൊലപാതകത്തിലും തെളിവുകള്‍ പുറത്തു വന്നു. ഈ കേസില്‍ സിബിഐയാണ് അന്വേഷണം നടത്തുന്നത്. ഇതും പുറത്തെത്തിച്ചത് ഷാബാ ഷെരീഫ് കൊലപാതകമായിരുന്നു. അങ്ങനെ കേരളാ പോലീസിന്റെ അന്വേഷണ മികവ് രണ്ട് കേസുകളില്‍ ഷെബിന്‍ അഷ്റഫ് കുടുങ്ങി.
രാജന്‍ കൊലക്കേസില്‍ ക്രിമിനല്‍ കേസ് വിസ്തരിച്ച കോയമ്പത്തൂര്‍ കോടതിയുടെ വിധിയില്‍ പറയുന്നത് ഇങ്ങനെയാണ്. ''പി.രാജന്‍ മര്‍ദനത്തെ തുടര്‍ന്ന് കക്കയം ക്യാംപില്‍ മരിച്ചു എന്ന് സാഹചര്യത്തെളിവുകളില്‍നിന്നു അനുമാനിക്കാം. എന്നാല്‍ മൃതദേഹം കണ്ടെടുത്തിട്ടില്ല. അതു നശിപ്പിച്ചതായും തെളിയിച്ചിട്ടില്ല. അതിനാല്‍ കൊലക്കുറ്റം സംശയാതീതമായി തെളിയിച്ചിട്ടില്ല''-ഇതായിരുന്നു ആ വരികള്‍. അതുകൊണ്ട് തന്നെ മൃതദേഹം കിട്ടാത്ത ഷാബാ ഷെരീഫ് കേസിലെ ഈ വിധി പ്രോസിക്യൂഷനും പോലീസിനും നിര്‍ണ്ണായകമാണ്. സുജിത് ദാസിന്റെ നേതൃ മികവാണ് നിര്‍ണ്ണായകമായതെന്ന് പ്രോസിക്യൂഷനും പറയുന്നു. 3,177 പേജുകളുള്ള കുറ്റപത്രമാണ് നിലമ്പൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്്. കേസെടുത്ത് അന്വേഷണം ആരംഭിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായതിനാല്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒഴിവാകുകയും ചെയ്തു. നിലമ്പൂര്‍ സ്വദേശി ഷൈബിന്‍ അഷ്‌റഫാണ് പ്രധാന പ്രതി. പ്രതിപ്പട്ടികയിലുള്ള പന്ത്രണ്ടുപേരില്‍ മൂന്നുപേരെ പിടികൂടാനുണ്ട്. കൊലപാതകം തെളിയിക്കുന്ന ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളുമാണ് കുറ്റപത്രത്തില്‍ പോലീസ് നിരത്തിയത്. അന്വേഷണം തുടങ്ങുന്നതിന് മൂന്നുവര്‍ഷംമുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാനും മുഖ്യപ്രതിയടക്കമുള്ളവരെ പിടികൂടാനും 88-ാം ദിവസംതന്നെ കുറ്റപത്രം സമര്‍പ്പിക്കാനായതും അന്വേഷണസംഘത്തിന്റെ മികവാണ്. 2022 ഏപ്രില്‍ 23-ന് വീട്ടില്‍ക്കയറി ഒരുസംഘം തന്നെ മര്‍ദിച്ചുവെന്ന ഷൈബിന്റെ പരാതിയാണ് കേസില്‍ വഴിത്തിരിവായത്. ഷൈബിനെ ആക്രമിച്ച കേസിലുള്‍പ്പെട്ട അഞ്ച് പ്രതികള്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിനുമുന്നില്‍ ഷൈബിനെതിരേ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തി. ഈ സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് നിലമ്പൂര്‍ പോലീസിന് കൈമാറി. ഇവരെ ചോദ്യംചെയ്തതോടെ ഷാബാ ഷെരീഫ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്‌റഫ് (37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), വയനാട് കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ്(41), വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ചന്തക്കുന്ന് കൂത്രാടന്‍ അജ്മല്‍, (30), പൂളക്കുളങ്ങര ഷബീബ് റഹ്‌മാന്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ് (28), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുള്‍വാഹിദ് (26), ഷൈബിന്‍ അഷറഫിന്റെ ഭാര്യ ഫസ്‌ന (28). എന്നിവരാണ് പ്രധാന പ്രതികള്‍.
2022 ഏപ്രില്‍ 23-ന് ഏതാനുംപേര്‍ തന്റെ വീട്ടില്‍ കയറി തന്നെ മര്‍ദിച്ചുവെന്ന ഷൈബിന്‍ അഷ്റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസിലേക്ക് എത്താനിടയാക്കിയത്. ഇയാളെ അക്രമിച്ച കേസിലെ അഞ്ചു പ്രതികലാണ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്‍പില്‍ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബാ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2019 ഓഗസ്റ്റില്‍ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ ഒന്നരവര്‍ഷത്തോളം ഷൈബിന്റെ മുക്കട്ടയിലെ വീട്ടില്‍ തടവിലാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകള്‍ ഷൈബിന്റെ വീട്ടില്‍നിന്ന് ലഭിച്ചിരുന്നു. എങ്കിലും മൃതദേഹം തള്ളിയതായി പ്രതികള്‍ മൊഴിനല്‍കിയ ചാലിയാര്‍ പുഴയില്‍ എടവണ്ണ സീതിഹാജി പാലത്തിനുസമീപം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതായത് മൃതദേഹം ഇല്ലാതെ തന്നെ പോലീസ് കേസ് തെളിയിച്ചു. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും നിര്‍ണ്ണായകമായി. ഇതിനൊപ്പം സാഹചര്യ തെളിവുകളേയും കൂട്ടിയോജിപ്പിച്ചു. മാപ്പു സാക്ഷിയെ കൂടി കിട്ടിയതോടെ എല്ലാം സുഭദ്രമായി. ഇതാണ് അന്തിമ വിധിയില്‍ നിറയുന്നതും.
ഷാബാ ഷരീഫിനെ കാണാതായപ്പോള്‍ ബന്ധുക്കള്‍ മൈസൂരു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഷാബായെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി സുഹൃത്തുക്കള്‍ സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് ഇവര്‍ പോലീസിനു കൈമാറി. ബന്ധുക്കളെ കാട്ടി ഇത് ഷാബാ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യത്തില്‍നിന്ന് ബന്ധുക്കള്‍ ഷാബാ ഷരീഫിനെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. തുടരന്വേഷണത്തില്‍ ക്രൂരകൃത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തു. അന്ന് ജില്ലാ പോലീസ് മേധാവിയായിരുന്ന സുജിത് ദാസിന്റെ മേല്‍നോട്ടത്തില്‍ നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാം, ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു, എസ്.ഐ. മാരായ നവീന്‍ ഷാജ്, എം. അസൈനാര്‍, എ.എസ്.ഐ. മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, സതീഷ്‌കുമാര്‍, വി.കെ. പ്രദീപ്, എ. ജാഫര്‍, എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, അന്‍വര്‍ സാദത്ത്, ജിയോ ജേക്കബ്, സന്ധ്യ, ആതിര, ദീപ എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്നയാളായിരുന്നു ഷാബാ ഷരീഫ്. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. മൈസൂരുവിലെ ലോഡ്ജില്‍ താമസിക്കുന്ന വൃദ്ധനായ രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേനയാണ് ഷാബാ ശെരീഫിനെ ബൈക്കില്‍ കൊണ്ടുപോയത്. രോഗാവസ്ഥയിലായിട്ടും ഷാബാ ഷരീഫിനെ മൈസുരുവിലെ വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഷാബാ ശെരീഫിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ സരസ്വതീപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താത്തതില്‍ കുടുംബം കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിച്ചു. ഇതിനിടയിലാണ് നിലമ്പൂര്‍ പോലീസ് ഷാബാ ഷരീഫിന്റെ ബന്ധുക്കളെ അന്വേഷിച്ചു ചെല്ലുന്നത്.
മൈസുരുവിലെ ചേരിയില്‍ താമസിക്കുന്ന ഒന്‍പതു മക്കളടങ്ങുന്ന കുടുംബത്തിന്റെ നാഥനെയാണ് നിലമ്പൂരില്‍ ഒരു വര്‍ഷത്തിലധികം തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചായിരുന്നു ഷൈബിന്‍ ഷാബയെ പീഡിപ്പിച്ചത്. ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചിട്ടും ഷാബാ രഹസ്യം വെളിപ്പെടുത്തിയില്ല. 2020 ഒക്ടോബറില്‍ ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചും മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബാ കൊല്ലപ്പെട്ടു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി. വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്, ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം മുറിച്ച് കഷണങ്ങളാക്കിയത്.
ഷാബാ ഷരീഫിനെ ഷൈബിനും കൂട്ടുകാരും കൊന്ന് മൃതദേഹം കഷണങ്ങളായി മുറിച്ചത് തടിമില്ലില്‍നിന്ന് കൊണ്ടുവന്ന മരക്കട്ടയും ഇറച്ചിവെട്ടുന്ന കത്തിയുമുപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തി. മുറിച്ചുമാറ്റിയ മൃതദേഹം പിന്നീട് പ്ലാസ്റ്റിക് കവറിലാക്കി ചാലിയാറില്‍ തള്ളുകയായിരുന്നു. കുളിമുറിയില്‍വച്ച് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹഭാഗങ്ങള്‍ ഷൈബിന്റെ ആഡംബരകാറിലാണ് കൊണ്ടുപോയത്. ഈ വാഹനത്തില്‍ ഷൈബിനും ഡ്രൈവര്‍ നിഷാദുമാണുണ്ടായിരുന്നത്. മുന്നില്‍ മറ്റൊരു ആഡംബരകാറില്‍ ഷിഹാബുദ്ദീനും പിന്നില്‍ നൗഷാദും അകമ്പടിയായി പോയി. തിരികെ വീട്ടിലെത്തി പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചു. പീഡിപ്പിക്കാനും മൃതദേഹം പുഴയില്‍ തള്ളാനും സഹായിച്ച സുഹൃത്തുക്കള്‍ക്ക് ഷൈബിന്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇയാളുടെ വീട്ടില്‍ കവര്‍ച്ച നടത്തി. ഇതിനെതിരെ 2022 ഏപ്രിലില്‍ ഷൈബിന്‍ നിലമ്പൂര്‍ പോലീസില്‍ പരാതിനല്‍കി. ഈ കേസില്‍ നൗഷാദിനെ പോലീസ് അറസ്റ്റുചെയ്തു. മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതിനിടെ അതേ മാസം പ്രതികള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി. ''നീതി കിട്ടുന്നില്ല, ഞങ്ങളെക്കൊണ്ട് ഷൈബിന്‍ കൊലപാതകം ചെയ്യിച്ചിട്ടുണ്ട്'' എന്നു പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം. ഇവരെ കസ്റ്റഡിയിലെടുത്ത കന്റോണ്‍മെന്റ് പോലീസ്, നിലമ്പൂര്‍ പോലീസിന് കൈമാറി. ഇവരെയും നൗഷാദിനെയും ചേര്‍ത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. ഈ നൗഷാദാണ് കേസില്‍ മാപ്പുസാക്ഷിയായത്.




