കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ അന്വേഷണം നേരിട്ട് സര്‍ക്കാരിലേക്ക് നീങ്ങുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ദ്വാരപാലക ശില്‍പങ്ങള്‍ പുറത്തു കൊണ്ടുപോയി സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കടകംപള്ളിയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തത്. ഈ കേസില്‍ ഹൈക്കോടതി ഇനി നടത്തുന്ന നിരീക്ഷണങ്ങള്‍ നിര്‍ണ്ണായകമാകും. ഇറിഡിയം തട്ടിപ്പ് സംഘത്തിന് അടക്കം കേസില്‍ ബന്ധമുണ്ടെന്നാണ് സൂചന. ഡി മണിയും ശ്രീകൃഷ്ണനും അടക്കമുള്ളവരില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റിലായ പ്രതികളെ എല്ലാം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

കടകംപള്ളിയും സംശയ നിഴലിലാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പത്മകുമാറിന് പുറമേ നിലവിലെ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് ഈ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു വിശദീകരിച്ചു സിപിഎം വീടുകയറി പ്രചാരണം നടത്താനിരിക്കെ, ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തുന്നത് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

എ. പത്മകുമാര്‍ അറസ്റ്റിലായിട്ടും പാര്‍ട്ടി നടപടിയെടുക്കാത്തതിനെതിരെ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ, അയ്യപ്പന്‍ കാക്കുമെന്നും താന്‍ ബലിയാടാണെന്നും പത്മകുമാര്‍ കോടതിയില്‍ പ്രതികരിച്ചു. പുരാവസ്തു വ്യാപാരി ഡി. മണി ഉള്‍പ്പെടെയുള്ളവരെയും കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി ചോദ്യം ചെയ്യുന്നത് തുടരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് കടകംപള്ളിയെ കഴിഞ്ഞ ശനിയാഴ്ച രണ്ട് മണിക്കൂറോളം രഹസ്യമായി ചോദ്യം ചെയ്തത്.

ശില്പങ്ങള്‍ പുറത്തു കൊണ്ടുപോയി സ്വര്‍ണം പൂശാനുള്ള അനുമതിക്കായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി മന്ത്രിയെയാണ് ആദ്യം സമീപിച്ചതെന്നും മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ബോര്‍ഡ് ഇതിന് അനുമതി നല്‍കിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി. എന്നാല്‍, താന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഒരു ഭക്തന്‍ എന്ന നിലയില്‍ മാത്രമാണ് അറിയുന്നതെന്നും സ്വര്‍ണം പൂശിയ വിവരം ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നുമാണ് കടകംപള്ളിയുടെ വിശദീകരണം. മുന്‍ പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു, ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാര്‍ എന്നിവര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ശങ്കര്‍ദാസും അറസ്റ്റിലാകും. സുഖമില്ലാത്തതു കൊണ്ടാണ് ശങ്കര്‍ദാസിനെ അറസ്റ്റു ചെയ്യാത്തത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ ഭാഗം വിശദീകരിക്കാന്‍ ജനുവരി 15 മുതല്‍ വീടുകയറി പ്രചാരണം നടത്താനിരിക്കെയാണ് ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീളുന്നത്. പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തത് ഉന്നതരുടെ പങ്ക് വെളിപ്പെടുമെന്ന പേടി കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനിടെ, അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ ആരായാലും സംരക്ഷിക്കില്ലെന്ന നിലപാടിലേക്ക് സി.പി.എം മാറുമ്പോഴും ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം സര്‍ക്കാരിനും പാര്‍ട്ടിക്കും വലിയ വെല്ലുവിളിയായി തുടരുകയാണ്.