- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദം 'പിന്തുടര്ച്ചാ അവകാശം'! പാലക്കാട്ടെ അടുത്ത തിരഞ്ഞെടുപ്പിലും ഞാന്‍ അല്ലെങ്കില്‍ വിശ്വസ്തന്! ഗ്രൂപ്പ് പരിഗണനയില്ലെങ്കില്‍ അര്‍ഹന്‍ അബിന്‍; എ ഗ്രൂപ്പിനെങ്കില്‍ അവകാശപ്പെട്ടത് അഭിജിത്തിനും; രണ്ടും അട്ടിമറിക്കാന്‍ ഷാഫി പറമ്പില്‍; ജിന്‍ഷാദ് ജിന്നാസിനെ 'മാങ്കൂട്ടമാക്കാന്‍' സമ്മര്‍ദ്ദം; എ ഗ്രൂപ്പില്‍ അമര്‍ഷം ശക്തം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം 'തനിക്ക്' തന്നെ എന്ന വേണ നിലപാടില്‍ ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ജിന്‍ഷാദ് ജിന്നാസിനെ സംസ്ഥാന അദ്ധ്യക്ഷനാക്കണമെന്നാണ് ഷാഫി പറമ്പില്‍ എംപിയുടെ നിര്‍ദേശം. എ ഗ്രൂപ്പില്‍ നിന്നുള്ള നേതാവാണ് പതിവായി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ചുവരാറുള്ളത്. അത് കൊണ്ട് എ ഗ്രൂപ്പിന് മുന്‍തൂക്കം കിട്ടും. എന്നാല്‍ എ ഗ്രൂപ്പ് എന്നാല്‍ താനാണെന്നും അതുകൊണ്ട് തന്നെ പറയുന്ന ആളിനെ അധ്യക്ഷനാക്കണമെന്നുമാണ് ഷാഫിയുടെ പക്ഷം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഷാഫി ഒഴിഞ്ഞപ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസിഡന്റായത്. അന്ന് സംഘടനാ തിരഞ്ഞെടുപ്പ് നടന്നുവെങ്കിലും നിരവധി ആരോപണം ഉയര്‍ന്നു. അന്ന് രാഹുലിനെതിരെ മത്സരിച്ച അബിന്‍ വര്‍ക്കി കോടിയാട്ട് വിവാദങ്ങള്‍ക്ക് നിന്നില്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്ന് പറയുമ്പോഴും ഗ്രൂപ്പിന് തന്നെയാകും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തും മുന്‍ഗണന. ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് എ ഗ്രൂപ്പിന് യൂത്ത് കോണ്‍ഗ്രസ് സ്ഥാനം എന്ന ഫോര്‍മുലയുണ്ടായത്. അന്ന് ഗ്രൂപ്പിലെ എല്ലാ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനം എടുത്തത്. എന്നാല്‍ ഇപ്പോള്‍ എല്ലാം എ ഗ്രൂപ്പിന്റെ പേരില്‍ ഷാഫി പറമ്പില്‍ തീരുമാനിക്കുന്നുവെന്നാണ് ഉയര്‍ന്ന പരാതി. ഇതില്‍ അമര്‍ഷം ശക്തമാണ്.
പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി വടകരയുടെ എംപിയായപ്പോഴും പാലക്കാട് തന്റെ പിന്‍ഗാമിയായി രാഹുലിനെ നിര്‍ത്തി. ഇത് പാലക്കാട്ടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയായി. പിന്തുടര്‍ച്ചാവകാശം നല്‍കുന്നതാണ് ചോദ്യം ചെയ്തത്. എന്നാല്‍ വീണ്ടും ഇത് നടത്തിയെടുക്കാനാണ് ഷാഫിയുടെ നീക്കം. വടകരയില്‍ നിന്നും മാറി പാലക്കാട് വീണ്ടും മത്സരിക്കാനും ഷാഫി ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോയാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ ആഗ്രഹിക്കുന്ന ജിന്‍ഷാദ് ജിന്നാസിനെ പാലക്കാട് മത്സരിപ്പിക്കാനാണ് ആഗ്രഹം. ഇതിന് വേണ്ടി കൂടിയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ജിന്‍ഷാദിനെ ഉയര്‍ത്തികാട്ടുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാവുകയാണ്. ഓരോരുത്തര്‍ക്കും വേണ്ടി ഗ്രൂപ്പ് തിരിഞ്ഞ് നിലയുറപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ധ്യക്ഷനെ കണ്ടെത്തുന്നത് പാതിവഴിയിലെത്തി നില്‍ക്കുന്നത്. ഐ ഗ്രൂപ്പ് അബിന്‍ വക്കിയെയാണ് മുമ്പോട്ട് വയ്ക്കുന്നത്. എ ഗ്രൂപ്പിലെ ഭൂരിപക്ഷം പേര്‍ക്കും അഭിജിത്തിനോടാണ് താല്‍പ്പര്യം. ഇത് അട്ടിമറിക്കാനാണ് ഷാഫിയുടെ നീക്കം.
രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താന്‍ ദീപ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ച തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഒ ജെ ജനീഷ്, കെ എം അഭിജിത്ത്, ജെ എസ് അഖില്‍ എന്നിവരെയാണ് പ്രധാനമായും പരിഗണിച്ചത്. ഇതിനിടെയാണ് ജിന്‍ഷാദ് ജിന്നാസിനെ ആക്കിയേ മതിയാകൂവെന്ന് ഷാഫി നിര്‍ബന്ധം പിടിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി- യുവജന സംഘടനകളില്‍ അതൃപ്തി പരസ്യമായിരുന്നു. കെഎസ്യു മുന്‍സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന് ഭാരവാഹിത്വം നിഷേധിച്ചത് ചൂണ്ടിക്കാട്ടി പ്രതികരണവുമായി പലരും രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു നേതൃസ്ഥാനങ്ങളിലുള്ള, അഭിജിത്തിനെ അനുകൂലിക്കുന്നവരാണ് പരസ്യവിമര്‍ശനവുമായി എത്തിയത്. അഭിജിത്തിനെ മാറ്റിനിര്‍ത്തിയവര്‍ അയോഗ്യത കൂടി പറയണം എന്നാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി അന്ന് പ്രചരിപ്പിക്കപ്പെട്ട പോസ്റ്റുകളിലെ ആവശ്യം. അഭിജിത്ത് കെഎസ്യു പ്രസിഡന്റ് ആയിരുന്ന കാലത്തെ സമരങ്ങള്‍ അടക്കം ഓര്‍മപ്പെടുത്തിയാണ് പ്രതികരണങ്ങള്‍ ഏറേയും.
ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ശ്രീലാല്‍ ശ്രീധര്‍, ഷിബിന വി.കെ. എന്നിവരാണ് സംസ്ഥാനത്തുനിന്ന് ഭാരവാഹിപ്പട്ടികയില്‍ ഇടം പിടിച്ചത്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ച പട്ടികയില്‍ നാലുപേരും ദേശീയ സെക്രട്ടറി സ്ഥാനത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായിരുന്നു ജിന്‍ഷാദും ശ്രീലാല്‍ ശ്രീധറും. വൈസ് പ്രസിഡന്റാണ് ഷിബിന. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ബിനു. രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന പ്രസിഡന്റായ സംഘടനാ തിരഞ്ഞെടുപ്പില്‍ ബിനുവിന്റെ പേരും യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, അവസാനനിമിഷം ബിനു മത്സരത്തില്‍ പത്രികപോലും നല്‍കാതെ പിന്മാറുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ കെ.സി. വേണുഗോപാലിനോട് ചേര്‍ന്നുനില്‍ക്കുന്ന യുവനേതാവാണ് ബിനു. ഷാഫി പറമ്പില്‍- രാഹുല്‍ മാങ്കൂട്ടത്തില്‍ പക്ഷത്തിനൊപ്പമുള്ള നേതാവാണ് ജിന്‍ഷാദ്. അന്ന് അഭിജിത്തിനെ വെട്ടിയാണ് ജിന്‍ഷാദിനെ ദേശീയ സെക്രട്ടറിയാക്കിയത്.
അഭിജിത്തിനുവേണ്ടി അന്ന് സാമൂഹികമാധ്യമങ്ങളില്‍ ശബ്ദം ഉയര്‍ത്തിയവരില്‍ നിലവിലെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും മുതല്‍ ജില്ലാ പ്രസിഡന്റുമാര്‍ വരേയുണ്ട്. അഭിജിത്ത് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ കെഎസ്യുവിന്റെ വിവിധ ഘടകങ്ങളില്‍ ചുമതലകളുണ്ടായിരുന്ന, നിലവിലെ യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു ഭാരവാഹികളാണ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയവരില്‍ ഏറേയും. ഭാരവാഹിപ്പട്ടികയില്‍ അവസാനനിമിഷം വരെ അഭിജിത്തിന്റെ പേരുണ്ടായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളിലാണ് അഭിജിത്തിന്റെ പേര് വെട്ടിപ്പോയത് എന്ന് സൂചനയുണ്ടായിരുന്നു. അന്നും ഷാഫിയാണ് അഭിജിത്തിന് വിനയായത്. ഇതേ ഷാഫി വീണ്ടും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകളിലും വിലങ്ങു തടിയായി എത്തുകയാണ്. ഇതും പിന്തുടര്‍ച്ചാവകാശ ചര്‍ച്ചയായി മാറും.
യുവ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പടിയിറക്കത്തില്‍ എത്തിച്ചത്. ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചിരുന്നതായും മാധ്യമപ്രവര്‍ത്തക പറഞ്ഞിരുന്നു. അയാളോട് അപ്പോള്‍ തന്നെ തുറന്നടിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാന്‍ പാടില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രമാദമായ സ്ത്രീപീഡനക്കേസുകളില്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിക്കും, അവര്‍ സുഖമായി ഇരിക്കുന്നില്ലേ എന്നാണ് തിരിച്ച് ചോദിച്ചതെന്നും റിനി പറഞ്ഞിരുന്നു. അയാള്‍ പൊയ്മുഖമുള്ള ആളാണ്. എപ്പോഴും 'ഹു കെയര്‍' എന്നാണ് ആറ്റിറ്റിയൂഡ്. അയാളൊരു ഹാബിച്വല്‍ ഒഫന്‍ഡറാണെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും റിനി പറഞ്ഞിരുന്നു. ഇയാളില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാര്‍ട്ടിയിലെ തന്നെ പലരോടും പറഞ്ഞിരുന്നു.
എന്നാല്‍ നടപടിയുണ്ടായില്ലെന്നും റിനി വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് പറയില്ലെന്നും അയാള്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയിലെ ആളുകളുമായി നല്ല സൗഹൃദമാണുള്ളതെന്നുമായിരുന്നു റിനിയുടെ മറുപടി. ഇതിന് ശേഷം രാഹുലിനെതിരെ നിരവധി ആരോപണമുണ്ടായി. ഷാഫി പറമ്പിലിനോട് പരാതി പറഞ്ഞിട്ടും ഫലം കണ്ടില്ലെന്നും വെളിപ്പെടുത്തല്‍ എത്തി.