തിരുവനന്തപുരം: മറുനാടന്‍ വേട്ടക്കെതിരെ പ്രതികരിച്ചു ഷാജന്‍ സ്‌കറിയ. എന്തിനോ വേണ്ടി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കു തന്നോട് വൈരാഗ്യമുള്ളതിനാല്‍ വാശി തീര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'എന്തിനോവേണ്ടി സര്‍ക്കാര്‍ എന്നെ വേട്ടയാടുന്നു. ഞാന്‍ 90 വയസ്സായ അപ്പനും അമ്മയ്ക്കുമൊപ്പം വണ്ടിയോടിച്ച് വരുന്നതിനിടെ ആരോ പിന്തുടരുന്നതായി സംശയം തോന്നി. വീട്ടിലെത്തി അമ്മയ്ക്കും അപ്പനും ഭക്ഷണം കൊടുക്കുന്നതിനിടെയാണ് ഗുണ്ടകള്‍ വരുംപോലെ പൊലീസ് വന്നത്. അറസ്റ്റ് ചെയ്യാനാണ് വന്നത് സഹകരിക്കണം എന്ന് പറഞ്ഞു. ഉടുപ്പ് പോലും ഇടാന്‍ അനുവദിച്ചില്ല. എന്നോട് ഇതുവരെ ക്രൈം എന്താണെന്ന് പറഞ്ഞിട്ടില്ല. ആരാണ് പരാതിക്കാരി എന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കും മകള്‍ക്കും ദുബൈ കേന്ദ്രീകരിച്ച് മാഫിയ പ്രവര്‍ത്തനം നടത്തുന്ന മകനുമെതിരെ ധാരാളം വാര്‍ത്തകള്‍ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് വലിയ വിഷമമുണ്ട്. ഇപ്പോഴത്തെ ഡിജിപിക്കും എന്നോടൊരു വാശിയുണ്ട്. നേരത്തെ എന്നെ പിടിക്കാന്‍ നോക്കിയിട്ട് നടന്നില്ലല്ലോ. ഇറങ്ങുന്നതിന് മുന്‍പ് എന്നെ രണ്ട് ദിവസം ജയിലിലിടണമെന്ന് വാശിയുണ്ടാകും'- ഷാജന്‍ പ്രതികരിച്ചു.


ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം എരുമേലിയിലെ വീട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു പോലീസ് സംഘം ഷാജന് പിന്നാലെ എത്തിയത്. കുടപ്പനക്കുന്നിലെ വീട്ടിലെത്തിയതിന് പിന്നാലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ ഷാജന് സ്‌ക്‌റിയയെ കസ്റ്റഡിയിലെടുത്തു. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് കസ്റ്റഡി. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്‍രെ വസതിയില് ഹാജറാക്കുകായിയിരുന്നു. കൃത്യമായ തിരക്കഥയോടെയായിരുന്നു പോലീസിന്റെ നീക്കങ്ങള്‍.

എന്നാല്‍ അഡ്വ. ശ്യാം ശേഖര്‍ അറസ്റ്റ് നടപടിയിലെ നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നത് ചൂണ്ടിക്കാട്ടി വാദമുഖം ഉയര്‍ത്തി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും കോടതി മുമ്പാകെ വാദിച്ചു. ഇതോടെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാര്‍ ആണ് ജാമ്യം അനുവദിക്കുകയായിരുന്നു. 2024 ഡിസംബര്‍ 23 ന് മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോ അടിസ്ഥാനമാക്കിയാണ് മറുനാടന്‍ വേട്ട തുടങ്ങിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും വ്യക്തമായി. ഇന്ന് തൃശ്ശൂര്‍ പൂരത്തിന്റെ വാര്‍ത്തകളിലേക്ക് ചാനലുകള്‍ കടക്കുമ്പോള്‍ അവസരം മുതലാക്കി ഷാജനെ അഴിക്കുള്ളിലാക്കുക എന്നതായിരുന്നു പോലീസിന്റെ തന്ത്രം.

രാത്രി എട്ടരയോടെയാണ് ഷാജന്‍ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 75(1) 5, 79ാം വകുപ്പ്, ഐടി നിയമത്തിലെ 67ാം വകുപ്പ്, കേരളാ പൊലീസ് ആക്ടിലെ 120ാം അനുശ്ചേദത്തിലെ ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാദ വ്യവസായി കെന്‍സ ഷിഹാബിന്റെ തട്ടിപ്പിനെ കുറിച്ചായിരുന്നു മറുനാടന്റെ വാര്‍ത്തകള്‍. കോടികള്‍ കബളിപ്പിച്ച ഷിഹാബിനെതിരെ കേരളാ പോലീസിന്റെ ലുക്കൗട്ട് നോട്ടീസും നിലനില്‍ക്കുന്നുണ്ട്. വിവാദ വ്യവസായിയുടെ വിശ്വസ്തയായ യുവതി നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ ഇട്ട ശേഷം മറുനാടനെ വേട്ടയാടാനുള്ള അവസരമാക്കി മാറ്റിയ സര്‍ക്കാറിനും പോലീസും കനത്ത തിരിച്ചടി കോടതിയില്‍ നിന്നും ഉണ്ടായത്.

കേന്‍സ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ നൂറു കണക്കിന് മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയ അര്‍മാനി ക്ലിനിക് ചെയര്‍മാന്‍ ഷിഹാബ് ഷാക്കെതിരെ മറുനാടന്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഈ കേസില്‍ ഷിഹാബ് ഷാ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഷിഹാബിന്റെ അടുത്ത അനുയായി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തതും ഷാജനെ അറസ്റ്റു ചെയ്തതും.