കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്തു വിട്ടയച്ചു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ നല്‍കിയ കേസിലെ നടപടി ക്രമങ്ങളുടെ ഭാഗമായി എളമക്കര പൊലീസാണ് അറസ്റ്റു രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. അതേസമയം ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചെന്ന വിധത്തിലാണ് സൈബര്‍ പ്രചരണങ്ങള്‍. ബിനീഷ് കോടിയേരി അടക്കമുള്ളവര്‍ അറസ്റ്റിലായെന്ന കാര്‍ഡ് ഷെയര്‍ ചെയ്തു രംഗത്തുവന്നു. അത്തരത്തില്‍ ആഘോഷം പ്രകടിപ്പിച്ചു സൈബറിടത്തില്‍ നിരവധി സൈബര്‍ സഖാക്കള്‍ രംഗത്തുണ്ട്.

അതേസമയം എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം എടുത്ത ഈ കേസിലെ ജാതീയ അധിക്ഷേപം നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് ഈ കേസില്‍ സുപ്രീംകോടതി ഷാജന്‍ സ്‌കറിയക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. രാജ്യത്ത് എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നതിന് വഴിമരുന്നിട്ടത് ഷാജന്‍ സ്‌കറിയയുടെ സുപ്രീംകോടതിയില്‍ നടത്തിയ നിയമ പോരാട്ടമായിരുന്നു.

നിര്‍ണായകമായ മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ അപകീര്‍ത്തികരമായി നടത്തുന്ന എല്ലാ പരാമര്‍ശങ്ങള്‍ക്കെതിരേയും 1989 ലെ എസ്.സി / എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ ജെ.ബി പാര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി. പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ എല്ലാ അധിക്ഷേപങ്ങളും, ഭീഷണികളും ജാതി അതിക്ഷേപത്തിന്റെ പരിധിയില്‍ വരില്ല.

തൊട്ടുകൂടായ്മ, സവര്‍ണ മേധാവിത്വം തുടങ്ങിയവയാണ് ജാതി അധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്നത്. ഇത്തരം പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസ് നിലനില്‍കൂവെന്നും സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി.

പി.വി ശ്രീനിജിന്‍ എം.എല്‍.എയ്‌ക്കെതിരെ ഷാജന്‍ സ്‌കറിയ ചെയ്ത വീഡിയോയുടെ ഉള്ളടക്കം സുപ്രീംകോടതി വിശദമായി പരിശോധിച്ചിരുന്നു. ശ്രീനിജിനെതിരെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹം എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കുറ്റം ചെയ്തുവെന്ന് കരുതുന്നില്ല. പ്രാഥമിക പരിശോധനയില്‍ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കുറ്റം ചെയ്തുവെന്ന് ബോധ്യമായില്ലെന്നും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ പറഞ്ഞിരുന്നു.

പി.വി ശ്രീനിജിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് അറസ്റ്റ് ചെയ്താല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന പല കേസുകളിലും നിര്‍ണായക സ്വാധീനം ചെലുത്തുന്നതാണ് സുപ്രീം കോടതി വിധി. ഈ കേസിലെ നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഷാജന്‍ സ്‌കറിയ ഇന്ന് പോലീസ് സ്‌റ്റേഷനില്‍ ഹാജറായത്.