ലണ്ടന്‍: ആടു ജീവിതത്തില്‍ ഭ്രമം കയറി കൗമാരകാലത്ത് സിറിയയിലേക്ക് പറന്ന ഷമീമ ബീഗത്തിന്റെ അവസാന പ്രതീക്ഷയും കൊട്ടിയടച്ചുകൊണ്ട് ബ്രിട്ടീഷ് സുപ്രീം കോടതിയുടെ വിധി. ബ്രിട്ടീഷ് പൗരത്വം എടുത്തു കളഞ്ഞ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് സുപ്രീം കോടതി വിധി ഉണ്ടായിരിക്കുന്നത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി, തന്റെ പൗരത്വം എടുത്തുകളഞ്ഞ സര്‍ക്കാര്‍ നടപടിക്കെതിരെ നീങ്ങാനായിരുന്നു ബീഗം ഉദ്ദേശിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന സമയത്ത് മറ്റ് രണ്ട് കൗമാരക്കാരികള്‍ക്ക് ഒപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോയതായിരുന്നു ഷമീമ ബീഗം.

നേരത്തെ ഒരു അപ്പീല്‍ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഷമീമ ബീഗത്തിന് കഴിയില്ല എന്നായിരുന്നു ബ്രിട്ടനിലെ പരമോന്നത നീതിപീഠം വിധിച്ചത്. കഴമ്പുള്ള വാദമുഖങ്ങളോ, അതിനെ പിന്താങ്ങുന്ന നിയമ വശങ്ങളോ സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. പൗരത്വം റദ്ദാക്കിയ നടപടിക്കെതിരെ പോരാടാനുള്ള ഷമീമ ബീഗത്തിന്റെ അവസാന അവസരമായിരുന്നു ഇനി കേസ് നല്‍കുന്നത് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലായിരിക്കുമെന്ന് ഷമീമ ബീഗത്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.

കിഴക്കന്‍ ലണ്ടനിലെ ബെത്‌നാല്‍ ഗ്രീനില്‍ നിന്നും മറ്റ് രണ്ട് സഹപാഠികള്‍ക്കൊപ്പം 2015 ല്‍ സിറിയയിലേക്ക് പോയ ഷമീമ ബീഗം ഇപ്പോള്‍ അവിടെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി 2019 ല്‍ അന്നത്തെ ഹോം സെക്രട്ടറി ആയിരുന്ന സാജിദ് ജാവേദ് അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതോടെ അവര്‍ക്ക് ബ്രിട്ടനിലേക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമായി. ഇപ്പോള്‍ വടക്കന്‍ സിറിയയില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍ താമസിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പൗരത്വം റദ്ദാക്കിയതിനെതിരെ അവര്‍ സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍ അപ്പീല്‍സ് കമ്മീഷന്‍ മുന്‍പാകെ നല്‍കിയ അപ്പീലും തള്ളിക്കളഞ്ഞിരുന്നു. പിന്നീടായിരുന്നു അവര്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അപ്പീല്‍ കോടതിയിലെ മൂന്ന് ജഡ്ജിമാരും ഏകകണ്ഠമായാണ് അവരുടെ അപ്പീല്‍ തള്ളിയത്. തുടര്‍ന്ന് മാര്‍ച്ച് മാസം അവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി.

പിന്നീട് അവര്‍ക്ക് മുന്‍പില്‍ അവശേഷിച്ച ഒരേയൊരു വഴി, തന്റെ കേസ് പരിശോധിക്കുവാന്‍ സുപ്രീം കോടതിയോട് നേരിട്ട് അനുവാദം ചോദിക്കുക എന്നതായിരുന്നു. ഏതായാലും, ഇന്നലെ, (ബുധനാഴ്ച) അപേക്ഷ പരിഗണിച്ച സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാരും ഏകകണ്‌ഠേന ആ അപേക്ഷ തള്ളുകയായിരുന്നു. പൗരത്വം റദ്ദാക്കിയതിനെതിരെ ഷമീമ ബീഗം ഉന്നയിച്ച വാദങ്ങള്‍ ഒന്നും നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. പൗരത്വം റദ്ദാക്കുന്നതിന് മുന്‍പായി തന്റെ ഭാഗം വാദിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന വാദവും ഇതില്‍ ഉള്‍പ്പെടുന്നു.