ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലും കഴിയുകയാണ്. 11 പേര്‍ സഞ്ചരിച്ച കാറാണ് അമിതവേഗതയില്‍ കെഎസ്ആര്‍ടിയില്‍ ഇടിച്ചു കയറിയത്. നാടിനെ നടുക്കിയ ഈ ദുരന്തത്തില്‍ പരുക്കൊന്നുമില്ലാതെ ഷെയ്ന്‍ ഡെസ്റ്റണ്‍ എന്നൊരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ശരീരത്തിന് പരിക്കേല്‍ക്കാതെ രക്ഷപെട്ട ഷെയ്‌ന് എന്ന വിദ്യാര്‍ഥിക്ക് പക്ഷേ മനസ്സിനേറ്റ മുറിവ് വളരെ വലുതാണ്. കണ്‍മുന്നില്‍ ഉറ്റസുഹൃത്തുക്കളുടെ ചോര തളംകെട്ടിയ കാഴ്ച്ച കണ്ട് മനസ്സു മരവിച്ചിരിക്കയാണ് ഈ വിദ്യാര്‍ഥിക്ക്.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ ഷെയ്ന്‍ ആരോടും ഒരു വാക്കുപോലും മിണ്ടാന്‍ കഴിയാതെ മനസ്സു മരവിച്ചിരിക്കയാണ് ഈ വിദ്യാര്‍ഥിക്ക്. താന്‍ ദൃക്‌സാക്ഷിയായ അപകടമേല്‍പിച്ച മാനസികാഘാതത്തില്‍ നിന്നു ഷെയ്ന്‍ മോചിതനായിട്ടില്ല. വാഹനത്തില്‍ ഉണ്ടായിരുന്ന 11 പേരില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതു തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ന്‍ ഡെന്‍സ്റ്റന്‍ മാത്രമാണ്. അപകടം ഉണ്ടായ ഉടനെ പുറത്തിറങ്ങിയ ഷെയ്ന്‍ തനിക്ക് പരിക്കില്ലെന്ന് മനസ്സിലാക്കി ഉടന്‍ രക്ഷപ്രവര്‍ത്തനം നടത്തുകയും ചെയ്തു.

ദുരന്തസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കു ഷെയ്‌നും ഇതേ കാറില്‍ ഉണ്ടായിരുന്നയാളാണ് എന്നു പോലും മനസ്സിലായില്ല. ഗുരുതരമായി പരുക്കേറ്റവരെയും ചലനമറ്റവരെയും ആംബുലന്‍സില്‍ കയറ്റി ആശുപത്രികളിലേക്കുള്ള നെട്ടോട്ടത്തിലായിരുന്നു എല്ലാവരും. ആംബുലന്‍സില്‍ എല്ലാവരെയും ആശുപത്രിയിലേക്ക് എത്തിച്ചപ്പോള്‍ ഒരു വേള എപ്പോഴോ അപകടസ്ഥലത്ത് ഷെയ്ന്‍ തനിച്ചായി.

അതുവഴി വന്ന ഒരു വാഹനത്തില്‍ കയറി ഹോസ്റ്റലില്‍ തിരിച്ചെത്തി. ആരോടും ഒന്നും മിണ്ടാതെ മുറിക്കകത്തു കയറി വാതിലടച്ചു. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് ആദ്യം രേഖപ്പെടുത്തിയത്. എന്നാല്‍ വാഹനമോടിച്ച വിദ്യാര്‍ഥിയുടെ മൊഴിയെടുത്തപ്പോഴാണ് ഷെയ്ന്‍ കൂടി വാഹനത്തിലുണ്ടെന്നു മനസ്സിലായത്. പിന്നെ ഷെയ്‌നിനു വേണ്ടിയുള്ള അന്വേഷണമായി. ഹോസ്റ്റലില്‍ ഉണ്ടെന്നു കണ്ടെത്തിയതോടെ സുഹൃത്തുക്കള്‍ അവിടെയെത്തി.

അപ്പോഴേക്കും അപകടത്തിന്റെ ആഘാത്തില്‍ ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഷെയ്‌നെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. ഉടനെ ആശുപത്രിയിലെത്തിച്ചു. അവിടെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മാനസികാഘാതം മറികടക്കാനുള്ള ചികിത്സ നല്‍കുന്നുണ്ടെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

അതേസമയം അപകടത്തില്‍ ചികിത്സയിലുള്ള അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ മരിച്ച ആലപ്പുഴ ആയുഷ് ഷാജിയുടെയും കോട്ടയം സ്വദേശി ദേവനന്ദന്റെയും സംസ്‌കാരം ഇന്ന് നടക്കും. അതേസമയം കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷമാകും നടപടിയെന്ന് ആര്‍ടിഒ വ്യക്തമാക്കി.

വാഹനത്തിന്റെ ഉടമ ഷാമില്‍ ഖാനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വിളിച്ചുവരുത്തി മൊഴിയെടുക്കും. കെഎസ്ആര്‍ടിസി ജീവനക്കാരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും. അപകടത്തില്‍ മരിച്ച ശ്രീദീപ് വല്‍സന്റെയും, മുഹമ്മദ് അബ്ദുള്‍ ജബ്ബാറിന്റെയും സംസ്‌കാരം ഇന്നലെ തന്നെ നടത്തിയിരുന്നു. പാലക്കാട് ശേഖരീപുരതായിരുന്നു ശ്രീദീപ് വല്‍സന്റെ സംസ്‌കാരം നടന്നത്. ശേഖരിപുരത്തെ വീട്ടിലെ പൊതു ദര്‍ശനത്തിനു ശേഷം മൃതദേഹം പിന്നീട് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. പാലക്കാട് ഭാരത് മാതാ സ്‌കൂളിലെ അധ്യാപകനായ വത്സന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും ഏക മകനാണ് ശ്രീദീപ്.

മാട്ടൂല്‍ വേദാമ്പ്രം ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മുഹമ്മദ് അബ്ദുള്‍ ജബ്ബാറിന്റെ മൃതദേഹം ഖബറടക്കിയത്. രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ണൂര്‍ മാട്ടൂലിലെ വീട്ടില്‍ എത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ നിഗമനം. വാഹനമോടിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് ലഭിച്ചിട്ട് അഞ്ച് മാസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. പരിചയക്കുറവും പ്രതികൂല കാലാവസ്ഥയും അപകടത്തിന് കാരണമായിട്ടുണ്ടെന്നും അധികാരികള്‍ വ്യക്തമാക്കുന്നുണ്ട്. മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.