- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയക്കാര്‍ മതം പറയുന്നത് നിര്‍ത്തട്ടെ, അപ്പോള്‍ ഞാന്‍ രാഷ്ട്രീയം പറയുന്നത് നിര്‍ത്താം; മറുപടിയുമായി സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി
മുംബൈ: രാഷ്ട്രീയക്കാര്‍ മതം പറയുന്നത് നിര്‍ത്തിയാല്‍ താന്‍ രാഷ്ട്രീയം പറയുന്നത് നിര്‍ത്താമെന്ന് ഉത്തരാഖണ്ഡ് ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങള്‍ മതാചാര്യന്മാരാണ്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തേണ്ടവരല്ല. എന്നാല്‍, രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടരുത്. ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ നിരന്തരം മതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഉറപ്പുതരുന്നു, രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുന്നത് അവസാനിപ്പിച്ചാല്‍ ഞങ്ങള്‍ രാഷ്ട്രീയം പറയുന്നതും അവസാനിപ്പിക്കാം' -അദ്ദേഹം പറഞ്ഞു.
കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മാതൃക ഡല്‍ഹിയില്‍ നിര്‍മിക്കുന്നതിനെയും സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി വിമര്‍ശിച്ചു. ശിവപുരാണത്തില്‍ 12 ജ്യോതിര്‍ലിംഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. ശിവപുരാണം അനുസരിച്ച് ഹിമാലയമാണ് കേദാര്‍നാഥിന്റെ വിലാസം. പിന്നെയെങ്ങനെ കേദാര്‍നാഥ് ഡല്‍ഹിയില്‍ സ്ഥാപിക്കാനാകും. രാഷ്ട്രീയക്കാര്‍ മതകേന്ദ്രങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായെന്ന ആരോപണം സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഉന്നയിച്ചിരുന്നു. ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഇപ്പോള്‍ അവര്‍ പറയുന്നു, ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുകയാണ്. ഇതൊരിക്കലും നടക്കില്ല- അദ്ദേഹം പറഞ്ഞു.
നേരത്തെ ഉദ്ധവ് താക്കറെയും സ്വാമി സന്ദര്‍ശിച്ചിരുന്നു. മുംബൈയിലെ വസതിയായ മാതോശ്രീയിലെത്തിയാണ് അദ്ദേഹം ഉദ്ധവിനെ കണ്ടത്. രാഷ്ട്രീയ വഞ്ചനയാണ് ഉദ്ധവ് നേരിട്ടതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകേണ്ടത് ഉദ്ധവാണെന്നും അദ്ദേഹം പറഞ്ഞു. 'ഹിന്ദു മതത്തില്‍ പുണ്യവും പാപവുമുണ്ട്. വഞ്ചന ഏറ്റവും വലിയ പാപമാണ്. ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. ഉദ്ധവ് താക്കറെ തിരികെ മുഖ്യമന്ത്രി പദത്തിലെത്തും വരെ ഈ വഞ്ചനയുടെ വേദന നിലനില്ക്കും' -അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോര് മുറുകുന്ന സാഹചര്യത്തിലാണ് ഉദ്ധവിനെ കാണാന്‍ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി എത്തിയത്. നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും പല നിലപാടുകളെയും തുറന്നെതിര്‍ത്ത മതനേതാവ് കൂടിയാണ് സ്വാമി അവിമുക്തേശ്വരാനന്ദ്. ഈയടുത്ത്, രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് പ്രസംഗം ഹിന്ദുത്വവിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി വിവാദം സൃഷ്ടിച്ചപ്പോള്‍ രാഹുലിനെ പിന്തുണച്ച് സ്വാമി അവിമുക്തേശ്വരാനന്ദ് രംഗത്തെത്തിയിരുന്നു.