തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ.വേണു വി ആഗസ്റ്റ് 31ന് ഒഴിയുന്ന മുറയ്ക്കാവും ഇത്. വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരന്‍. ഇതോടെ ഭര്‍ത്താവിന് ശേഷം ഭാര്യ കേരളത്തിന്റെ ചീഫ് സെക്രട്ടറിയാകുന്നു. മുമ്പും കേരളത്തില്‍ ഭര്‍ത്താവും ഭാര്യയും ചീഫ് സെക്രട്ടറിയായിട്ടുണ്ട്. എ്ന്നാല്‍ ഭര്‍ത്താവ് മാറുമ്പോള്‍ ഭാര്യ കേരളത്തിലെ എക്‌സിക്യൂട്ടീവിനെ നയിക്കുന്നത് ആദ്യമായാണ്. മുമ്പ് വി രാമചന്ദ്രനും ഭാര്യ പത്മാ രാമചന്ദ്രനും ചീഫ് സെക്രട്ടറിയായിട്ടുണ്ട്. എന്നാല്‍ ഇവര്‍ അടുത്തടുത്തായിരുന്നില്ല പദവിയില്‍ എത്തിയത്.

1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ശാരദാ മുരളീധരന്‍. കുടുംബശ്രീ മിഷന് അടക്കം നേതൃത്വ പരമായ പങ്കിലൂടെ ശരിയായ ദിശയിലേക്ക് നയിച്ച ഉദ്യോഗസ്ഥയാണ്. നഗരാസൂത്രണത്തിലും മറ്റും മികവ് കാട്ടിയ ശാരദാ മുരളീധരന്‍ കേന്ദ്ര സര്‍ക്കാരിലും സുപ്രധാന വകുപ്പില്‍ പ്രവര്‍ത്തിച്ചു. പഞ്ചായത്തി രാജ് കെട്ടിപ്പെടുക്കുന്നതിലും നിര്‍ണ്ണായക പങ്കു വഹിച്ചു. പഞ്ചായത്തുകളെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കാനുള്ള കേന്ദ്ര പദ്ധതികളിലും ഭാഗമായി. നാഷണല്‍ ഇന്റിസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും ഡയറക്ടര്‍ ജനറലായി.

തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു. പിന്നോക്ക ക്ഷേമ വകുപ്പിലും കോളേജ് എഡ്യൂക്കേഷന്‍ വകുപ്പിലും ജോലി ചെയ്തു. ഇതിനൊപ്പം സാസ്‌കാരിക വകുപ്പിലും സാമൂഹിക സുരക്ഷയുടേയും സെക്രട്ടറിയുമായി. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരന്‍ തന്നെയാണ് കേരളത്തിലെ ഐഎഎസുകാരില്‍ ഏറ്റവും സീനിയര്‍. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി സ്ഥാനം ശാരധാ മുരളീധരന്‍ നല്‍കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് അവര്‍. ഓഗസ്റ്റ് 31 നാണ് വേണു വിരമിക്കുന്നത്. അതിന് ശേഷം ശാരദ മുരളീധരന്‍ ചുമതലയേല്‍ക്കും.

ചീഫ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം ടെര്‍മിനല്‍ ലീവ് സറണ്ടര്‍ അനുവദിച്ച് ഈ മാസം രണ്ടിന് ഉത്തരവിറങ്ങിയിരുന്നു. പരമാവധി 300 ദിവസമാണ് ടെര്‍മിനല്‍ സറണ്ടര്‍ ആയി ലഭിക്കുന്നത്. 2025 ഏപ്രില്‍ മാസം വരെ ശാരദ മുരളീധരന് കാലാവധിയുണ്ട്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മനോജ് ജോഷി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ തയ്യാറാകാതിരുന്നതോടെയാണ് ഡോ. വേണുവിന് ചീഫ് സെക്രട്ടറിയാകാന്‍ അവസരം ലഭിച്ചത്. 2027 ജനുവരി വരെ മനോജ് ജോഷിക്ക് കാലാവധി ഉണ്ട്. സീനിയറായ മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ തുടരാനാണ് തീരുമാനം. ഈ പശ്ചാത്തലത്തില്‍ ആണ് വേണുവിന് പിന്നാലെ ശാരദ മുരധരന്‍ ചീഫ് സെക്രട്ടിയാകുന്നതും.

മുണ്ടുടുത്ത്, സദാപുഞ്ചിരിച്ച് നടക്കുന്ന, മലയാളത്തില്‍ ഒപ്പിടുന്ന ഐ.എ.എസുകാരനായ ഡോ. വി. വേണു ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത് ഭരണസിരാകേന്ദ്രത്തിലെ ഒരു പുത്തന്‍ അനുഭവമായിരുന്നു. അദ്ദേഹം പദവിയൊഴിയുമ്പോള്‍ സംഭവിക്കുന്നത് ഒരു അസാധാരണ മുഹൂര്‍ത്തമാണ്. ഭാര്യയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരന് പദവി കൈമാറിക്കൊണ്ടാവും ഡോ വേണു വിരമിക്കുക. വേണുവിനൊപ്പം എ.എ.എസിലെത്തിയ ശാരദയുടേതാണ് ചീഫ് സെക്രട്ടറിപദത്തില്‍ അടുത്ത ഊഴം.

1988-ലാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. ഐ.ആര്‍.എസ്. ആണ് കിട്ടിയത്. ആഗ്രഹം ഉപേക്ഷിക്കാതെ 89 ല്‍ വീണ്ടും പരീക്ഷയ്ക്കിരുന്നു. 26-ാം റാങ്കുകാരനായി 1990-ലെ ഐ.എ.എസ്. ബാച്ചുകാരനായി, 91-ല്‍ തൃശ്ശൂര്‍ അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു ആദ്യ നിയമനം. ഇതേ ബാച്ചില്‍ ശാരദാ മുരളീധരനും ഐഎഎസിലെത്തി. ഇവരുടെ മകള്‍ കല്യാണി നര്‍ത്തകിയാണ്. മകന്‍ ശബരി കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമാണ്.