ന്യൂയോര്‍ക്ക്: ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് വിശദീകരിക്കാനുള്ള ശശി തരൂര്‍ നയിക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘം അമേരിക്കയിലെത്തി. ന്യൂയോര്‍ക്കില്‍ 9/11 സ്മാരകം സന്ദര്‍ശിച്ച് സംഘം ആദരാഞ്ജലി അര്‍പ്പിച്ചു. ഭീകരവാദത്തിനെതിരെ ലോകം ഒന്നിച്ചു നില്‍ക്കുന്നതിന്റെ ഓര്‍മപ്പെടുത്തലാണ് 9/11 സ്മാരകമെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ഇന്ത്യയും ഭീകരവാദത്തിന് ഇരയാകുന്ന രാജ്യമെന്നും തരൂര്‍ പറഞ്ഞു.

പ്രതിനിധി സംഘം ഇനി ഗയാനയിലേക്ക് പോകും. പാനമ, കൊളംബിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാഷിംഗ്ടണില്‍ എത്തും. പിന്നീടാണ് അമേരിക്കന്‍ അധികൃതരുമായുള്ള ചര്‍ച്ച. പഹല്‍ഗാമില്‍ കേവലം ഭീകരാക്രമണം അല്ലെന്ന നിലപാടില്‍ ഊദ്ദിയാണ് തരൂര്‍ സംസാരിച്ചത്. മതം തിരഞ്ഞുള്ള ആക്രമണമാണ് നടന്നതെന്ന് തരൂര്‍ അടങ്ങുന്ന സംഘം വ്യക്തമാക്കി. ഇരകളായത് ഹിന്ദുകളാണെന്നും ശശി തരൂര്‍ ന്യുയോര്‍ക്കില്‍ കൗണ്‍സിലേഴ്‌സിനെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.

ഭീകരര്‍ ആള്‍ക്കൂട്ടത്തില്‍ വന്ന് ബോംബ് സ്‌ഫോടനം നടത്തുകയലല്ല ചെയ്തത്. ഇരകളുടെ മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്. കൊല്ലപ്പെട്ടതെല്ലാം ഹിന്ദു വിശ്വാസികളാണ്. അതിനാല്‍ കേവലം ഒരു ഭീകരാക്രമണമായി മാത്രം കണക്കാക്കാന്‍ കഴിയില്ല. മതാടിസ്ഥാനത്തില്‍ നടന്ന ആക്രമണമാണിതെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ഭീകരത ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഭീകരത ലോകത്തിലെ എല്ലാം രാജ്യത്തിനും എല്ലാം സമൂഹത്തിനും ഭീഷണിയാണെന്ന സന്ദേശമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ മുന്നോട്ടു വയ്ക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്ററില്‍ 2008ല്‍ അല്‍ ഖ്വയ്ദ നടത്തിയ ഭീകരാക്രണത്തിന്റെ മറ്റൊരു പതിപ്പാണ് പഹല്‍ഗാമില്‍ നടന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം. മിക്ക രാജ്യങ്ങളും ഭീകരതയുടെ ഇരയാണ്, രണ്ട് ഭീകരാക്രമണങ്ങളുടെയും ചരിത്രം ഓര്‍മ്മപ്പെടുത്തി കൊണ്ട് തരൂര്‍ വ്യക്തമാക്കി.

ലഷ്‌കര്‍ ഇ തൊയിബ പോലുളള ഭീകരസംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ പ്രോത്സാഹനം നല്‍കുന്നായും തരൂര്‍ വ്ക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ റസിസ്റ്റന്‍സ് ഫ്രണ്ടും ലഷ്‌കര്‍ അനുബന്ധ സംഘടനയാണ്. രണ്ട് സംഘടനകളെയും യുഎന്‍ അടക്കം കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എന്നാല്‍ ഇവര്‍ക്ക് ധനസഹായം അടക്കം നല്‍കി പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് കൃത്യമായി ലോകരാജ്യങ്ങള്‍ മനസ്സിലാക്കണമെന്നും തരൂര്‍ കൗണ്‍സിലേഴ്‌സിനോട് പറഞ്ഞു.

ശനിയാഴ്ചയാണ് ശശി തരൂരും സംഘവും ന്യൂയോര്‍ക്കില്‍ എത്തിയത്. യുഎസിന് പുറമേ പനാമ, ഗയാന, ബ്രസീല്‍, കൊളംബിയ എന്നി രാജ്യങ്ങളും സംഘം സന്ദര്‍ശിക്കും.