- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യ - അമേരിക്ക വ്യാപാരകരാറില്‍ അവ്യക്തതകള്‍ ഏറെ; യു.എസും ഇന്ത്യയും തമ്മില്‍ ധാരണയായെന്ന് പറയുന്ന കരാറിനെ കുറിച്ച് പാര്‍ലമെന്റിലോ പൊതുജനങ്ങളുമായോ കേന്ദ്ര സര്‍ക്കാര്‍ ഒന്നും പങ്കുവെച്ചിട്ടില്ല; ആകെയുള്ളത് ട്രംപിന്റെ ട്വീറ്റും പ്ത്രക്കുറിപ്പും മാത്രം; 500 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി കര്‍ഷകര്‍ക്ക് ആഘാതമുണ്ടാക്കും; കരാറില്‍ പ്രതികരിച്ചു ശശി തരൂര്‍
ഇന്ത്യ - അമേരിക്ക വ്യാപാരകരാറില്‍ അവ്യക്തതകള്‍ ഏറെ

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാറിനെ കുറിച്ചുള്ള ട്രംപിന്‍രെ പ്രസ്താവനക്ക് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തില്‍ വലിയ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ പ്രതികരിച്ചു. യു.എസും ഇന്ത്യയും തമ്മില്‍ ധാരണയായെന്ന് പറയുന്ന കരാറിനെ കുറിച്ച് പാര്‍ലമെന്റിലോ പൊതുജനങ്ങളുമായോ കേന്ദ്ര സര്‍ക്കാര്‍ ഒന്നും പങ്കുവെച്ചിട്ടില്ലെന്ന് എം.പി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റും പത്രകുറിപ്പുമല്ലാതെ ഇതുവരെയും ഒരു വിവരവും പുറത്തുവന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വസ്തുക്കള്‍ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്നതും അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുമെന്നുള്ളതും വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയിലെ കര്‍ഷകര്‍ക്കുണ്ടാക്കുന്ന ആഘാതവും വലുതാണെന്ന് എം.പി പറഞ്ഞു. 'വ്യാപാര കരാറുകള്‍ പ്രധാനമാണ്, ഉയര്‍ന്ന താരിഫുകളേക്കാള്‍ കുറഞ്ഞ താരിഫുകള്‍ തന്നെയാണ് നല്ലത്, എന്നാല്‍ കൃത്യമായ വിശദീകരണം ലഭിക്കാതെ ഈ കരാറിനെ ആഘോഷിക്കാന്‍ കഴിയില്ല' തരൂര്‍ പറഞ്ഞു.
കരാറിനെ ചോദ്യംചെയ്ത തരൂര്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കരാര്‍ വിശദമാക്കണമെന്നും അവ്യക്തതകള്‍ അകറ്റണമെന്നും ആവശ്യപ്പെട്ടു. പതിനൊന്നുമാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കരാര്‍ യാഥാര്‍ഥ്യമായതായി അമേരിക്ക ഇന്നലെ വ്യക്തമാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട പുതിയ വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അത് കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.
കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് യു.എസ്. കാര്‍ഷിക സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയിലെ വലിയ വിപണി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതോടെ, അമേരിക്കന്‍ ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ പണം എത്തുമെന്നും ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്നും റോളിന്‍സ് പറഞ്ഞു.
2024-ല്‍ കാര്‍ഷിക വ്യാപാരത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യയുമായി 1.3 ബില്യണ്‍ ഡോളറിന്റെ കമ്മി ഉണ്ടായിരുന്നു. പുതിയ കരാര്‍ ഈ വ്യത്യാസം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് യു.എസ്. കണക്കുകൂട്ടുന്നത്. ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കേന്ദ്ര കൃഷി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വിദേശത്തുനിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര വിപണിയില്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില കുറയാതിരിക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുമെന്നും, ജനിതക മാറ്റം വരുത്തിയ വിളകളുടെ കാര്യത്തില്‍ നിലവിലുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും നേരത്തെ കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, നേരത്തെ സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായ തീരുമാനമാണ് പുതിയ കരാറുമായി ബന്ധപ്പെട്ട് കേന്ദ്രം സ്വീകരിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.
കരാറിനെതിരെ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. വിദേശ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കുമിഞ്ഞുകൂടുന്നത് സ്വദേശി കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കരാറിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാനും പ്രതിപക്ഷം ആവശ്യപ്പെട്ടു.


