തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ശിക്ഷാ കാലയളവില്‍ തന്നെ വലിയ പരിഗണന ലഭിച്ച കുറ്റവാളിയാണ്. ഇവര്‍ക്ക് യഥേഷ്ടം പരോളുകള്‍ ലഭിച്ചു. ഇതിനുള്ള ശുപാര്‍ശകളും അതിവേഗത്തിലാണ് നീങ്ങിയത്. ഇതിന് ജയില്‍ ഭരിച്ചവരും വലിയ താല്‍പ്പര്യമെടുത്തു. പരോളിന്റെ കാര്യത്തിലെന്ന പോലെ ഷെറിന് ജയലിന് പുറത്തേക്ക് വഴിതെളിക്കാന്‍ വലിയ ഇടപെടലുകള്‍ നടന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ശിക്ഷാ കാലയളവില്‍ ജയില്‍ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ വിവാദത്തിലായ ഷെറിന് വേണ്ടി ഇക്കുറി ഫയല്‍നീങ്ങിയതും അതിവേഗത്തിലായിരുന്നു. മറ്റു തടവുകാരുടെ അപേക്ഷകള്‍ ഇഴഞ്ഞു നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഷെറിന് വേണ്ടി അതിവേഗം ഫയല്‍നീക്കം ഉണ്ടായത്.

അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അര്‍ഹരായി നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളും പരിഗണിച്ചില്ല. ഷെറിറിന് വേണ്ടി മന്ത്രിസഭയിലെ തന്നെ ചിലര്‍ ഇടപെട്ടെന്ന പോലും ആക്ഷേപമുണ്ട്.

25 വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശ പരിഗണിക്കാതെയാണ് ഭാസ്‌ക്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. ഷെറിനെന്ന പേരു കേട്ടതോടെ സര്‍ക്കാര്‍ വൃത്തങ്ങളില്‍ തന്നെ ചിലര്‍ പ്രത്യേകം താല്‍പ്പര്യമെടുത്തു. ഡിസംബറില്‍ കണ്ണൂര്‍ ജയില്‍ ഉപദേശ സമിതി നല്‍കിയ ശുപാര്‍ശയിലാണ് അതിവേഗം മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളും പരിഗണിക്കാതെയാണ് ഇളവ്

ജയിലുകളില്‍ ഷെറിന് കിട്ടിയ ആനുകൂല്യങ്ങളുടെ തുടര്‍ച്ചയാണ് വിടുതലിലും കാണുന്നത്. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയെന്ന കാരണത്താലാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഷെറിന് മോചനം നല്‍കാനുള്ള തീരുമാനം. എന്നാല്‍ 25 ഉം 20 വര്‍ഷം വരെ തടവ് പൂര്‍ത്തിയായവര്‍ക്ക് ഈ ആനുകൂല്യം കിട്ടിയില്ല. ഇവരില്‍ പലരും രോഗികളാണെന്ന ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശകളും ഇതുവരെ പരിഗണിച്ചിട്ടില്ല.

പൂജപ്പുരം, വിയ്യൂര്‍, നെട്ടുകാല്‍ത്തേരി ജയിലുകളിലെ ഉപദേശക സമിതികള്‍ രണ്ട് തവണയായി നല്‍കിയ ശുപാര്‍ശകളില്‍ തീരുമാനം നീളുകയാണ്. ഷെറിന്റെ ഇളവില്‍ തീരുമാനമെടുത്തതും അതിവേഗം. ഡിസംബറിലാണ് ഷെറിന് ഇളവ് നല്‍കണമെന്ന ശുപാര്‍ശ കണ്ണൂര്‍ ജയിലിലെ ഉപദേശക സമിതി മുന്നോട്ട് വെക്കുന്നത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ജയില്‍ ഡിജിപി വഴി ആഭ്യന്തര വകുപ്പ് വഴി കാബിനറ്റിലെത്തി തീരുമാനമായി. സാധാരണ ഇളവ് കൊടുക്കുമ്പോള്‍ പ്രതികളുടെ ജയിലിലെ പ്രവര്‍ത്തനങ്ങളും പരിഗണിക്കാറുണ്ട്.

എന്നാല്‍ താമസിച്ച ജയിലുകളിലെല്ലാം സഹതടവുകാരും ഉദ്യോഗസ്ഥരുമായും ഷെറിന്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിട്ടും അതൊന്നും പരിഗണിച്ചില്ല. പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും ഷെറിന് അനുകൂലം. കാബിനറ്റില്‍ ചില മന്ത്രിമാരുടെ പിന്തുണയും ഷെറിന് കിട്ടിയതായും സൂചനകളുണ്ട്. ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട കാമുകന്‍ ബാസിത് അലിയെ നല്ല നടപ്പ് പരിഗണിച്ച് തുറന്ന ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ബാസിത് അലിയെ മോചനത്തിനായി പരിഗണിച്ചില്ല. മന്ത്രിസഭാ യോഗ ശുപാര്‍ശ ഗവര്‍ണ്ണര്‍ കൂടി അംഗീകരിച്ചാലോ ഷെറിന് പുറത്തിറങ്ങാനാകൂ.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം രാജ്ഭവന്‍ അംഗീകരിക്കാന്‍ ഇടയില്ല. എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും. ഏത് സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷാ ഇളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോ എന്നും പരിശോധിക്കും. ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും സൂചനയുണ്ട്. മന്ത്രിസഭ അംഗീകരിച്ചെങ്കിലും ഷെറിന്‍ പുറത്തു പോകുന്നതില്‍ മുഖ്യമന്ത്രിയ്ക്ക് പൂര്‍ണ്ണ മനസ്സില്‍ അല്ലെന്നാണ് സൂചന. ചില സമ്മര്‍ദ്ദങ്ങള്‍ അടക്കം ഈ ഫയല്‍ രാജ്ഭവനില്‍ എത്തിയതില്‍ നിര്‍ണ്ണായകമായി. ആര്‍ലേക്കര്‍ എന്തു തീരുമാനിക്കുമെന്നതാണ് നിര്‍ണ്ണായകം.

അതേസമയം സംസ്ഥാനത്ത് ശിക്ഷാകാലയളവില്‍ ഏറ്റവുമധികം തവണ പരോള്‍ ലഭിച്ച തടവുകാരിയാണ് ഷെറിന്‍. ശിക്ഷാകാലയളവിനിടെ 500 ദിവസത്തോളം ഷെറിന്‍ ജയിലിന് പുറത്തായിരുന്നു. കൊവിഡ് സമയത്തും ഷെറിന്‍ പുറത്തായിരുന്നു. ടി പി വധക്കേസ് പ്രതികള്‍ക്കാണ് ഇതുപോലെ ലാവിഷായി പരോള്‍ ലഭിച്ചത്.

മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷാകാലാവധി തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ പരോള്‍ നേടിത്തുടങ്ങിയിരുന്നു. 2016ല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് കേരളത്തിലെ മറ്റ് തടവുകാര്‍ക്കൊന്നും പരോള്‍ അനുവദിക്കാതിരുന്നപ്പോഴും ഷെറിന് പരോള്‍ കിട്ടിയിരുന്നു. ആദ്യം 30 ദിവസത്തേക്ക് അനുവദിച്ച പരോള്‍ പിന്നീട് 30 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

കാരണവര്‍ കൊലക്കേസിന്റെ വിധി വന്നത് 2010 ജൂണ്‍ 11നാണ്. 2012 മാര്‍ച്ച് മൂന്നിന് ഷെറിന് ആദ്യ പരോള്‍ ലഭിച്ചു. തിരുവനന്തപുരം ജയിലില്‍വെച്ചു മാത്രം എട്ടുതവണ പരോള്‍ ലഭിച്ചു. ഇതില്‍ രണ്ടെണ്ണം അടിയന്തര പരോളായിരുന്നു. ആദ്യം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ഷെറിന്‍. പിന്നീട് നെയ്യാറ്റിന്‍കര വനിതാ ജയിലിലായിരുന്നു. ഇവിടെവെച്ച് അനധികൃതമായി ഫോണ്‍ ഉപയോഗം ഉള്‍പ്പെടെ ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ഷെറിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു.

2009 നവംബര്‍ ഏഴിനാണ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരക്കാരണവര്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകന്റെ ഭാര്യയായിരുന്നു ഷെറിന്‍. കാരണവരുടെ കുടുംബത്തോട് അടക്കം അഭിപ്രായം തേടി വേണമായിരുന്നു സര്‍ക്കാര്‍ തീരുമാനം എടുക്കേണ്ടി ഇരുന്നത്. എന്നാല്‍ ഇത്തരത്തിലൊന്ന് ഉണ്ടായിട്ടില്ലെന്നാണ് സൂചന. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. ഷെറിന്‍ ആയിരുന്നു കേസിലെ ഒന്നാംപ്രതിയായി. ഷെറിനും ആണ്‍സുഹൃത്തും ചേര്‍ന്ന് കാരണവരെ കൊലപ്പെടുത്തുകയായിരുന്നു.

ശാരീരിക വെല്ലുവിളികളുള്ള ഇളയമകന്‍ ബിനു പീറ്റര്‍ ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001-ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിന്റെ വഴിവിട്ടബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭര്‍ത്തൃപിതാവ് വധിക്കപ്പെട്ടു. അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും വഴി ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഇതോടെ ഷെറിനു തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ ധനനിശ്ചയാധാരമുണ്ടാക്കി. സാമ്പത്തിക അച്ചടക്കത്തിനു കാരണവര്‍ ശ്രമിച്ചതോടെ പലരില്‍നിന്നും ഷെറിന്‍ പണം കടം വാങ്ങാന്‍ തുടങ്ങി. കാരണവരാണ് അതെല്ലാം വീട്ടിയത്. ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്.

ജയില്‍ ജീവിതത്തിനിടെ നിരവധി വിവാദങ്ങള്‍ ഷെറിന്റെ പേരില്‍ ഉയര്‍ന്നിരുന്നു. ജൂണ്‍ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്.തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. ഇതെല്ലാം വിവിധ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ സമാനമായ സൗകര്യങ്ങള്‍ ഷെറിന് ജയിലില്‍ കിട്ടിയെന്നും ആരോപണമുണ്ടായിരുന്നു. ഇങ്ങനെ ജയില്‍വാസ കാലത്ത് നിരവധി വിവാദങ്ങളുണ്ടാക്കിയ ഷെറിനാണ് നല്ല നടപ്പിന്റെ ആനുകൂല്യം കിട്ടുന്നത്. നേരത്തെയും ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ടായിരുന്നു.

സംസ്ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍. ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിന്‍ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവര്‍ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്.