- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മന്ത്രിയുടെ പി.എ വിളിച്ചു പറഞ്ഞു; സിപിഎം ജില്ലാ സെക്രട്ടറി ഇടപെട്ടു; എന്നിട്ടും സിസ്റ്റം വര്‍ക്കായില്ല; പത്തനംതിട്ട ജില്ലയില്‍ രണ്ടു മാസമായി ഡി.ഇ.ഒ ഇല്ല; നാറാണംമൂഴിയില്‍ അധ്യാപികയുടെ ഭര്‍ത്താവിന്റെ ജീവനെടുത്തത് സിസ്റ്റം തകരാര്‍ തന്നെ
മന്ത്രിയുടെ പി.എ വിളിച്ചു പറഞ്ഞു; സിപിഎം ജില്ലാ സെക്രട്ടറി ഇടപെട്ടു
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരില്‍ വീണ്ടുമൊരു സിസ്റ്റം തകരാര്‍. ഇക്കുറി വിദ്യാഭ്യാസ വകുപ്പിലാണ് സിസ്റ്റത്തിന് തകരാര്‍ ഉണ്ടായത്. ഫലമോ ഇടതു സഹയാത്രികന്റെ മകന്റെ ജീവന്‍ നഷ്ടമായി. അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷത്തെ ശമ്പളം കിട്ടാതെ വന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കുകയായിരുന്നു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി അത്തിക്കയം വടക്കേച്ചരുവില്‍ വി.എന്‍. ത്യാഗരാജന്റെ മകന്‍ വി.ടി. ഷിജോ(47)യാണ് വീടിനോട് ചേര്‍ന്ന മൂങ്ങാംപാറ വനമേഖലയില്‍ തൂങ്ങി മരിച്ചത്.
നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ അധ്യാപികയാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന്‍. 14 വര്‍ഷമായി ശമ്പമില്ലാതെ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ നിയമനത്തെ ചൊല്ലി ഹൈക്കോടതിയില്‍ കേസ് നടന്നിരുന്നു. അനുകൂല വിധി സമ്പാദിച്ചിട്ടും ശമ്പളം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറായില്ല. മകന്റെ എന്‍ജിനീയറിങ് ഉപരി പഠനത്തിന് പണം കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ഷിജോ അത് കിട്ടില്ലെന്ന വന്നതോടെയാണ് ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ ജീവനൊടുക്കിയത്.
എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയുടെ 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തുടര്‍നടപടി എടുത്തില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മകന്റെ ഉന്നത വിദ്യാഭ്യാസം മുടങ്ങുമെന്ന അവസ്ഥയിലാണ് ഷിജോ ജീവനൊടുക്കിയതെന്നും പിതാവ് പറഞ്ഞു. മന്ത്രിയുടെ പി.എ. രണ്ടു തവണ വിളിച്ചു പറഞ്ഞിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം മൂന്നു തവണ വിളിച്ചു. എന്നിട്ടും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കനിഞ്ഞില്ല.
വിദ്യാഭ്യാസ വകുപ്പിന്റെ ചുവപ്പുനാട കുരുക്ക് മകന്റെ ജീവനെടുത്തുവെന്നാണ് ത്യാഗരാജന്‍ പറയുന്നത്. നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 2012 ലാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന്‍ ജോലിയില്‍ കയറുന്നത്. മുന്‍പ് ജോലി ചെയ്യുകയും പിന്നീട് രാജിവച്ചു പോകുകയും ചെയ്ത അധ്യാപികയും ഇതേ തസ്തികയ്ക്ക് അവകാശവാദം ഉന്നയിച്ചു. തര്‍ക്കം കോടതി കയറി ഒടുവില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് കിട്ടിയെന്ന് ഷിജോയുടെ കുടുംബം പറയുന്നു. ശമ്പളം നല്‍കണമെന്ന കോടതി ഉത്തരവും അനുബന്ധ രേഖകളും ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഡിസംബര്‍ നല്‍കിയതാണ്. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.
ഒരു മകനാണ് ഷിജോയ്ക്കുള്ളത്. ഈ റോഡില്‍ എഞ്ചിനീയറിങ്ങിിഉള്ള അഡ്മിഷന്‍ സമയമായിരുന്നു. ഭാര്യയുടെ ശമ്പള കുടിശിക കിട്ടുമ്പോള്‍ അതിന് വിനിയോഗിക്കാം എന്നായിരുന്നു കരുതിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി തടസമായി. മാത്രമല്ല കൃഷിവകുപ്പിന് കീഴില്‍ വിഎഫ്പിസികെ യിലെ ഫീല്‍ഡ് സ്റ്റാഫാണ് ഷിജോ. അവിടെയും ശമ്പളം കിട്ടാനുണ്ടെന്ന് കുടുംബം പറയുന്നു.
പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇന്ന് തന്നെ പ്രാഥമിക നടപടിയെടുക്കും. പരാതിയുമായി അധ്യാപികയുടെ കുടുംബം തന്നെ കാണാനായി എത്തിയതാണ്. ശമ്പളം നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയതുമാണ്. ആരുടെ ഭാഗത്താണ് വീഴ്ച എന്ന് പരിശോധിക്കും. വീഴ്ചയ്ക്ക് കാരണം ഓരോ സീറ്റിലും ഇരിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഷിജോയുടെ ഭാര്യക്ക് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ശമ്പളം നല്‍കി തുടങ്ങിയെന്ന് ആണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിശദീകരണം. കുടിശിക നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയായിരുന്നു എന്നും ഡി.ഡി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിരമിച്ച് രണ്ടുമാസം പിന്നിട്ടിട്ടും പകരം നിയമനം നടത്താത്തത് വകുപ്പിലെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും ഇത് കുത്തഴിഞ്ഞ ഓഫീസ് പ്രവര്‍ത്തനത്തെ കൂടുതല്‍ അവതാളത്തിലാക്കിയെന്നും കെ പി എസ് ടി എ ജില്ലാ പ്രസിഡന്‍്റ് ഫിലിപ്പ് ജോര്‍ജ്, സെക്രട്ടറി വി.ജി കിഷോര്‍ എന്നിവര്‍ പറഞ്ഞു.