കൊച്ചി: ഡാന്‍സാഫ് സംഘം നടന്‍ ഷൈന്‍ ടോം ചാക്കോ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയതു മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ചുള്ള വ്യാപക ലഹരി ഇടപാടുകളിലെ കണ്ണിയായ ഫോര്‍ട്ട് കൊച്ചി സ്വദേശി ഷജീര്‍ എന്നയാളെ തേടിയാണു പോലീസ് 16 നു രാത്രി 11 നു എറണാകുളം നോര്‍ത്തിലുള്ള വേദാന്ത ഹോട്ടലില്‍ എത്തിയത്. ഇയാളുടെ ലൊക്കേഷന്‍ ഹോട്ടലിന്റെ സമീപത്തുവച്ച് അവസാനിച്ചിരുന്നു.

ഇയാള്‍ എന്തിനാണ് അവിടെ എത്തിയതെന്ന അന്വേഷണത്തിന് ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് കണ്ടു. ഇതോടെ ഷൈനിനെ കാണാനാണ് എത്തിയതെന്ന് സംശയിച്ചു. അതാണ് പിന്നീടുള്ള സംഭവങ്ങളിലേക്ക് കടന്നത്. ഷജീറുമായുള്ള ബന്ധമാണ് ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തുന്നത്. തനിക്ക് ഷജീറിനെ അറിയാമെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ സമ്മതിച്ചു. കോള്‍ ഡീറ്റയില്‍സും ചാറ്റും എല്ലാം ഈ കുറ്റസമ്മതത്തിലേക്ക് എത്താന്‍ നിര്‍ണ്ണായകമായി. ഇതോടെ ഷജീറിലേക്കും അന്വേഷണം നീളും. നടന് ലഹരി എത്തിച്ചു കൊടുത്തത് ഷജീറാണെന്നാണ് സൂചന.

ഹോട്ടലിലെ പോലീസ് പരിശോധനയാണ് നിര്‍ണ്ണായകമായത്. നടന്റെ മുറിക്കു മുന്നിലെത്തിയ സംഘം, പല തവണ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. റൂം സര്‍വീസ് ഒന്നും വേണ്ട, തന്നെ ആരും ശല്യപ്പെടുത്തരുതെന്നു ഷൈന്‍ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു എന്നാണു ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. പോലീസ് എത്തിയ വിവരം ഹോട്ടല്‍ ജീവനക്കാരില്‍നിന്നു ചോര്‍ന്നതായാണു പോലീസ് സംശയിക്കുന്നത്. മുറിയില്‍ പരിശോധന നടത്തിയ ഡാന്‍സാഫ് സംഘത്തിനു കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നതു ഷൈന്‍ ടോം ചാക്കോയാണെന്ന് മുറിയിലുണ്ടായിരുന്നവര്‍ പോലീസിനോടു പറഞ്ഞു.

16നു രാവിലെ അഞ്ചരയോടെയാണു ഷൈന്‍ ഹോട്ടലില്‍ മുറിയെടുത്തത്. പത്തു മണിയോടെ നടനെ കാണാന്‍ ഒരു യുവതി എത്തി. മണിക്കൂറുകള്‍ക്കുശേഷം ഇതേ നിലയില്‍ യുവതിക്കുവേണ്ടിയും ഒരു മുറിയെടുത്തു. വൈകിട്ടോടെ പാലക്കാട് സ്വദേശിയായ ഒരാള്‍ ഷൈനെ കാണാനെത്തി. അതേസമയം, പേടിച്ചിട്ടാകാം മകന്‍ മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ടതെന്നാണു ഷൈന്‍ ടോം ചാക്കോയുടെ അമ്മ പ്രതികരിച്ചിരുന്നു. ഉറക്കത്തിനിടയില്‍ പെട്ടെന്നല്ലേ ഉദ്യോഗസ്ഥരെ കാണുന്നത്. അപ്പോള്‍, ഇറങ്ങി ഓടിയതാണെന്നും മകന്‍ എവിടെ എന്നറിയില്ലെന്നും അമ്മ പറഞ്ഞിരുന്നു. ഇതിന് സമാനമായ മൊഴിയാണ് പോലീസിന് മുന്നില്‍ ഷൈന്‍ അവതരിപ്പിച്ചത്. എന്നാല്‍ തുടര്‍ ചോദ്യങ്ങളില്‍ ഷൈന്‍ തളര്‍ന്നു. മട്ടാഞ്ചേരി മാഫിയയുടെ ഭാഗമാണ് ഷജീര്‍ എന്നാണ് സൂചന.

ബുധനാഴ്ച രാത്രി 10.30-ന് ശേഷമാണ് ഡാന്‍സാഫ് സംഘം എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ എത്തിയത്. സ്യൂട്ട് റൂമിന്റെ ലെന്‍സിലൂടെ പോലീസിനെ കണ്ട ഷൈന്‍ ടോം ചാക്കോ ജനല്‍ വഴി ചാടി, രണ്ടാം നിലയിലെ ഷീറ്റ് വഴി ഊര്‍ന്നിറങ്ങി സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കോണിപ്പടികള്‍ വഴി ഓടി രക്ഷപ്പെട്ടു. മുറിയില്‍ പരിശോധന നടത്തിയ ഡാന്‍സാഫ് സംഘത്തിന് കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നത് ഷൈന്‍ ടോം ചാക്കോയാണെന്ന് സന്ദര്‍ശകനും പോലീസിനോട് വ്യക്തമാക്കിയിരുന്നു.

ഷൈന്‍ ടോം ചാക്കോ