- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈഗോയുടെ പുറത്ത് വന്ന പരാതി'; വിന്‍ സി അലോഷ്യസിന്റെ പരാതി വ്യാജം; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന; സെറ്റില്‍ തന്നോടുള്ള എതിര്‍പ്പാണ് പരാതിക്ക് കാരണം; നടിയുമായി മറ്റുപ്രശ്‌നങ്ങള്‍ ഇല്ലെന്നും ചോദ്യം ചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ
'പരാതി ഗൂഢാലോചന'; വിന്‍ സിക്കെതിരെ ഷൈന്‍ ടോം ചാക്കോ
കൊച്ചി: നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ചോദ്യംചെയ്യലില്‍ പൊലീസിനോട് പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ലഹരിക്കേസില്‍ അറസ്റ്റിലായ ഷൈന്‍ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് നടിയുടെ പരാതിയിലുള്ള പ്രതികരണം തേടിയത്. വിന്‍സിയുടെ പരാതി അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്ന പരാതിയാണെന്നും വിന്‍സി കുടുംബ സുഹൃത്താണെന്നുമാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. സെറ്റില്‍ തന്നോടുള്ള എതിര്‍പ്പാണ് പരാതിക്ക് കാരണമെന്ന് ഷൈന്‍ മൊഴി നല്‍കി. വിന്‍ സിയുമായി മറ്റുപ്രശ്‌നങ്ങള്‍ ഇല്ലെന്നും ചോദ്യം ചെയ്യലില്‍ ഷൈന്‍ പറഞ്ഞു.
വിന്‍ സി അലോഷ്യസിന്റെ പരാതി വ്യാജമെന്നും ആരോപണം തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും നടന്‍ പോലീസിന് മൊഴി നല്‍കി. വിന്‍ സി ആരോപിച്ചതുപോലെ ഒന്നും സംഭവച്ചിട്ടില്ലെന്നും നടന്‍ പറഞ്ഞു. സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍ സിയുടെ വെളിപ്പെടുത്തല്‍.
താന്‍ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ശരിവെയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കില്‍ വിളിച്ചു ചോദിക്കുവെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റില്‍ താന്‍ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈന്‍ മൊഴി നല്‍കി.
'എന്റെ ഡ്രെസ്സില്‍ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍, ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക്, അതും എല്ലാവരുടേയും മുന്നില്‍വെച്ച് പറയുന്ന രീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീന്‍ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്.' ഇതായിരുന്നു വിന്‍ സി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.
ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടന്‍ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്നും സംവിധായകന്‍ ഉള്‍പ്പെടെ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ സിനിമാ സെറ്റില്‍ പിന്നീട് തുടര്‍ന്നതെന്നുമാണ് വിന്‍ സി പറഞ്ഞത്. ലഹരി ഉപയോഗിച്ച ആളില്‍ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിന്‍സി വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ താന്‍ രാസലഹരി ഉപയാഗിക്കാറുണ്ടെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ ഷൈന്‍ സമ്മതിച്ചിരുന്നു. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്നാണ് നടന്‍ പോലീസിന് നല്‍കിയ മൊഴി.
സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന്‍ സി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു സംഭവമെന്നും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിന്‍സി പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാനുള്ള വൈദ്യപരിശോധന പൂര്‍ത്തിയായി. നഖവും മുടിയുമടക്കം അഞ്ച് സാംപിളുകള്‍ ശേഖരിച്ചു. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കുമാണ് ഷൈനിനെതിരേ കേസ് എടുത്തിരിക്കുന്നത്. വൈദ്യ പരിശോധന പൂര്‍ത്തിയായശേഷം ഷൈന്‍ ടോമിനെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ തിരിച്ചെത്തിച്ച് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
ഷൈനിനെ കാണാന്‍ മാതാപിതാക്കളും സഹോദരനും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് വിചിത്രമറുപടിയാണ് ഷൈനിന്റെ സഹോദരന്‍ നല്‍കിയത്. ഷൈന്‍ ലഹരിവിമുക്തകേന്ദ്രത്തില്‍ ചികില്‍സ തേടിയതായി അറിയില്ലെന്നും പാലക്കാട്ടെ മാനസികാരോഗ്യകേന്ദ്രത്തില്‍ തന്നെ കൊണ്ടുപോയിട്ടുണ്ടെന്നും സഹോദരന്‍ ജോ ജോണ്‍ ചാക്കോ പറഞ്ഞു. കുറച്ചുദിവസമായി ചേട്ടനെ കണ്ടിട്ടില്ല. ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഞാന്‍ ഫോണ്‍ വിളിച്ചാലൊന്നും ആരും എടുക്കാറില്ല. ജാമ്യം കിട്ടിയാല്‍ ഷൈനിനെ കൊണ്ടുപോകുമെന്നും സഹോദരന്‍ പറഞ്ഞു.
അതേസമയം, ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. താന്‍ ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവുമെന്നാണ് ഷൈന്‍ ടോമിന്റെ മൊഴി. ഒരുവര്‍ഷം മുന്‍പ് കൂത്താട്ടുകുളത്തെ ലഹരിവിമുക്തി കേന്ദ്രത്തില്‍ ചികില്‍സതേടിയിരുന്നു. 12 ദിവസത്തെ ചികില്‍സയ്ക്കുശേഷം പുറത്തുകടന്നെന്നും മൊഴിയില്‍ പറയുന്നു.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുകേസ് പ്രതി തസ്‌ലിമയെ അറിയാമെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. പലതവണ തസ്ലിമയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. തനിക്ക് ലഹരിമരുന്നെത്തിക്കുന്നത് സിനിമയിലെ അസിസ്റ്റന്റുമാര്‍ എന്നും ഷൈന്‍ മൊഴി നല്‍കി. ലഹരി ഇടപാടുകാരന്‍ സജീറുമായി ഷൈന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇറങ്ങിയോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാടുണ്ടായിരുന്നു. എന്നാല്‍ ആ ദിവസം ലഹരി ഉപയോഗിച്ചില്ലെന്നാണ് ഷൈന്‍ മൊഴി നല്‍കിയിട്ടുള്ളത്.