കൊച്ചി: 'സിനിമയെ വെല്ലുന്ന സീന്‍, ഇങ്ങനെയാണ് ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത്': സിനിമാ സെറ്റില്‍ നടിയോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുമ്പോഴും, ഹോട്ടലില്‍ നിന്ന് താന്‍ ചാടി രക്ഷപ്പെട്ട വാര്‍ത്തയെ അടക്കം പരിഹസിച്ച് നടന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍. താന്‍ എവിടെയെന്ന് ചോദിക്കുന്നവരെ പരിഹസിച്ച് ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയാണ് ഷൈന്‍ പങ്കുവച്ചത്.

ഹോട്ടലില്‍നിന്ന് ചാടി രക്ഷപെട്ടുവെന്ന വാര്‍ത്തയ്ക്കും പരിഹാസമുണ്ട്. 'ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്‌സ്‌ക്യൂസീവ് ഫൂട്ടേജ്. അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍' എന്ന് കുറിച്ചായിരുന്നു ഷൈന്‍ വിഡിയോ പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയ ഡാന്‍സാഫ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ വാര്‍ത്തയ്ക്കും പരിഹാസമുണ്ട്. നടീനടന്മാരുടെ സംഘടനയായ 'അമ്മ'യിലെ മുഴുവന്‍ അംഗങ്ങളും അഭിനയിച്ച 'ട്വന്റി20' എന്ന ചിത്രത്തിലെ രംഗം പങ്കുവെച്ചുകൊണ്ടാണ് പരിഹാസം. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ദേവരാജപ്രതാപ വര്‍മ എന്ന കഥാപാത്രം ഹോട്ടല്‍ മുറിയില്‍നിന്ന് സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന രംഗമാണ് ഷൈന്‍ പങ്കുവെച്ചത


അതിനുപിന്നാലെ ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന 'സൂത്രവാക്യം' എന്ന ചിത്രത്തിന്റെ പോസ്റ്ററും ഷൈന്‍ പങ്കുവച്ചിട്ടുണ്ട്.




അതേസമയം സൂത്രവാക്യം സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയതിന് ഷൈനിനെതിരെ വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.

ഡാന്‍സാഫ് പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യംചെയ്യാനൊരുങ്ങുകയാണ് പോലീസ്. നടനെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു. അതേസമയം, ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെനിന്ന് കടന്നുകളഞ്ഞത് ബൈക്കിലാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയ ഷൈന്‍, ബൈക്കില്‍ ബോള്‍ഗാട്ടിയില്‍ എത്തിയതായാണ് പോലീസ് കണ്ടെത്തല്‍. ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടുന്ന ഷൈനിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഹോട്ടലിന്റെ കോമ്പൗണ്ടിന് പുറത്തെത്തിയ ഷൈന്‍ ബൈക്കില്‍ കയറിയാണ് രക്ഷപ്പെട്ടത് എന്നാണ് വ്യക്തമായത്. ബൈക്ക് ആരുടേതാണ് എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ലിഫ്റ്റ് ചോദിച്ചാണോ പോയത് എന്നതടക്കം പോലീസ് അന്വേഷിക്കും.

ഇവിടെ ഇയാള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു. അവിടെനിന്ന് പുലര്‍ച്ചെ മൂന്നരയോടെ തൃശ്ശൂര്‍ ഭാഗത്തേക്ക് പോയതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തൃശ്ശൂര്‍ സ്വദേശിയായ ഷൈന്‍ വീട്ടിലേക്കാണോ പോയത് എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഷൈന്‍ മാതാപിതാക്കളോട് സംസാരിച്ചതായി സംശയമുണ്ട്. അത്തരത്തിലുള്ള പ്രതികരണമാണ് അമ്മ നേരത്തേ മാധ്യമങ്ങളോട് നടത്തിയത്.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)