- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്കേസില്‍ ജാമ്യം കിട്ടിയെങ്കിലും ഷൈന് ടോം ചാക്കോയ്ക്ക് ആശ്വാസമില്ല; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം; കേസില്‍ ഷൈന് ഒന്നാം പ്രതിയും മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയും; തെളിവ് നശിപ്പിക്കാനാണ് ഷൈന് ഹോട്ടല്‍മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതെന്ന് എഫ്ഐആറില്‍
ഷൈന് ഒന്നാം പ്രതിയും മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയും
കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോ ഒന്നാം പ്രതി. ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്ന മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയാണ്. ഇരുവരും ഹോട്ടല്‍മുറിയില്‍വെച്ച് ലഹരി ഉപയോഗിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തെളിവ് നശിപ്പിക്കാനായാണ് ഷൈന്‍ ഹോട്ടല്‍മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതെന്നും എഫ്ഐആറിലുണ്ട്.
ശനിയാഴ്ച നാലുമണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് ഷൈനിനെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗത്തിന് ഉള്‍പ്പെടെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ലഹരി ഉപയോഗിച്ചത് കണ്ടെത്താനായി രക്തം, നഖം, തലമുടി എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷൈന്‍ ടോം ചാക്കോയെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു.
ലഹരി ഉപയോഗം സ്ഥിരീകരിക്കാനുള്ള വൈദ്യപരിശോധന പൂര്‍ത്തിയായതോടെ തിരിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെത്തിച്ച ഷൈന്‍ പുറത്തിറങ്ങി. മാധ്യമങ്ങളോട് സംസാരിക്കാതെ സ്റ്റേഷന്‍ പരിസരം വിട്ടു. അതേസമയം, കേസില്‍ ഷൈനിനെ വീണ്ടും ചോദ്യംചെയ്യും. 21 ,22 തീയതികളില്‍ ഹാജരാകാന്‍ ഷൈന്‍ ടോമിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 21ന് ഹാജരാകാമെന്ന് ഷൈന്‍ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു.
ഹോട്ടലില്‍ തങ്ങിയത് ലഹരി ഉപയോഗിക്കാനും ഗൂഢാലോചനയ്ക്കുമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പൊലീസ് സാന്നിധ്യം മനസിലാക്കി ജനല്‍വഴി ചാടി രക്ഷപെടുകയായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കും തെളിവുനശിപ്പിച്ചതിനുമാണ് ഷൈനിനെതിരെ കേസ് എടുത്തിരിക്കുന്നത്.
വേദാന്ത ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ദിവസം ലഹരി ഇടപാടുകാരന്‍ സജീറുമായി 20,000 രൂപയുടെ ഇടപാട് നടത്തിയെന്ന് പൊലീസിനോട് ഷൈന്‍ സമ്മതിച്ചു. എന്നാല്‍, താന്‍ ആ ദിവസം ലഹരി ഉപയോഗിച്ചില്ലെന്നും ലഹരി കൈവശം വച്ചില്ലെന്നും ഷൈന്‍ മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈനിന് ലഹരി പരിശോധന നടത്തുന്നത്. മെത്താംഫെറ്റമിനും, കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും ഷൈന്‍ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായി ബന്ധമുണ്ടെന്നും നടന്‍ സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷം അച്ഛന്‍ തന്നെ ഡി അഡിക്ഷന്‍ സെന്ററില്‍ ആക്കിയെങ്കിലും 12 ദിവസത്തെ ചികിത്സയ്ക്ക് ശേഷം താന്‍ അവിടെ നിന്നു മടങ്ങിയെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. നേരത്തേ രാസലഹരി ഉപയോഗിച്ചിരുന്നെന്നും ഷൈന്‍ മൊഴി നല്‍കി. എന്നാല്‍ രണ്ടാഴ്ചയായി ഉപയോഗിച്ചില്ലെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു.
പൊലീസിന്റെ തുടര്‍ച്ചയായ ചോദ്യങ്ങളില്‍ ഷൈന്‍ പതറി. ലഹരി ഇടപാടുകാരനുമായുള്ള ഫോണ്‍ വിളി എന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. ലഹരി ഇടപാടുകാരന്‍ സജീറിനെയും കസ്റ്റഡിയില്‍ എടുത്തേക്കും. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അറിയാമോ എന്നുള്ള ചോദ്യങ്ങളില്‍ ഇല്ലെന്നുള്ള മറുപടിയാണ് ഷൈന്‍ നല്‍കി കൊണ്ടിരുന്നത്. എന്നാല്‍, ഫോണ്‍ കോളുകളും ഡിജിറ്റല്‍ ഇടപാടുകളും അടക്കമുള്ള തെളിവുകള്‍ മുന്നില്‍ വച്ചുള്ള ചോദ്യങ്ങളില്‍ ഷൈന് ഉത്തരം മുട്ടി.
തലമുടി, നഖം, സ്രവങ്ങള്‍ എന്നിവ പരിശോധിക്കാന്‍ സാമ്പിളുകളെടുത്തു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മെഡിക്കല്‍ പരിശോധന. സാമ്പിളുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലക്ക് അയയ്ക്കും. പേടിച്ചോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയില്‍ നിന്ന് വ്യക്തമാകും. ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്നും ഷൈനിന് ചോദ്യം ചെയ്യലില്‍ സമ്മതിക്കേണ്ടിവന്നു. സജീറിനെ തേടി ഹോട്ടലില്‍ പൊലീസെത്തിയപ്പോഴാണ് ഷൈന്‍ ജനല്‍ വഴി ചാടി രക്ഷപ്പെട്ടത്. ഷൈനിന്റെ വാട്‌സാപ് ചാറ്റും കോളുകളും ഗൂഗിള്‍പേ അക്കൗണ്ടും പരിശോധിച്ചാണ് പൊലീസ് വഴിവിട്ട ഇടപെടലുകള്‍ ഉറപ്പിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യം ചെയ്യലിനു മുന്നില്‍ നടന് പിടിച്ചു നില്‍ക്കാനായില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .