കാര്‍വാര്‍: മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായ ഷിരൂരിനു സമീപം കടലില്‍ ഒരു മൃതദേഹം കണ്ടെത്തിയെന്ന പ്രചാരണം വ്യാജം. അങ്ങനെയൊരു അഭ്യൂഹം പടരുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഈശ്വര്‍ മല്‍പെ പരിശോധനയ്ക്ക് എത്തി. എന്നാല്‍ ഒന്നും കണ്ടെത്തിയില്ലെന്നതാണ് വസ്തുത. മൃതദേഹം കണ്ടെത്തിയെന്നും ഡിഎന്‍എ പരിശോധന നടത്തുമെന്നെല്ലാം വാര്‍ത്ത വന്നിരുന്നു. ഇതിനെ ജില്ലാ ഭരണകൂടവും നിഷേധിക്കുകയാണ്.

ഷിരൂരിനും ഹൊന്നാവരയ്ക്കും ഇടയില്‍ പുഴയും കടലും ചേരുന്നിടത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തി എന്നായിരുന്നു പ്രചാരണം. എന്നാല്‍, ഇങ്ങനൊരു മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണമില്ലെന്ന് കാര്‍വാര്‍ എസ്പി പറഞ്ഞു. പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് കുംട കടലില്‍ നടത്തിവന്ന തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായതോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ഈശ്വര്‍ മല്‍പെയും സംഘവും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. മൃതദേഹം അര്‍ജുന്റേതാവാന്‍ സാധ്യതയില്ലെന്നാണ് ഈശ്വര്‍ മല്‍പെ പറയുന്നത്. കടലില്‍ മൃതദേഹം കണ്ടെന്ന് വിവരം നല്‍കിയത് മത്സ്യത്തൊഴിലാളികളാണ്. മൃതദേഹം മൂന്നു ദിവസം മുന്‍പു കാണാതായ മത്സ്യത്തൊഴിലാളിയുടേതാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

ജീര്‍ണിച്ച നിലയില്‍ പുരുഷ മൃതദേഹമാണ് കണ്ടെത്തിയത് എന്നായിരുന്നു വാര്‍ത്ത. ഗോകര്‍ണ ജില്ലയില്‍ കുംട തീരത്തോട് ചേര്‍ന്ന് അകാനാശിനിപ്പുഴ കടലുമായി ചേരുന്ന അഴിമുഖത്ത് അകനാശിനി ബാടയോട് ചേര്‍ന്നാണ് അവസാനമായി മൃതദേഹം കണ്ടതെന്നായിരുന്നു പ്രചരണം. ഷിരൂരില്‍ നിന്നും 60 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ പ്രദേശം. ഷിരൂര്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്‍ അടക്കമുള്ള മൂന്നു പേരുടെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ മത്സ്യതൊഴിലാളികളുടെ സംശയമായിരുന്നു ഇതെന്നും വിലയിരുത്തലുണ്ട്.

ഗംഗാവാലി പുഴയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. ഈ സാഹചര്യത്തില്‍ തിരച്ചില്‍ നടത്താനാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. തിരച്ചില്‍ ദൗത്യം വൈകാതെ പുനഃരാരംഭിക്കുമെന്നു കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് കുംട കടലില്‍ മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവന്നത്. ഇത് കേരളത്തില്‍ വലിയ ചര്‍ച്ചയായി. ഈ സാഹചര്യത്തിലാണ് മൃതദേഹം കിട്ടിയില്ലെന്ന് കാര്‍വാര്‍ അധികൃതര്‍ വിശദീകരിച്ചത്.

അര്‍ജുനുവേണ്ടി തിരച്ചില്‍ തുടരുന്നതു സംബന്ധിച്ച് എം.കെ.രാഘവന്‍ എംപിയും എ.കെ.എം.അഷറഫ് എംഎല്‍എയും ബെംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഉടന്‍ ചര്‍ച്ച നടത്തും.