നിലവില്‍ ഒഴുക്ക് 6.8 നോട്സ്; മുങ്ങല്‍വിദഗ്ധര്‍ക്ക് ഇറങ്ങാന്‍ പാകം 3 നോട്സിനു താഴെ; അര്‍ജുനായി ശനിയാഴ്ച കൂടുതല്‍ സംവിധാനങ്ങളോടെ തിരച്ചില്‍
- Share
- Tweet
- Telegram
- LinkedIniiiii
ഷിരൂര്‍: ഷിരൂരില്‍, കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ അര്ജുന് വെള്ളിയാഴ്ചയും കാണാമറയത്ത് തന്നെയാണ്. കനത്ത മഴയും, ഗംഗാവാലി പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതോടെ പതിനൊന്നാം ദിവസവും തിരച്ചില്‍ അവസാനിപ്പിച്ചു. പുതിയ സംവിധാനങ്ങള്‍ ഒരുക്കി ശനിയാഴ്ച തിരച്ചില്‍ തുടരും.
അര്ജുന് സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കാന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാര്‍, സോണല്‍ സിഗ്നലുകള്‍ കണ്ട സ്ഥലത്തുനിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.
അര്‍ജുനെ കണ്ടെത്താന്‍ സാദ്ധ്യമായ പുതിയ രീതികള്‍ അവലംബിക്കാന്‍ തീരുമാനമായതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഷിരൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് എംപി എംകെ രാഘവന്, എംഎല്‍എമാരായ അഷ്റഫ്, സച്ചിന് ദേവ്, ലിന്റോ ജോസഫ്, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, ഉത്തര കന്നട ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ എന്നിവരാണ് യോഗം ചേര്‍ന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം തിരച്ചിലില്‍ നാവികസേന പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നത് യോഗത്തില്‍ വിലയിരുത്തി. എന്ത് പ്രതിസന്ധികള്‍ ഉണ്ടായിരുന്നാലും അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് മന്ത്രി പറഞ്ഞു.
ഗംഗാവാലി പുഴയില്‍ നിലവില്‍ ഒഴുക്ക് 6.8 നോട്സാണ്. 3 നോട്സിനു താഴെ എത്തിയാലെ മുങ്ങല്‍വിദഗ്ധര്‍ക്ക് ഇറങ്ങാനാകൂ. 'ഐഎസ്ആര്‍ഒയുടെയും നേവിയുടെയും സൈന്യത്തിന്റെയും സഹായത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്. ട്രക്ക് ഉള്ള സ്ഥലം കണ്ടെത്തി. അടിയൊഴുക്ക് ശക്തമായതിനാല്‍ നേവിക്ക് ഡൈവ് ചെയ്യാന്‍ കഴിയുന്നില്ല. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നദിയില്‍ പ്ലാറ്റ്ഫോം നിര്‍മിച്ച് തിരച്ചില്‍ നടത്താനാണ് ആലോചന" ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു.
ജിപിഎസ് വിവരങ്ങള്‍ പ്രകാരം, അപകട സമയത്ത് ലോറിയുടെ എന്ജിന് ഓണാണ്. ഇതാണ് അര്ജുന് ലോറിക്കകത്ത് ഉണ്ടെന്നു കരുതാനുള്ള സാധ്യത. അതേസമയം, ലോറി ഓഫാക്കാതെ പുറത്തിറങ്ങാനുള്ള സാധ്യതയുമുണ്ട്. അര്ജുന് ലോറി നിര്‍ത്തി ചായക്കടയിലേക്കു പോയപ്പോള്‍ മണ്ണിടിച്ചിലിനൊപ്പം പുഴയിലേക്കു വീണതാകാനും സാധ്യതയുണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ലോറിയിലെ ഏതാനും മരത്തടികള്‍ കിലോമീറ്ററുകള്‍ അകലെയുള്ള ഗ്രാമത്തില്‍ പുഴയോരത്തു കണ്ടെത്തി. 400 അക്കേഷ്യ തടികളാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
കൂടുതല്‍ സംവിധാനങ്ങള്‍
അര്‍ജുനെ കണ്ടെത്താന്‍ തിരച്ചിലിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഷിരൂരില്‍ എത്തിക്കാന്‍ തീരുമാനമായി. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഡൈവ് ചെയ്യാന്‍ സഹായകരമാകുന്ന തരത്തിലുള്ള ഫ്ലോട്ടിങ് പെന്റൂണുകള്‍ (ഗോവയില്‍ നിന്ന് ഷിരൂരില്‍ എത്തിക്കുമെന്ന് കര്‍ണാടക എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചു.
ശക്തമായ അടിയൊഴുക്കിനേയും കുത്തിയൊഴുകുന്ന നദിയേയും പ്രതിരോധിച്ച് രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഫ്ലോട്ടിങ് പെന്റൂണുകള്‍ സഹായകരമാകുമെന്നാണ് കരുതുന്നത്. പൊങ്ങിക്കിടക്കുന്ന ചങ്ങാടം പോലുള്ള ഭാരമുള്ള പ്രതലമാണ് ഇവ. ട്രക്ക് ഉണ്ട് എന്ന സിഗ്നല്‍ ലഭിച്ച ഇടങ്ങളില്‍ ഈ സംവിധാനം എത്തിച്ച് മുങ്ങല്‍ വിദഗ്ധര്‍ക്ക് ആഴത്തിലേക്ക് ഇറങ്ങാനുള്ള സൗകര്യം ഒരുക്കാന്‍ സാധിക്കും.
നിലവില്‍ ഡെന്കി ബോട്ടുകള്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് നടത്തുന്നത്. ഇവയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധര്‍ക്ക് ആഴത്തിലേക്ക് കുതിക്കാനുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. എഞ്ചിന് ഓഫ് ചെയ്യുമ്പോള്‍ ഒഴുക്ക് കാരണം ബോട്ട് പലയിടത്തേക്കായി ഒഴുകിപ്പോകുന്ന അവസ്ഥയാണ്. വലിയ അടിയൊഴുക്കുള്ള പ്രദേശമാണ് ഇത്. ഇതിനെ മറികടക്കാനുള്ള ലക്ഷ്യത്തോടെയാണ് ഫ്ലോട്ടിങ് പെന്റൂണുകള്‍ എത്തിക്കുന്നത്.