ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോടുകാരനായ ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് ഒരു മാസം തികയുമ്പോഴും യുവാവിനെ കണ്ടുകിട്ടിയില്ല. ഗംഗാവാലി പുഴയില്‍ വെള്ളിയാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചു.

ഗംഗാവാലി പുഴയില്‍ നിന്ന് കയറും ലോഹ ഭാഗങ്ങളും കണ്ടെടുത്തെങ്കിലും അര്‍ജുന്റെ ലോറിയുടേതാണോ എന്ന് സ്ഥിരീകരിക്കാനായില്ല. ഉച്ചയോടുകൂടി നാവിക സേനാ കുറച്ച് ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വൈകുന്നേരം മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും ലോഹ ഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍, ഇവയൊന്നും കാണാതായ ലോറിയുടേതല്ലെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്.

ഇന്ന് പുഴയില്‍ അടിഞ്ഞ് കൂടിയ മരത്തടികള്‍ ഈശ്വര്‍ മാല്‍പെയും സംഘവും കരക്ക് കയറ്റിയിരുന്നു. അതിനോടൊപ്പമുണ്ടായിരുന്ന കയര്‍ തന്റെ ലോറിയില്‍ മരംകെട്ടാന്‍ ഉപയോഗിച്ചതാണെന്ന് മനാഫ് സ്ഥിരീകരിക്കുന്നുണ്ട്. കണ്ടെത്തിയ ലോഹ ഭാഗങ്ങള്‍ ടാങ്കര്‍ ലോറിയുടേതാകാമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഗംഗാവാലി പുഴ കലങ്ങി ഒഴുകുന്നതിനാല്‍ വെള്ളിയാഴ്ചത്തെ ദൗത്യം ഏറെ കുറേ ദുഷ്‌കരമായിരുന്നു.

പുഴയില്‍ അടിഞ്ഞ് കൂടിയ മരത്തടികള്‍ പുറത്തെത്തിക്കുന്ന ജോലിയാണ് ഇന്ന് കാര്യമായി നടന്നത്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ വടം കെട്ടി ക്രെയിനുകള്‍ ഉപയോഗിച്ചാണ് ഇവ നീക്കം ചെയ്തത്. പുഴയില്‍ അടിഞ്ഞിട്ടുള്ള മണ്ണ് നീക്കം ചെയ്യലാണ് ദൗത്യത്തിലെ പ്രധാനവെല്ലവിളി. പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്യാന്‍ തിങ്കളാഴ്ചയോടെ ഗോവയില്‍ നിന്ന് ഡ്രജര്‍ എത്തുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് ഡ്രജര്‍ എത്താന്‍ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ പറയുന്നത്.

തിങ്കളാഴ്ച ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ തെരച്ചില്‍ നടത്തുക മുങ്ങല്‍ വിദഗ്ധരായിരിക്കും. അനുമതി ലഭിച്ചാല്‍ നേവിയുമെത്തും. അര്‍ജുന്‍ ഓടിച്ച ലോറിയുടെ കയര്‍ കിട്ടിയ ഭാഗത്താണ് ഇന്ന് പരിശോധന നടത്തിയത്. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സംഘാംഗങ്ങള്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവരാണ് ഇന്ന് തിരച്ചിലില്‍ പങ്കാളികളായത്. അര്‍ജുന് പുറമേ കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ നിര്‍ണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ കയറടക്കം കണ്ടെത്തിയതിനാല്‍ അര്‍ജുന്റെ ലോറി പുഴക്കടിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവര്‍ വിവരിച്ചു. ലോറി പുഴക്ക് അടിയില്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഇന്ന് കയര്‍ ലഭിച്ചതെന്നും കളക്ടര്‍ പറഞ്ഞു.