ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ കണ്ടെത്തിയ മൃതദേഹം ജാര്‍ഖണ്ഡ് സ്വദേശിയുടേയതെന്ന് സംശയം. ഷിരൂരില്‍നിന്ന് 55 കിലോമീറ്റര്‍ അകലെ ഹൊന്നാവരയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലില്‍ വല കുടുങ്ങിയ നിലയിലുള്ള മൃതദേഹം കടലില്‍ ഒഴുകിനടക്കുകയായിരുന്നു.

ആറു ദിവസം മുമ്പ് മത്സ്യബന്ധന തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയെ കടലില്‍ കാണാതായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തകരും മൃതദേഹം കരയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കാലില്‍ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം എന്നതു കൊണ്ട് തന്നെ അത് അര്‍ജുന്റേതാകാന്‍ സാധ്യത കുറവാണെന്നാണ് നിഗമനം.

അതേസമയം മൃതദേഹം അര്‍ജുന്റേതാകാന്‍ സാധ്യത കുറവെന്ന് കര്‍ണാടക പൊലീസും അറിയിച്ചു. കടലില്‍ മൃതദേഹം കണ്ടെന്ന മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരം മാത്രമേയുള്ളൂവെന്നും ഇതുവരെ ഒരു മൃതദേഹവും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. തെരച്ചില്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞ കുംട സിഐ, മൃതദേഹം മൂന്ന് ദിവസം മുന്‍പ് കാണാതായ മത്സ്യത്തൊഴിലാളിയുടേതാകാമെന്നും പറഞ്ഞു.

ഗോകര്‍ണ ജില്ലയില്‍ കുംട തീരത്തോട് ചേര്‍ന്ന് അകാനാശിനിപ്പുഴ കടലുമായി ചേരുന്ന അഴിമുഖം അകനാശിനി ബാടയോട് ചേര്‍ന്നാണ് അവസാനമായി മൃതദേഹം കണ്ടത്. ഈ സ്ഥലത്ത് പരിശോധന നടക്കുകയാണ്. മത്സ്യത്തൊഴിലാളി ബോട്ടുകളും ഫയര്‍ഫോഴ്‌സും അടക്കമുള്ളവരാണ് തിരച്ചില്‍ നടത്തുന്നത്. കടലില്‍ രണ്ടിടത്താണ് ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

ധാരേശ്വറിലായിരുന്നു ആദ്യം മൃതദേഹം കണ്ടത്. പിന്നീടാണ് അഗനാശിനി അഴിമുഖത്തിന് അടുത്തും മൃതദേഹം കണ്ടെത്തിയത്. ഈ രണ്ട് സ്ഥലങ്ങള്‍ തമ്മില്‍ അഞ്ച് കിലോമീറ്റര്‍ അകലമുണ്ട്. ഗംഗാവലി പുഴ കടലില്‍ ചേരുന്ന ഭാഗത്ത് നിന്ന് 35 കിലോമീറ്റര്‍ ദൂരെയാണ് അകനാശിനി അഴിമുഖം. അതിനാല്‍ തന്നെ ഇത് അര്‍ജ്ജുന്റെ മൃതദേഹമായിരിക്കാന്‍ നേരിയ സാധ്യത മാത്രമേയുള്ളൂ.

മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് വ്യക്തമാക്കി. കുംട ഭാഗത്ത് പൊലീസിന്റ നേതൃത്വത്തില്‍ കടലില്‍ തെരച്ചില്‍ നടത്തുകയാണ്. കടലില്‍ ഒരു മൃതദേഹം കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞ വിവരം മാത്രമേയുള്ളൂ. മൃതദേഹം കണ്ടെടുത്തതിനുശേഷം മാത്രമേ മറ്റു വിശദാംശങ്ങള്‍ ലഭ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റക്കാഴ്ചയില്‍ സ്ഥിരീകരിക്കാന്‍ സാധിക്കാത്ത നിലയില്‍ ജീര്‍ണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളതെന്നാണ് ഇക്കാര്യം സ്ഥിരീകരിച്ച് ഈശ്വര്‍ മല്‍പെ പറഞ്ഞത്. കാലില്‍ വല കുടുങ്ങിയ നിലയില്‍ പുരുഷ മൃതദേഹമാണ് ലഭിച്ചതെന്നും കൈയ്യില്‍ വളയുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതായും ഈശ്വര്‍ മല്‍പെ അറിയിച്ചിരുന്നു. മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.