ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലിനായി കരസേന ഷിരൂരില്‍ എത്തി രക്ഷാദൗത്യം ഏറ്റെടുത്തു. ബെലഗാവിയില്‍നിന്ന് 40 അംഗസംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി അപകടസ്ഥലത്ത് എത്തിയത്. മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ മൂന്ന് ട്രക്കുകളിലായാണ് സൈന്യമെത്തിയത്. ഇതിനിടെ സൈന്യത്തിനും വെല്ലുവിളിയായി പ്രദേശത്ത് കനത്ത മഴ നിലനില്‍ക്കുന്നുണ്ട്. വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കല്‍. ഷിരൂരില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ട്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്. റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ നേരത്തെ ഇവിടെയുണ്ട്. കോഴിക്കോട് എം.പി. എം.കെ. രാഘവനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സ്ഥലത്തുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ നിലവിലെ സ്ഥിതി വിലയിരുത്തി.

എന്‍.ഡി.ആര്‍.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്‌നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കേരളത്തില്‍നിന്ന് എത്തിയ രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേലടക്കം സ്ഥലത്തുണ്ട്. റഡാറില്‍ സിഗ്‌നല്‍ലഭിച്ച പ്രദേശം കേന്ദ്രീകരിച്ചാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. നേരത്തേ രാവിലെ പത്തുമണിയോടെ സൈന്യം എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ ഉച്ചയ്ക്ക് ശേഷമാണ് സൈന്യമെത്തിയത്.

മഴ കനത്തതോടെ മണ്ണുമാന്ത്ി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണുനീക്കുന്നത് തല്‍ക്കാലം നിര്‍ത്തി. വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് തീരുമാനം. കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ വൈകിട്ടാണ് മണ്ണിനടിയില്‍ ലോഹാവശിഷ്ടം 70 ശതമാനമുണ്ടെന്ന സൂചന റഡാറില്‍ നിന്നും ലഭിച്ചത്.

ഇവിടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. സൈന്യമെത്തിയ സാഹചര്യത്തില്‍ ഇനി അവരുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക. എന്‍ഡിആര്‍ എഫ് പുഴയിലും തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പരിശോധന എട്ടാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി അര്‍ജുന്റെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ആറു നാളായിട്ടും അര്‍ജുനെ കണ്ടെത്താന്‍ ആകാത്തത് ഗുരുതര വീഴ്ച എന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. കണ്ണാടിക്കലില്‍ പ്രതിഷേധ പ്രകടനവും നടന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും സമചിത്തത കൈവിടാതെ ഇന്നലെ വൈകിട്ട് വരെ മാധ്യമങ്ങളോട് പ്രതികരിച്ച അര്‍ജുന്റെ കുടുംബം രാത്രിയോടെ ആകെ തളര്‍ന്നതോടയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയത്.

ഇന്നലെ രാത്രി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്ന് കണ്ണാടിക്കലില്‍ പ്രതിഷേധ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി. ചെറുപ്പം മുതല്‍ അര്‍ജുനുമായി ഏറെ ബന്ധമുള്ള അയല്‍ക്കാര്‍ക്കും മണിക്കൂറുകള്‍ എണ്ണിയുള്ള ഈ കാത്തിരിപ്പ് സമ്മാനിക്കുന്നത് വലിയ വേദനയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് കരസേനയെ നിയോഗിക്കണമെന്നും സന്നദ്ധരായ നാട്ടുകാരെ ഉള്‍പ്പെടെ അവിടേക്ക് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. കരസേന എത്തുന്ന കാര്യം വൈകിട്ടോടെ സ്ഥിരീകരിച്ചിരുന്നു. പ്രതീക്ഷ നശിക്കുകയാണെന്നും നടപടികള്‍ ഇനിയും വൈകിപ്പിക്കരുതെന്നുമായിരുന്നു അര്‍ജുന്റെ മാതാവ് ഒടുവില്‍ പ്രതികരിച്ചത്. അപ്പോഴും പ്രതീക്ഷ കൈവിടാതെ മകനെ ചേര്‍ത്തുപിടിച്ച് അര്‍ജുന്റെ ഫോണ്‍ നമ്പറുകളിലേക്ക് മാറിമാറി വിളിക്കുകയാണ് ഭാര്യ കൃഷ്ണപ്രിയ.

അതിനിടെ അര്‍ജുന്റെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അര്‍ജുന്റെ ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനും കേരളകര്‍ണാടക സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജി. അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അര്‍ജുനെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നാട്ടുകാര്‍ പ്രകടനം നടത്തി. കോഴിക്കോട് തണ്ണീര്‍പന്തലിലാണ് സേവ് അര്‍ജുന്‍ എന്ന പേരില്‍ രൂപീകരിച്ച സമര സമിതി പ്രതിഷേധ പ്രകടന നടത്തിയത്. അര്‍ജുനെ എത്രയും വേഗം കണ്ടെത്തണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം.

ഷിരൂരില്‍ അപകടം നടന്ന സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. കെ.സി വേണുഗോപാല്‍ എംപി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമായാല്‍ കൂടുതല്‍ കൃത്യതയോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലോറിയുള്ള ഭാഗം കണ്ടെത്താന്‍ സാധിക്കുമെന്നാണ് നിഗമനം. ഇന്നലെ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് രണ്ട് തവണയാണ് പരിശോധന നടത്തിയത്.

ഈ പരിശോധനയില്‍ നാല് ഇടങ്ങളിലായി ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതല്‍ സിഗ്‌നല്‍ കിട്ടിയ ഭാഗത്താണ് ഇന്ന് പരിശോധന നടത്തുന്നത്. മീറ്ററുകളോളം ഉയരത്തിലാണ് നിലവില്‍ പ്രദേശത്ത് മണ്ണിടിഞ്ഞിരിക്കുന്നത്. ഇവിടെ ഇനിയും മണ്ണ് ഇടിഞ്ഞു വീണേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇടിഞ്ഞു വീണ മണ്ണിന്റെ പകുതി പോലും ഇതുവരെ മാറ്റാന്‍ സാധിച്ചിട്ടില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്.