കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം ഇന്ത്യന്‍ വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി. ഡ്രാഗണ്‍ ഗ്രേസ് എന്ന പേടകം അണ്‍ഡോക്കിങ് പൂര്‍ത്തിയാക്കി നിലയത്തില്‍നിന്നു വേര്‍പെട്ടു. ശുഭാംശു ഉള്‍പ്പെടെ നാലുപേരും പേടകത്തിന് അകത്തുകയറി 2.37ന് ഹാച്ച് ക്ലോഷ്വര്‍ പൂര്‍ത്തിയായിരുന്നു.

നാളെ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു മൂന്നിനു കലിഫോര്‍ണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വീഴും (സ്പ്ലാഷ് ഡൗണ്‍). രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി 18 ദിവസങ്ങള്‍ക്കുശേഷമാണ് മടങ്ങിവരവ്. തുടര്‍ന്ന് യാത്രികരെ സ്‌പേസ്എക്‌സ് കപ്പലിലേറ്റി തീരത്തേക്കു കൊണ്ടുപോകും. ഒരാഴ്ചക്കാലം നാസയുടെ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററിലാണ് ഇവരുടെ പോസ്റ്റ്-ഫ്‌ലൈറ്റ് റീഹാബിലിറ്റേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ശുഭാംശു ഉള്‍പ്പെടെ യാത്രികര്‍ ഒരാഴ്ച വിദഗ്‌ധോപദേശ പ്രകാരം വിശ്രമിക്കും. ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴുദിവസം ശുഭാംശു അവിടെയായിരിക്കും. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു.

വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയെക്കൂടാതെ പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് മറ്റു യാത്രക്കാര്‍. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ പേടകം കാലിഫോര്‍ണിയാ തീരത്തിനടുത്ത് ശാന്തസമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യുമെന്നാണ് വിവരം. നാസയുടെയും സ്പേസ് എക്സിന്റെയും മിഷന്‍ കണ്‍ട്രോളില്‍നിന്ന് അന്തിമ അനുമതി ലഭിച്ചശേഷമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുത്തിയത്. പേടകത്തിന്റെ ഫ്ളൈറ്റ് കമ്പ്യൂട്ടറാണ് മടക്കയാത്ര മുഴുവന്‍ നിയന്ത്രിക്കുന്നത്. നാല് ബഹിരാകാശ യാത്രികരും മടക്കയാത്രയ്ക്കിടെ നിര്‍ദ്ദേശങ്ങളൊന്നും നല്‍കേണ്ടതില്ല. പൂര്‍ണ്ണമായും സ്വയം നിയന്ത്രിച്ചാവും ഡ്രാഗണ്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങുക.

അണ്‍ഡോക്ക് ചെയ്യുന്നതിനുമുമ്പ് പേടകത്തിന്റെ വാതില്‍ അടയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് എക്സ്പെഡിഷന്‍ 73 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലുള്ള മറ്റ് ഏഴ് ശാസ്ത്രജ്ഞര്‍ നാല്‍വര്‍സംഘത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരുന്നു. ആറ് രാജ്യങ്ങളില്‍നിന്നുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇവര്‍ നേരത്തേ സംഘാംഗങ്ങള്‍ക്ക് വിരുന്നും നല്‍കിയിരുന്നു. മാമ്പഴംകൊണ്ടുള്ള മറാത്തിവിഭവമായ ആംരസും കാരറ്റ് ഹല്‍വയും ഉള്‍പ്പെട്ട വിരുന്നാണ് ശാസ്ത്രജ്ഞര്‍ ശുഭാംശു ഉള്‍പ്പെട്ട സംഘത്തിന് നല്‍കിയത്.

ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 4:45-നാണ് നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേര്‍പ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4 ക്രൂവിലുള്ളത്.

ജൂണ്‍ 26-നാണ് ആക്‌സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ ആക്‌സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാര്‍ഗോ ഗ്രേസില്‍ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരുന്നുണ്ട്.

സ്പ്ലാഷ്ഡൗണ്‍ നാളെ

ഇരുപത്തിരണ്ടര മണിക്കൂറെടുക്കും ഡ്രാഗണ്‍ ഗ്രേസ് പേടകം ഭൂമിയിലെത്താന്‍. നാളെ ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് പേടകം കാലിഫോര്‍ണിയക്കടുത്ത് ശാന്ത സമുദ്രത്തില്‍ ഇറങ്ങുമെന്നാണ് നിലവിലെ അറിയിപ്പ്. എന്നാല്‍ സ്പ്ലാഷ്ഡൗണ്‍ സമയം കാലിഫോര്‍ണിയയിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കും.

ഇന്ത്യ കാത്തിരിക്കുന്നു

ഭൂമിയില്‍ തിരിച്ചെത്തിക്കഴിഞ്ഞാല്‍ ഏഴ് ദിവസം നാല് ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ. ആക്‌സിയം 4 ദൗത്യ സംഘം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കാലിഫോര്‍ണിയക്കടുത്ത് കടലില്‍ ഇറങ്ങിയാല്‍ സ്‌പേസ്എക്സിന്റെ റിക്കവറി കപ്പല്‍ അവരെ തീരത്തേക്ക് കൊണ്ടുപോകും. ഇതിന് ശേഷം ഒരാഴ്ചക്കാലം നാസയുടെ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററിലാണ് ഇവരുടെ പോസ്റ്റ്-ഫ്‌ലൈറ്റ് റീഹാബിലിറ്റേഷന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാല്‍ ഭൂമിയിലെ ഗുരുത്വബലം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികര്‍ക്ക് ഈ വിശ്രമം.