കൊച്ചി: തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടന്‍ സിദ്ദിഖ്. ഡിജിപിക്കാണ് നടന്‍ പരാതി നല്‍കിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ സിദ്ദിഖ് പറയുന്നു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു.

ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ സിദ്ദിഖ് പറയുന്നു. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നത്. ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. 2018 ല്‍ താന്‍ മോശമായ വാക്കുകള്‍ പ്രയോഗിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് ഉപദ്രവിച്ചുവെന്നായി ആരോപണം. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് പോയപ്പോഴാണ് ഇവരെ കണ്ടത്. മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ ഇവരെ കണ്ടിട്ടില്ല. ഞാന്‍ അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ല. ശാരീരികവുമായി ഉപദ്രവിച്ചിട്ടില്ല.

തനിക്കെതിരേ മാത്രമല്ല മറ്റു പതിനാല് പേര്‍ക്കെതിരേ ഈ വ്യക്തി ഫെയ്സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചു. ഈ വ്യക്തിയ്ക്ക് വ്യക്തമായ അജണ്ടയുണ്ട്. തനിക്കെതിരേ മാത്രമല്ല 'അമ്മ'യുടെ അന്തസ്സ് തകര്‍ക്കുന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. ജനശ്രദ്ധ പിടിച്ചു പറ്റാനാണ് അവരുടെ ശ്രമം. താന്‍ മാത്രമല്ല മറ്റു വ്യക്തികളും അവരുടെ ഇരയായിട്ടുണ്ട്. ഈ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പിറകിലെ സത്യം പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. അതിനായി വേണ്ട നടപടി എടുക്കണമെന്ന് താന്‍ അഭ്യര്‍ഥിക്കുന്നു- സിദ്ദിഖ് കത്തില്‍ പറയുന്നു.

'അമ്മ'യ്ക്ക് എതിരെ ഒരു ആരോപണം ഉണ്ടായപ്പോള്‍ താനും അന്തരിച്ച നടി കെപിഎസി ലളിതയും ചേര്‍ന്ന് ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടി തനിയ്ക്ക് എതിരെ ആദ്യ പോസ്റ്റ് ഇട്ടത്. താന്‍ അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യു ഷോയ്ക്ക് എത്തിയപ്പോള്‍ രേവതിയോട് മോശമായി സംസാരിച്ചു എന്നായിരുന്നു അത്. പിന്നീട് പലതവണ സോഷ്യല്‍ മീഡിയകള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും വ്യത്യസ്തമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചത്.

ചില സമയങ്ങളില്‍ താന്‍ മോശമായി സംസാരിച്ചുവെന്നും പിന്നീട് ബലാത്സംഗം ചെയ്തു എന്നും പറയുകയുണ്ടായെന്ന് സിദ്ദിഖ് പരാതിയില്‍ പറയുന്നു. ഒരുഘട്ടത്തില്‍ പോക്‌സോ കേസ് വരുന്ന തരത്തില്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ് താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതെന്നാണ് നടി ആരോപിച്ചത്. ഇത്തരത്തില്‍ വ്യത്യസത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ ഒരു പ്രത്യേക അജണ്ട ഉണ്ടെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു.

ചൈനയില്‍ മെഡിസിന്‍ പഠിക്കാന്‍ പോയ രേവതി സമ്പത്ത്, സഹപാഠിയുടെ നഗ്‌ന ഫോട്ടോ എടുത്തുവെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും പുറത്താക്കിയെന്നും ഒരു ഫാഷന്‍ ഷോ കോഡിനേറ്റര്‍ വഴി താന്‍ കേട്ടിട്ടുണ്ടെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നുണ്ട്. രേവതി സമ്പത്തിനെ ഒരു ദിവസം മാത്രമാണ് കണ്ടിട്ടുള്ളത്. 2016 ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് കണ്ടിട്ടുള്ളതെന്നും പരാതിയില്‍ സിദ്ദിഖ് പറയുന്നുണ്ട്. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോയില്‍ വച്ചായിരുന്നു ഇത്. പക്ഷേ ഈ ആരോപണം ഉന്നയിക്കുന്നത് പോലെ യാതൊരുവിധ സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നും അന്ന് രക്ഷിതാക്കള്‍ക്ക് ഒപ്പമാണ് നടി വന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞദിവസമാണ് നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയായിരുന്നു രാജി. രാജി സംബന്ധിച്ച്. നിലവില്‍ ഊട്ടിയിലാണ് താനെന്നും തിരിച്ച് കേരളത്തിലെത്തിയതിന് ശേഷം പ്രതികരിക്കാമെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞു.

നടിയുടെ ആരോപണത്തിലെ പ്രസക്തഭാഗങ്ങള്‍

"പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. അന്ന് എനിക്ക് 21 വയസ്സാണ്. മോളേ... എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്ന് രക്ഷപ്പെട്ടതാണ്.

സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം.

ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് മാത്രമല്ല എന്റെ പല സുഹൃത്തുക്കള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. 2019-ല്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍നിന്നുതന്നെ മാറ്റിനിര്‍ത്തി. എനിക്കൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടാണ് സധൈര്യം തുറന്ന് പറയുന്നത്', നടി പറഞ്ഞു.