- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വകാര്യ വാഹനത്തില്‍ അജ്ഞാതരായ പോലീസ് ഉദ്യോഗസ്ഥര്‍ പിന്തടരുന്നു; പോലീസ് മേധാവിക്ക് പരാതി നല്കി; പൊലീസ് ആവശ്യപ്പെട്ടതില്‍ കൈവശമുള്ളതെല്ലാം നല്കി'; ബലാത്സംഗക്കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്
നീക്കം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായിയെന്നും പൊലീസ് ആവശ്യപ്പെട്ടതില്‍ തന്റെ കൈവശമുള്ള തെളിവുകളും ഫോണ്‍ നമ്പര്‍ വിവരങ്ങളും കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അജ്ഞാതരായ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പിന്തുടരുന്നുവെന്നും ഇത് സംബന്ധിച്ച് താന്‍ പരാതി നല്‍കിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.ഈ പരാതിയില്‍ പൊലീസ് നല്‍കിയ രേഖാമൂലമുള്ള മറുപടിയും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ തന്നെ പിന്തുടരുന്നത്. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തിങ്കളാഴ്ച അദ്ദേഹം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സ്വകാര്യ വാഹനത്തില്‍ അജ്ഞാതരായ വ്യക്തികള്‍ തന്നേയും കുടുംബത്തേയും പിന്തുടരുന്നു. ഇക്കാര്യം പോലീസ് കണ്‍ട്രോള്‍ റൂമിലും സ്റ്റേഷനിലും അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പിന്തുടരുന്നതെന്ന് തനിക്ക് വ്യക്തമായതായും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോഴൊക്കെ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. പോലീസ് ആവശ്യപ്പെട്ടതില്‍ തന്റെ കൈവശമുള്ളത് കൈമാറി. ഫോണ്‍ നമ്പര്‍ വിവരങ്ങളും കൈമാറിയിട്ടുണ്ട്. എന്നാല്‍, പഴയ ഫോണുകള്‍ തന്റെ കൈയിലില്ലെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചു.
അതേസമയം, സിദ്ദിഖിനെതിരെ ശക്തമായ പരാമര്‍ശങ്ങളുമായി കഴിഞ്ഞ ദിവസം സംസ്ഥാനം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചരിത്രം നായകനായി വാഴ്ത്തുന്നതിന് മുമ്പ് നടന്‍ സിദ്ദിഖിന്റെ കള്ളി വെളിച്ചത്തു കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പലതും മറന്ന് പോയെന്ന ഉത്തരമാണ് പ്രതി നല്‍കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങള്‍ കൈമാറാന്‍ തയ്യാറായില്ലെന്നും സര്‍ക്കാര്‍ സുപീംകോടതിയെ അറിയിച്ചു.
വരുംതലമുറ സിദ്ദിഖിനെ സര്‍വ്വാദരണീയനായി വാഴ്ത്തുന്ന സാഹചര്യം ഉണ്ടാകും. സിദ്ദിഖിന്റെ യഥാര്‍ഥ സ്വഭാവം വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്. ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
ബലാത്സംഗക്കേസില്‍ സിദ്ദിഖിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഇനി പരിഗണിക്കുന്നതിനുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കു മുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് 2016-ല്‍ തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് സിദ്ദിഖിനെതിരായ അതിജീവിതയുടെ പരാതി.