കോഴിക്കോട്: പൂക്കോട് സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ എംആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

ഇതിനുപുറമെ സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ഉള്ള മുന്‍ ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും എതിരെ കൂടുതല്‍ നടപടിക്കും നീക്കമുണ്ട്. ഡീന്‍ എം. കെ. നാരായണനും അസി. വാര്‍ഡന്‍ ഡോ. ആര്‍.കാന്തനാഥനും വീഴ്ചപറ്റിയെന്നാണ് ചാന്‍സലറായ ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. ഇരുവര്‍ക്കും എതിരെ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ട്. നിലവില്‍ രണ്ടു പേരും സസ്‌പെന്‍ഷനിലാണ്.

ഗവര്‍ണര്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി. 45 ദിവസത്തിനകം ഇരുവര്‍ക്കും എതിരെ എന്ത് നടപടി എടുത്തെന്നു അറിയിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ നാലീഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ വിലയിരുത്തല്‍ മാനേജ്‌മെന്റ് കൗണ്‍സിലില്‍ വെയ്ക്കും. മുന്‍ വിസി എം. ആര്‍. ശശീന്ദ്രനാഥിനും വീഴ്ച പറ്റിയെന്നു കണ്ടെത്തിയിരുന്നു.

പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷന്‍ നേരത്തെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വൈസ് ചാന്‍സിലര്‍ക്ക് വീഴ്ച പറ്റി എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പരാതി ഉയര്‍ന്നിട്ടും സമയബന്ധിതമായി വിസി നടപടി എടുത്തില്ലെന്ന് ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വിസിയായിരുന്ന എം ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു. മാര്‍ച്ചിലാണ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ഗവര്‍ണര്‍ നിയമിച്ചത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 20 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മര്‍ദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയെന്നാണ് കേസ്.