കൊച്ചി: കോണ്‍ഗ്രസില്‍, പ്രവര്‍ത്തിച്ച പലരെയും മറികടന്ന് സ്ഥാനങ്ങള്‍ നേടിയ ആളാണ് ജെബി മേത്തറെന്ന് സിമി റോസ്‌ബെല്‍ ജോണ്‍. കോണ്‍ഗ്രസിനകത്ത് പ്രവര്‍ത്തിക്കുന്ന പല വനിതകളും തഴയപ്പെട്ടെന്നും സിമി ആരോപിച്ചു.പാര്‍ട്ടിക്കകത്ത് പീഡനപരാതികള്‍ പലര്‍ക്കും ഉണ്ട്. തന്റെ കയ്യില്‍ തെളിവുണ്ട്. അവരുടെ അനുവാദം ഇല്ലാത്തത് കൊണ്ടാണ് പുറത്ത് പറയാത്തതെന്നും അവര്‍ പറഞ്ഞു.

അതേസമയം, സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്നും ഇന്നലെ പുറത്താക്കിയിരുന്നു. സിമി ഗുരുതരമായ അച്ചടക്കലംഘനമാണ് കാണിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ എഐസിസി- കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കോണ്‍ഗ്രസ് വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, പി കെ ജയലക്ഷ്മി, ദീപ്തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല, കെ എ തുളസി, ജെബി മേത്തര്‍ എം പി എന്നിവരാണ് പരാതിയുമായി എഐസിസി - കെപിസിസി നേതൃത്വത്തെ സമീപിച്ചത്. ചുരുങ്ങിയ കാലം കൊണ്ടു കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കാവുന്ന അധികാര പദവികളും ആനുകൂല്യങ്ങളും പറ്റിയശേഷം സിമി റോസ്‌ബെല്‍ ജോണ്‍ പാര്‍ട്ടിയെ സമൂഹമധ്യത്തില്‍ താറടിക്കാന്‍ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി നിന്നു കൊടുത്തെന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നത്.

കോണ്‍ഗ്രസില്‍ വി ഡി സതീശന്റെ നേതൃത്വത്തില്‍ പവര്‍ഗ്രൂപ്പുണ്ടെന്നും പദവികള്‍ അര്‍ഹരായിട്ടുള്ള വനിതകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും സിമി റോസ്‌ബെല്‍ ആരോപിച്ചിരുന്നു. ഹൈബി ഈഡന്‍ എംപിയും വിനോദ് എംഎല്‍എയും ദീപ്തി മേരി വര്‍ഗീസും തന്നെ തടയാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചതിന് കൈയും കണക്കുമില്ലെന്നും സിമി പറഞ്ഞിരുന്നു. പിഎസ് സി അംഗത്വം ലഭിച്ചതല്ലേ, ഇനി വീട്ടിലിരിക്കട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് തന്നോട് പറഞ്ഞത്. സൗഭാഗ്യങ്ങള്‍ വേണ്ടെന്നും വച്ചും ഏറെ ത്യാഗം സഹിച്ചുമാണ് ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അതിന് അദ്ദേഹത്തിന്റെ ആട്ടും തുപ്പും സഹിക്കാന്‍ മാത്രം അധപതിച്ചിട്ടില്ലെന്നും സിമി റോസ്‌ബെല്‍ പറഞ്ഞിരുന്നു.
സതീശന്റെ ഗുഡ്ബുക്കില്‍ തനിക്കിടം നേടാനായില്ലെന്നും അദ്ദേഹം ഉദ്ദേശിച്ചതുപോലെ വഴങ്ങാത്തതിനാലാണ് അതില്‍ ഇടംപിടിക്കാനാവാതെ പോയതെന്നുമായിരുന്നു സിമിയുടെ ആരോപണം.