പ്രയാഗ് രാജ്: ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചു വാചാലനായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണമൂര്‍ത്തി. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ജനസംഖ്യ കുതിച്ചുയരുന്നതാണെന്ന് നാരാണയ മൂര്‍ത്തി പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് അടിയന്തരാവസ്ഥ കാലം മുതല്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രയാഗ്രാജിലെ മോത്തിലാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനസംഖ്യ, പ്രതിശീര്‍ഷ ഭൂമി ലഭ്യത, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ അടക്കമുള്ളവയില്‍ ഇന്ത്യ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അടിയന്തരാവസ്ഥ കാലം മുതല്‍ ഇന്ത്യക്കാര്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇത് നമ്മുടെ രാജ്യത്തിന്റെ അസ്ഥിരത വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യപ്പെടുത്തുമ്പോള്‍, യുഎസ്, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ആളോഹരി ഭൂമി ലഭ്യത വളരെ കൂടുതലാണ്'- നാരായണ മൂര്‍ത്തി പറഞ്ഞു.

ഒരു യഥാര്‍ത്ഥ പ്രൊഫഷണലിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അടുത്ത തലമുറയുടെ ജീവിത രീതി മെച്ചപ്പെടുത്താന്‍ ഈ ഒരു തലമുറ ചില ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും. എന്റെ മാതാപിതാക്കളും സഹോദരങ്ങളും അദ്ധ്യാപകരും എന്റെ പുരോഗതിക്കായി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അവരുടെ ത്യാഗങ്ങള്‍ വെറുതെയായില്ല എന്നതിന്റെ തെളിവാണ് ഞാന്‍ ഇന്ന് ഇവിടെ മുഖ്യാതിഥിയായി ഇരിക്കുന്നത്'- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ 1,670 ബിരുദങ്ങള്‍ നല്‍കി. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 34 സ്വര്‍ണ്ണ മെഡലുകള്‍ ലഭിച്ചു, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 13 സ്വര്‍ണ്ണ മെഡലുകള്‍ ലഭിച്ചു. നേരത്തെ രാജ്യത്തിന്റെ തൊഴില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിക്കാന്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ യുവാക്കള്‍ തയ്യാറാവണമെന്ന നാരായണമൂര്‍ത്തിയുടെ വാക്കുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ലോകത്ത് തൊഴില്‍ ഉല്‍പ്പാദനക്ഷമത ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. തൊഴില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്ന സംസ്‌കാരത്തിലേക്ക് നയിക്കുന്നതിന് രാജ്യത്തെ യുവജനങ്ങള്‍ സംഭാവന നല്‍കണം. എങ്കില്‍ മാത്രമേ ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഫലപ്രദമായി മത്സരിക്കാന്‍ സാധിക്കൂ. ഇതിന് വേണ്ടി ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ യുവാക്കള്‍ തയ്യാറാവണമെന്നാണ് നാരായണ മൂര്‍ത്തി ആഹ്വാനം ചെയ്തത്. പോഡ്കാസ്റ്റിലായിരുന്നു നാരായണ മൂര്‍ത്തിയുടെ വാക്കുകള്‍. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ്ത്.

ജപ്പാന്‍, ജര്‍മനി എന്നി രാജ്യങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു നാരായണ മൂര്‍ത്തി ഇക്കാര്യം വിശദീകരിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഈ രണ്ടു രാജ്യങ്ങള്‍ തൊഴില്‍ സമയം നീട്ടുന്നത് നടപ്പാക്കി. അതിന്റെ പ്രയോജനം ആ രാജ്യങ്ങളില്‍ കാണാമെന്നും നാരായണ മൂര്‍ത്തി ഓര്‍മ്മിപ്പിച്ചു. മുന്‍പും സമാനമായ നിലയില്‍ കോര്‍പ്പറേറ്റ് തലവന്മാര്‍ ഇത്തരത്തില്‍ അഭിപ്രായം മുന്നോട്ടുവെച്ചിട്ടുണ്ട്.