തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് എസ്‌ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് എസ്ഐആറിന് തുടക്കം കുറിച്ചത്.

പുതുക്കിയ വോട്ടര്‍പട്ടികയില്‍ യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് സമഗ്രവും തെറ്റില്ലാത്തതുമായ വോട്ടര്‍ പട്ടിക അനിവാര്യമാണ്. വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാനും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

എന്യൂമറേഷന്‍ ഫോമിന്റെ അച്ചടി തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്നാണ് സൂചന. സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നവംബര്‍ 4 ന് തുടക്കം കുറിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. അതേസമയം എസ്ഐആറിനെ കോണ്‍ഗ്രസും ഇടതുപക്ഷവും എതിര്‍ക്കുകയാണ്. എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം അഥവാ സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) നടപ്പാക്കാനുള്ള നടപടികളിലേക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ കടക്കുന്നത്. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കിയിട്ടില്ലെന്നും അര്‍ഹരല്ലാത്ത ഒരാളും ഉള്‍പ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കാനുള്ള നടപടിയാണ് എസ്.ഐ.ആര്‍. 2002ലെ വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കിയാണ് എസ്.ഐ.ആര്‍ നടത്തുന്നത്. പുതിയ പേരുകള്‍ ഇടക്ക് കൂട്ടിച്ചേര്‍ക്കാറുണ്ടെങ്കിലും മരണമടഞ്ഞവര്‍ വരെ പട്ടികയില്‍ തുടരുന്നതായി കാണാം. ഒന്നിലേറെ സ്ഥലങ്ങളില്‍ വോട്ടുണ്ടാകുന്നതും പലപ്പോഴും വിവാദമാകാറുണ്ട്. അത്തരം അപാകങ്ങളെല്ലാം പരിഹരിച്ച് പട്ടിക ശുദ്ധീകരിക്കാന്‍ എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് കമീഷന്‍ ലക്ഷ്യമിടുന്നു.

ഇന്ത്യന്‍ പൗരരായ, 18 വയസ്സ് പൂര്‍ത്തിയായ, മണ്ഡലത്തിലെ സ്ഥിരതാമസക്കാരെയാണ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുക. 2002ലെ പട്ടികയിലുള്ളവര്‍ക്കും അവരുടെ മക്കള്‍ക്കും പൗരത്വം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതില്ല. 2002ലെ പട്ടികയില്‍ ബന്ധുക്കള്‍ ഉള്ളവര്‍ക്കും ഇളവു നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും, അതില്‍ വ്യക്തതയില്ല.

എസ്.ഐ.ആര്‍ നടപ്പാക്കുന്നത് ഇങ്ങനെ

ഓരോ ബൂത്തിലും ശരാശരി 1000 വോട്ടര്‍മാര്‍ ഉണ്ടാകും. ചിലയിടത്ത് ഇത് 1200 വരെ പോകും. ബൂത്തുകളില്‍ നിയമിക്കുന്ന ബൂത്ത് ലെവല്‍ ഓഫിസര്‍ (ബി.എല്‍.ഒ) നിലവിലെ വോട്ടര്‍മാര്‍ക്ക് എന്യൂമറേഷന്‍ ഫോമുകള്‍ എത്തിക്കും. പുതുതായി വോട്ട് ചേര്‍ക്കാന്‍ ഫോം സിക്‌സും ഒഴിവാക്കാന്‍ ഫോം സെവനും തിരുത്താനോ വോട്ടുമാറ്റാനോ ഫോം എയ്റ്റുമാണ് നല്‍കേണ്ടത്. താല്‍ക്കാലികമായി സ്ഥലംമാറി നില്‍ക്കുന്നവര്‍ക്ക് ഓണ്‍ലൈനായും ഫോം സമര്‍പ്പിക്കാം.

അതായത് മരിച്ചുപോയവരെയും താമസം മാറിയവരെയും ഒന്നിലേറെ സ്ഥലങ്ങളില്‍ വോട്ടുള്ളവരെയും തിരിച്ചറിയേണ്ടത് ബി.എല്‍.ഒമാരാണ്. ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ കരടു വോട്ടര്‍പട്ടിക തയാറാക്കേണ്ടത് നിയമസഭാ മണ്ഡലത്തില്‍ നിയോഗിച്ചിട്ടുള്ള ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസറാണ്. രേഖ ആവശ്യമുള്ളവര്‍ക്ക് ഇ.ആര്‍.ഒ നോട്ടീസ് അയക്കും. പിന്നീട് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ ആദ്യം ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. പരിഹാരമായില്ലെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണറെ സമീപിക്കാനുള്ള അവസരവും സമ്മതിദായകര്‍ക്ക് ഉണ്ടായിരിക്കും.

2002ലെ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തവര്‍ ചെയ്യേണ്ടത്

കേരളത്തില്‍ 2002ലെ വോട്ടര്‍പട്ടികയില്‍ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ ഇല്ലാത്തവരെ ജനന തീയതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ മൂന്നായി തരംതിരിച്ചിട്ടുണ്ട്. വോട്ടവകാശം ലഭിക്കാന്‍ ഇവര്‍ സമര്‍പ്പിക്കേണ്ട രേഖകളും കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവര്‍: സ്വന്തം ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ സമര്‍പ്പിക്കണം.

1987 ജൂലൈ ഒന്നിനും 2004 ഡിസംബര്‍ രണ്ടിനുമിടയില്‍ ജനിച്ചവര്‍: സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ മാതാവിന്റെയോ പിതാവിന്റെയോ ഏതെങ്കിലുമൊരാളുടെ ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കണം.

2004 ഡിസംബര്‍ രണ്ടിന് ശേഷം ജനിച്ചവര്‍: സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ രക്ഷിതാക്കളില്‍ മാതാവിന്റെയും പിതാവിന്റെയും ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കണം. വോട്ടറുടെ രക്ഷിതാക്കളില്‍ ആരെങ്കിലും ഇന്ത്യന്‍ പൗരന്‍ അല്ലെങ്കില്‍ ജനന സമയത്തുള്ള രക്ഷിതാവിന്റെ വിസയുടെയും പാസ്?പോര്‍ട്ടിന്റെയും പകര്‍പ്പ് നല്‍കണം.

പേരുള്ളവരും അപേക്ഷ നല്‍കണം

2002 വോട്ടര്‍ പട്ടികയില്‍ സ്വന്തം പേരുള്ളവരും മാതാപിതാക്കളുടെ പേരുള്ളവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കണം. എന്നാല്‍ അവര്‍ അപേക്ഷക്കൊപ്പം പൗരത്വം തെളിയിക്കുന്നതിനുള്ള 12 രേഖകളില്‍ ഒന്നും സമര്‍പ്പിക്കേണ്ടതില്ല. കമീഷന്‍ പ്രസിദ്ധീകരിച്ച 2002ലെ വോട്ടര്‍പട്ടികയില്‍ പേരുള്ളതിന്റെ രേഖ നല്‍കിയാല്‍ മതി.

പൗരത്വം തെളിയിക്കാന്‍ ഹാജരാക്കാവുന്ന രേഖകള്‍

സര്‍ക്കാര്‍ ജീവനക്കാരെങ്കില്‍ ഐഡി കാര്‍ഡ്, പെന്‍ഷനറെങ്കില്‍ പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍

സര്‍ക്കാര്‍, പ്രാദേശിക ഭരണകൂടങ്ങള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫിസുകള്‍, എല്‍.ഐ.സി പൊതുമേഖലാ ബാങ്കുകള്‍ 1987നു മുമ്പ് ഇഷ്യു ചെയ്ത ഐ.ഡി കാര്‍ഡുകള്‍

ജനന സര്‍ട്ടിഫിക്കറ്റ്

പാസ്‌പോര്‍ട്ട്

സര്‍വകലാശാലകളും ബോര്‍ഡുകളും നല്‍കുന്ന വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്

സ്ഥിരതാമസം തെളിയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ്

വനാവകാശ സര്‍ട്ടിഫിക്കറ്റ്

ജാതി സര്‍ട്ടിഫിക്കറ്റ്

നാഷനല്‍ രജിസ്ട്രാര്‍ ഓഫ് സിറ്റിസന്‍സ്

സംസ്ഥാനം തയാറാക്കുന്ന ഫാമിലി രജിസ്റ്റര്‍

സര്‍ക്കാര്‍ ഭൂമിയോ വീടോ അനുവദിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്

ആധാര്‍